വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായി. പരസ്യപ്രചരണം അവസാനിച്ചു ഇരുമണ്ഡലങ്ങളിലും . അതിനിടെ, വണ്ടൂരിൽ പൊലീസും യുഡിഎഫും തമ്മിൽ സംഘർഷം ഉണ്ടായി . തിരുവമ്പാടിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും,ചേലക്കരയില്‍ എൽഡിഎഫ് കൊട്ടിക്കലാശസ്ഥലത്തും നേരിയ സംഘർഷമുണ്ടായി.യുഡിഎഫ് അണികളെ ആവേശത്തിലാക്കി ബത്തേരിയിൽ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും റോഡ് ഷോ നടത്തി.വയനാട്ടിലും ചേലക്കരയിലും നാളെ നിശബ്ദ പ്രചാരണമായിരിക്കും.
സംസ്ഥാന സ്കൂൾ കായികമേള സമാപനചടങ്ങിന്റെ വേദിയിൽ പ്രതിഷേധം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധo . നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
കേരളത്തിലെ കായിക രംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായികരംഗത്തുതന്നെ അപ്രത്യക്ഷമായി. കായികരംഗത്തെ പ്രകടനങ്ങള്‍ പലര്‍ക്കും മാര്‍ക്കും ഗ്രേസ് മാര്‍ക്കും നേടാനുള്ള ഉപാധിയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവർത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. പടക്കങ്ങൾക്ക് രാജ്യവ്യാപകമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. വർഷം മുഴുവനും ഗുരുതര വായുമലീനികരണം അഭിമുഖീകരിക്കുന്ന ഡൽഹിയിൽ നിർദ്ദിഷ്ടമാസങ്ങളിൽ മാത്രം പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.
മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരതയാണെന്നും വഖഫ് ഭീഷണി കേരളത്തിൽ വ്യാപകമാക്കുകയാണെന്നും ഇതിനെതിരെ കേരളം മുഴുവൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു. മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിൽ അഞ്ച് കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് അയച്ചിരിക്കുന്നത്.
മുനമ്പത്തെ ജനങ്ങൾക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു.വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പത്തിന് നീതി കിട്ടിയിരിക്കുന്നും മന്ത്രി പറഞ്ഞു. വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ട്. കേരള സർക്കാർ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ഒരു വിഭാഗത്തിനെതിരെയുള്ള നീക്കമല്ല ഇതെന്നും നീതി ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികൾ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.
വിഡി സതീശനുണ്ടായാലും പിണറായി വിജയൻ ഉണ്ടായാലും കേന്ദ്രം മുനമ്പത്തിന് നീതി ഉറപ്പാക്കുമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.ഇത്രയും കാലം കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്ന് ഇറങ്ങാൻ ആർക്ക് പറയാനാകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുനമ്പം ഭൂപ്രശ്നത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ട രാജീവ് ചന്ദ്രശേഖറും ഷോൺ ജോർജ്ജും നിവേദനം കൈമാറി.
മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ്. എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.
സർക്കാർ സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ നിയമിക്കാത്തതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത്?. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണ്. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതോടെ കേസിൽ അപ്പീൽ പോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ചില സാങ്കേതിക കാരണങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ട് ഡിവിഷൻ ബെഞ്ചിലേക്ക് അടിയന്തരമായി അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സിനിമയിൽ പണ്ട് കൈയടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ട. കേന്ദ്രമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്. കേന്ദ്രമന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ യൂണിയൻ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് അവർ അറിയിച്ചു.
തിരുവനന്തപുരം മാനവീയം വീഥിക്കടുത്ത് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ. വെമ്പായം സ്വദേശികളായ ഷിഹാസ്, സുഹൈൽ, അർഫാജ്, രഞ്ചിത്ത് എന്നിവരാണ് പൊലീസിൻ്റെ പടിയിലായത്. കഴിഞ്ഞ വ്യാഴായ്ച്ചയാണ് വെമ്പായം സ്വദേശി ഷിജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ലഹരി വിൽപ്പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്.
ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം സംഭവിച്ചത്.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയിൽ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ബത്തേരി പത്മാലയം വീട്ടില്‍ വൈശാഖിനെ(29)യാണ് ശനിയാഴ്ച വൈകിട്ടോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പുത്തന്‍കുന്ന് സ്വദേശിയുടെ പരാതി പ്രകാരം കഴിഞ്ഞ നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ സ്‌റ്റേ. പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ ഗിരീഷ് കുമാറിന് നോട്ടീസ് അയച്ചു.
വിക്ടോറിയൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയനിലെ ലേബർ അംഗം ലീ ടാർലാമിസുമായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. കോമൺവെൽത്ത് പാർലമെന്‍ററി അസോസിയേഷനിൽ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയ സന്ദർശിച്ചപ്പോഴാണ് ഇരുവരും തമ്മിൽ കണ്ടത്. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ഓസ്‌ട്രേലിയയിലും പ്രചരിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകളുടെ അനുഭവവും അദ്ദേഹം പങ്കുവെച്ചതായി സ്പീക്കർ ഷംസീർ പറഞ്ഞു.
ബുധനാഴ്ച മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിലക്കണമെന്ന് ബിജെപി. രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. ബിജെപി ഭരണഘടന തകർക്കുമെന്നും ആരോപിക്കുന്നുവെന്ന് പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. നിയമമന്ത്രി അർജുൻ റാം മേഘ് വാളിൻ്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ചീഫ് ജസ്റ്റിസായി ആയി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ ചർച്ചയാക്കി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുൻ ജഡ്ജിയുമായ എച്ച്.ആർ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയിൽ നിന്നും രാഹുൽ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം. നിലവിൽ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി.
അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മണിപ്പൂരിൽ സൈനികരും കുക്കി വിഘടനവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 വിഘടനവാദികളെ വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ സിആർപിഎഫ് പോസ്റ്റിനു നേരെ ആക്രമണം നടത്തിയവരെയാണ് വധിച്ചത്. സിആർപിഎഫ് പോസ്റ്റിനു നേരെ ആക്രമണമുണ്ടായതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.