രാത്രി വാർത്തകൾ
ചരിത്രത്തിലാദ്യമായി കൊച്ചിയുടെ ജലപ്പരപ്പിൽ വിമാനമിറങ്ങി.ബോൾഗാട്ടി കായലിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സീപ്ലെയിൻ ഇറങ്ങിയത്. ചരിത്ര സംഭവത്തിന് നിരവധി പേർ സാക്ഷ്യം വഹിച്ചു. വിമാനത്തിൻ്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും. നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം. വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനാകും. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വർഗീയത അഴിച്ചു വിടുകയാണെന്നും എന്നാൽ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് പക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ, ആക്രമണങ്ങൾ എന്നിവ നടക്കുന്നു, വ്യത്യസ്തമായി നിൽക്കുന്നത് കേരളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ രാജ്യത്ത് ക്രമസമാധാനം ഏറ്റവും മികച്ചത് കേരളത്തിലാണെന്നും കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെയാണ് നടപടികൾ എടുക്കുന്നതെന്നും ചേലക്കര മണ്ഡലത്തിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്ന മന്ത്രി പറഞ്ഞു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു . വീഡിയോ അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ് ചെയ്‌തതെന്നും എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ലെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു.
ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സിപിഎം പ്രവർത്തകരോട് നന്ദിയുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ് ബി പേജ് വ്യാജമാണെന്നാണ് ഇപ്പോൾ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്‌തതാണെന്നും പറയുന്നുവെന്നും ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നിൽക്കണം സത്യമറിയാൻ ഒരു സൈബർ കേസ് നൽകി അന്വേഷിച്ചാൽ പോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. തൻ്റെ വീഡിയോ സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്നും ബോംബുകൾ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കള്ളപ്പണ പരാതിയിൽ ശക്തമായ അന്വേഷണം വേണമെന്നും കേസ് രജിസ്റ്റർ ചെയ്തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട കോൺഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമര്‍ശനം തുടരുമെന്നാവര്‍ത്തിച്ച് എന്‍ പ്രശാന്ത്. പബ്ലിക് സ്ക്രൂട്ടിനി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് വിസിൽ ബ്ലോവർ ആവുന്നതെന്നും ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂർവ്വം ഒരു വിസിൽ ബ്ലോവർ ആയേ പറ്റൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെ ഗോപാലകൃ്ഷണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി.മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണൻ്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കുള്ള ശുപാർശ. അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിൽ എൻ പ്രശാന്തിനെതിരായ നടപടിയും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ്. ഗോപാലകൃഷ്ണനെതിരെ താക്കീതോ ശാസനയോ വരാം. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയെന്ന് ഉറപ്പിക്കാൻ വകുപ്പ് തല അന്വേഷണവും വന്നേക്കാം.
പ്രശാന്ത് ഐ എ എസിനെതിരെ സിപിഎം നേതാവും മുൻ തുറമുഖ വകുപ്പ് മന്ത്രിയുമായിരുന്ന ജെ മേഴ്സിക്കുട്ടിയമ്മ. താൻ മന്ത്രിയായിരുന്ന സമയത്ത് ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് പിന്നിൽ എൻ പ്രശാന്ത് ആണെന്നാണ് മേഴ്സികുട്ടിയമ്മയുടെ ആരോപണം. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ കുറിച്ചു.
എൻ പ്രശാന്ത് ഐ എ എസ് കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. മുൻ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ എൻ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്‍റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നതെന്നും പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടിയെന്നും സതീശൻ പരിഹസിച്ചു. പാലക്കാട് 10,000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്നും , ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര പിടിക്കുമെന്നും വിഡി സതീശൻ അവകാശപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോണ്‍ഗ്രസ് കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണവും മദ്യവും ഒഴുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും 1306 ലിറ്റര്‍ സ്പിരറ്റാണ് ഇന്ന് ചിറ്റൂരിൽ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതെന്നും, ദിവസവും മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തുന്ന വിഡി സതീശന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലേയെന്നും മന്ത്രി ചോദിച്ചു.
കോൺഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിന്‍റെ പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇൻഡ്യ മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണെന്നും പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നതെന്നും ഇത്തവണ സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി തന്നെ അത് പ്രകടമാക്കിയത് ഏതായാലും നന്നായി എന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി. മുനമ്പത്തെ മത്സ്യത്തൊഴിലാളി സേനയാണ് ഇന്നത്തെ സമരം നയിക്കുന്നത്. തൂക്കുകയറുകളും വള്ളവുമായി എത്തിയാണ് മുനമ്പത്തെ മത്സ്യത്തൊഴിലാളി സേന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയത് മഹാപ്രളയ സമയത്തെ സേവനത്തിന് ആദരമേറ്റുവാങ്ങിയവരാണ് തങ്ങളെ കുടിയിറക്കരുതെന്ന ആവശ്യവുമായി സമരപ്പന്തലിലെത്തിയത്.
മുനമ്പം ഭൂപ്രശ്നത്തിൽപ്പെട്ടവർക്ക് ഐക്യദാർഢ്യവുമായി സീറോ മലബാർ സഭയുടെ എല്ലാ പള്ളികളിലും കുർബാനയ്ക്ക് ശേഷം ഐക്യദാർഡ്യ സദസ്സും പ്രതിജ്ഞയും നടന്നു. ചൊവ്വാഴ്ച വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധ സദസും സംഘടിപ്പിക്കും.
നീതി നിഷേധിക്കപ്പെട്ടവരുടെ സമരമാണ് മുമ്പത്ത് നടക്കുന്നതെന്നും വഖഫ് നിയമ കേരളത്തിൽ ഉണ്ടാക്കുന്ന ആശങ്ക വലുതാണെന്നും സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. മുനമ്പം സമരത്തിന് വർഗീയ നിറം നൽകാൻ ഇടത് മന്ത്രി തന്നെ ശ്രമിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.
മുനമ്പത്ത് കുടിയൊഴിപ്പിക്കലിന് കമ്യൂണിസ്റ്റ് പാർട്ടി കൂട്ടുനിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മുനമ്പം വർഗീയമാക്കാൻ ശ്രമിച്ചത് ഇന്ത്യ സഖ്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ആരോപിച്ചു. സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു.
കേരളത്തിൽ ആകെ ചോരപ്പുഴ ഒഴുക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് വഖഫ് നിയമമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു.മുനമ്പം ഒരു ഫസ്റ്റ് ഡോസ് ആണെന്നും വഖഫ് നിയമമനുസരിച്ച് ഏത് സ്ഥലത്തും നിന്നും കുടിയിറക്കാമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി കിരാതം എന്ന് ഉദ്ദേശിച്ചത് വഖഫ് നിയമത്തെ ആയിരിക്കുമെന്നും കൃഷ്ണദാസ് വയനാട്ടിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട് വഖഫ് ഭൂമിയില്ലെന്ന് മന്ത്രി വി അബ്‍ദുറഹ്മാൻ. മറിച്ചുള്ള പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഒരു കേന്ദ്ര മന്ത്രിക്ക് ചേരാത്ത പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം മുനമ്പം പ്രശ്നത്തില്‍ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല അത്തരം ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും നികുതി സ്വീകരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത് സർക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസിൽ പരാതി നൽകി കോൺഗ്രസ്. എൻ.ഡി.എ പൊതുയോഗത്തിനിടെ എൻ.ഡി.എ പൊതുയോഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്.
പാലക്കാട് നൂറണിയിലും കൽപ്പാത്തിയിലും എല്ലാം വഖഫിൻ്റെ ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനടുത്ത് 600 ഓളം വീടുകളെ ബാധിക്കുന്ന തരത്തിൽ വഖഫ് ഭീഷണി ഉയർന്നുവന്നിരിക്കുകയാണെന്നും എൻഡിഎ യും സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും ഇരകൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മലപ്പുറം തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവത്തിൽ ബ്ലാക്ക് മെയിലിംഗ് വ്യക്തമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. പിടിയിലായ മൂന്നുപേർക്ക് പുറമെ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. മലപ്പുറം രണ്ടത്താണി സ്വദേശികളായ ഷഫീഖ് ,ഫൈസൽ വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്.
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി. ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണെന്നും പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു.
തൃശൂര്‍ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു. എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്. രാവിലെ പാപ്പാൻ വെള്ളം കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ തളച്ചത്.
സപ്ലൈകോയ്ക്ക് വേണ്ടി എൻ എഫ് എസ് എയുടെ ഭാഗമായി നടക്കുന്ന വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ സപ്ലൈകോ നൽകാനുള്ള ബിൽ കുടിശികയെ തുടർന്ന് ട്രാൻസ്പോർട്ടിങ് കരാറുകൾ സമരത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകുമെന്ന് സപ്ലൈകോ അറിയിച്ചതിനെ തുടർന്ന് കരാറുകാർ സമരത്തിൽ നിന്ന് പിൻവാങ്ങാൻ ധാരണയായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. കളമശേരിയിലെ ഹാളിൽ നടന്ന പരിപാടിയിൽ നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.
കൊല്ലം തെന്മലയിൽ രാത്രി പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയ ഇടമൺ സ്വദേശി നിഷാദിന് നേരെ ക്രൂരമായ സദാചാര ആക്രമണം നടത്തി അഞ്ചംഗ സംഘം. നിഷാദിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുരുവായൂരിലെ ശാന്തിമഠം വില്ല തട്ടിപ്പിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയാണ് അറസ്റ്റിലായത്. ഗുരുവായൂരിൽ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരിൽ വില്ലകൾ നിർമിച്ചു നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 35 ലധികം കേസുകളിൽ പ്രതിയാണ് രഞ്ജിഷ.
കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത . നവംബർ 10 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതിനിടെ 2 ദിവസം മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലും ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും സുപ്രീം കോടതി. അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി ഈടാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം ഓർമ്മിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് ഖത്തർ വിദേശകാര്യ വക്താവ്. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടെന്നും ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദ്ദേശം നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. ദോഹയിലെ ഹമാസ് ഓഫീസ് സംബന്ധിച്ച വാർത്തകളും കൃത്യമല്ലെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
അമേരിക്കൻ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം പുറത്ത്. അരിസോണയിലെ അന്തിമ ഫലം കൂടി വന്നതോടെ, ട്രംപിന് മൊത്തം 312 ഇലക്ടറൽ വോട്ടുകളായി. കമല ഹാരിസനാകട്ടെ 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് മൊത്തത്തിൽ നേടാനായത്.
കാറുകളുമായി വരികയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകൾ കത്തിനശിച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദ് – മുംബൈ ഹൈവേയിലാണ് സംഭവം നടന്നത്. കാറുകൾ പൂർണമായും തകർന്നു. കണ്ടെയ്‌നർ ഓടിച്ചിരുന്ന ഡ്രൈവർ 20 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്.
നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി മൂന്ന് സ്ത്രീകൾ അടക്കം ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ എക്സ്പ്രസ് വേയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഗ്രേറ്റർ നോയിഡയിലെ സെക്ടർ 146 മെട്രോ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്.
മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച 34 ഡ്രോണുകളാണ് മോസ്കോയെ ലക്ഷ്യമിട്ട് യുക്രൈൻ വിക്ഷേപിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോ നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 2022-ൽ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ തലസ്ഥാനത്ത് യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ പിടിയിലായതായി റിപ്പോർട്ട്. കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപജാതികളെ പരസ്പരം മത്സരിപ്പിച്ച് ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമിച്ചുനിന്നാൽ നമ്മൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബൊക്കാരോവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.