Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത വിഷയം ഗൗരവമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.അതേസമയം, മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചതെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

 

ശബരിമല സുവർണാവസരം വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശബരിമലയിലെ യുവതി പ്രവേശന വിധിയെതുടര്‍ന്നുണ്ടായ പ്രതിഷേധ സമരത്തെ സുവര്‍ണാവസരം എന്ന് പാര്‍ട്ടി യോഗത്തില്‍ വിശേഷിപ്പിച്ചതിലായിരുന്നു കേസ്.

 

ഭരണഘടനാവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അന്വേഷണം നടക്കുമ്പോള്‍ സജി ചെറിയാന്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോള്‍, അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നില്‍ക്കുക എന്നതാണ് കീഴ്‌വഴക്കം അതുകൊണ്ടുതന്നെ അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

 

മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാർ അപ്പീൽ നൽകിയേക്കില്ല. വ്യക്തി എന്ന നിലയിൽ സജി ചെറിയാന് പ്രത്യേകാനുമതിയോടെ അപ്പീൽ നൽകാമെന്നാണ് ധാരണ. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻസിന്‍റെ ഓഫീസ് നൽകിയിരികുന്ന പ്രാഥമിക നിയോമോപദേശം ഇങ്ങനെയാണ്.

പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാൻ നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് തെരഞ്ഞെടുപ്പിൽ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണെന്നും എന്നാൽ മണ്ഡലത്തിൽ 2021 ൽ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചുവെന്നും ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

2017 ഏപ്രില്‍ 9ന് പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നും ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു.

 

കൊവിഡ് മഹാമാരിയും പ്രതിരോധത്തിനായി നൽകിയ വാക്സിനും കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കണമെന്ന്  കെ വി തോമസ്. സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യം അഭ്യർത്ഥിച്ചത്.

 

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡുകളുടെ യൂണിറ്റുകൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണകരം ആകുമോ എന്ന ചോദ്യത്തിന്,പെട്ടി പൊട്ടിക്കുമ്പോൾ അറിയാം എന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല.താൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു.ഫോണിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞത്.ആർഎസ്എസിനു ഭൂമി നല്‍കുന്നത് സംബന്ധിച്ച വിവാദം സന്ദീപ് വാര്യരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

എറണാകുളം വടക്കൻ പറവൂർ മാഞ്ഞാലി എസ് എൻ ട്രസ്റ്റ് (SNGIST) കോളേജിന്റെ ജപ്തി ഭീഷണി താത്കാലികമായി ഒഴിഞ്ഞു. കോളേജ് വില്‍പന നടത്തി 18 കോടി രൂപയുടെ കുടിശിക തീർക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് ജപ്തി നടപടി ഉണ്ടാകില്ലെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. ഇതിനിടെ കോളേജ് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും പ്രതിഷേധിച്ചു.

 

ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി.പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.

 

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത് . കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ഇന്ന് വൈകുന്നേരം 6 മണിയോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നു.

 

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.

 

വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി അബ്ദുള്‍ നാസറാണ്(നാസർ കറുത്തേനി) അറസ്റ്റിലായത്.സംഭവത്തിൽ, നാസറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

കുഞ്ഞ് വേണമെന്ന ആ​ഗ്രഹത്താൽ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലെസ്ബിയൻ ദമ്പതികൾക്ക് ജാമ്യം നൽകി കോടതി. മാതാപിതാക്കളാകാനുള്ള ആഗ്രഹം നിറവേറ്റാൻ ദമ്പതികൾ നിയമവിരുദ്ധമായ മാർഗം സ്വീകരിച്ചുവെങ്കിലും നിലവിൽ എട്ട് മാസം ജയിലിൽ കഴിഞ്ഞ കാരണം ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

 

തെലങ്കാനയിലെ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 30 വിദ്യാർത്ഥികളെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം. സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ ഉണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു.സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതുക്കിയ ആണവനയരേഖയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഒപ്പുവെച്ചതിന് പിന്നാലെ യുക്രൈൻ ലക്ഷ്യമാക്കി റഷ്യൻ ആക്രമണം. യുക്രൈനെതിരേ റഷ്യ ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈൽ(ICBM) പ്രയോ​ഗിച്ചു. യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങൾക്കമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണം.

 

മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനും പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യയെന്ന് സുപ്രീം കോടതി. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജമ്മു കോടതി ഉത്തരവിനെതിരായ സിബിഐ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *