Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

 

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്‍റെ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. 15 ആനകളെ എഴുന്നളളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഡോ. കെ ശിവപ്രസാദിനെ എപിജെ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഡോ.കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു. ഈ പാനലിൽ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ഗവർണർ കോടതിയെ അറിയിച്ചു.

 

പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും സൂപ്പർ വൈസർ, ഡിപ്പോ എൻജിനീയർ എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.

 

കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു പൊലീസ് . പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. കൂടെ മുറിയെടുത്ത തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

 

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു. 2028 ഓടുകൂടി പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിൽ ജോലി നൽകും. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

 

സംസ്ഥാനത്തെ ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഈ കാര്യം അറിയിച്ചത്. ഐടിഐകളിൽ ശനിയാഴ്ച അവധി ദിവസവുമാക്കിയിട്ടുണ്ട് .ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനം.

 

എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരെ മുന്നിൽ നിർത്തി സിപിഎം തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ഹിറാ സെന്‍ററിൽ ഏത് സി പി എം നേതാവാണ് പോവാത്തത്..സിപിഎമ്മിനെ അനുകൂലിച്ചാൽ നല്ല പാർട്ടി എതിർത്താൽ മോശം പാർട്ടി ഇതാണ് അവരുടെ നിലപാട് എന്നും അദ്ദേഹം വിമർശിച്ചു.

 

സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു.അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.

 

പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ. പതിനേഴുകാരിയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പെൺകുട്ടിയെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

 

വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായി. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു.

 

തൃശൂര്‍ വടക്കാഞ്ചേരി വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശം എന്‍.എസ്.എസിന് ആണെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. കേരള ഹൈക്കോടതി വിധിക്കെതിരേ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീര്‍ഥ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി.

നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

 

കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയുമായി ന​ഗരസഭ. ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിം​ഗ് സ്ഥാപനം ന​ഗരസഭ അടപ്പിച്ചു. എംഎം റോഡിലാണ് ഈ സ്ഥാനപനം പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്.

 

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്രന്യൂനമർദം രൂപപ്പെട്ടതിനാൽ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.തെക്കൻ കേരള തീരത്ത് ഇന്ന് മുതൽ നവംബർ 30 വരെയും കേരള തീരത്ത് ഡിസംബർ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കർണാടക തീരം- ലക്ഷദ്വീപ് പ്രദേശങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

കളമശ്ശേരിയിലെ വീട്ടമ ജെയ്‍സി എബ്രഹാമിന്‍റെ കൊലപാതകക്കേസില്‍ പ്രതി ഗിരീഷ് ബാബു കവര്‍ന്ന ഫോണുകള്‍ക്കായി പാറമടയില്‍ മുങ്ങി പരിശോധന. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതി പാറമടയിലേക്ക് എറിഞ്ഞ രണ്ട് ഫോണുകളും കണ്ടെത്തി. കഴിഞ്ഞ പതിനേഴിനായിരുന്നു കളമശ്ശേരിയിലെ ഫ്ലാറ്റില്‍ ജെയ്സിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണത്തിനായുള്ള ചര്‍ച്ചയുമായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ . ദേവേന്ദ്ര ഫഡ്‌നവിസും ഏക്‌നാഥ് ഷിന്ദേയും അജിത് പവാറും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി. നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കുതന്നെ ആയിരിക്കുമെന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയും ഏക്‌നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയുമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു . ഇന്ത്യ സഖ്യമാണ് ജാർഖണ്ഡിൽ അധികാരമേറ്റത്. സംസ്ഥാനത്തിൻ്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിൻ്റെ ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഉദയനിധി സ്റ്റാലിൽ തുടങ്ങിയവർ സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ ചടങ്ങിൽ പങ്കെടുത്തു.

 

പഞ്ചാബിലെ ഗുരുദാസ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ നവീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനത്തിനിടയാണ് റോക്കറ്റ് ലോഞ്ചറുകൾ ലഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

 

ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരയുന്ന പ്രതിയാണ് സൽമാൻ. സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്‍ററിന്‍റെ നേതൃത്വത്തിൽ എൻഐഎയുടെയും ഇന്‍റർപോളിന്‍റെ കിഗാലിയിലെ നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി സൗളി ബിലുവെെറ്റെ സംവിധാനം ചെയ്ത ലിത്വാനിയൻ ചിത്രം ‘ടോക്സിക്’. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസ്സിക്ക് നൽകി.

 

ഡല്‍ഹിയില്‍ വായുമലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍- നാല് അനുസരിച്ചുള്ള നടപടികള്‍ ഡിസംബർ രണ്ടുവരെ തുടരാൻ നിർദേശിച്ച് സുപ്രീം കോടതി. സ്‌കൂളുകളെയും കോളേജുകളെയും ഈ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് യോഗത്തില്‍ ജി.ആര്‍.എ.പി മൂന്നിലേക്കോ രണ്ടിലേക്കോ ചുരുക്കികൊണ്ടുവരുന്നതില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റുചെയ്ത ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്ന് മുന്‍ ബംഗ്ലാദേശ് പ്രസിഡന്റും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. അറസ്റ്റ് അനീതിയാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ യൂനുസ് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും ഷെയ്ഖ് ഹസീന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയുടെ ദയനീയ തോല്‍വിക്കു കാരണം കോണ്‍ഗ്രസിന്റെ മനോഭാവമാണെന്ന വിമര്‍ശനവുമായി ഉദ്ധവ് താക്കറെ ശിവസേന നേതാവ്. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസവും സീറ്റ് വിഭജനത്തിലെ മനോഭാവവുമാണ് മുന്നണി കനത്ത പരാജയം നേരിടാന്‍ കാരണമെന്ന് നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷനേതാവ് അംബാദാസ് ദാന്‍വേ പറഞ്ഞു. സഖ്യം ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കേണ്ടിയിരുന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫസ് ക്ലോക്കിങ് സിസ്റ്റം ആണ് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചത്. കാണ്‍പുര്‍ ഐഐടിയാണ് പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയകരുത്തായിമാറിയ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘാതില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്നാവികസേന. 3500 കിലോമീറ്റര്‍ റെയ്ഞ്ചിലുള്ള കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍ ആണ് ബേ ഓഫ് ബംഗാളില്‍വെച്ച് പരീക്ഷിച്ചത്.

 

തന്‍റെ സർക്കാരിന്‍റെ കാലത്ത് അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിലെ സർക്കാർ ജീവനക്കാർക്ക് കോടികൾ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. സൗരോര്‍ജ ഇടപാടിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളിയ ജഗന്‍, കരാര്‍ രണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍.തമ്മിലായിരുന്നെന്ന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്, പാകിസ്താനുപുറമേ മറ്റൊരു വേദിയിലും നടത്താനുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കത്തോട് എതിര്‍പ്പ് അറിയിച്ച് പാകിസ്താന്‍. വെള്ളിയാഴ്ച ഐ.സി.സിയുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *