Screenshot 2024 02 27 20 21 14 990 com.android.chrome edit 2

കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ തെരഞ്ഞെടുപ്പ് കമീഷണര്‍മാരായി നിയമിച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത് എന്നാണ് സൂചന.  അധിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണ് ഈ നിയമം. സംസ്ഥാന സർക്കാർ നേരത്തെ എടുത്ത തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കും.  തെരഞ്ഞെടുപ്പിന് മുൻപ് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർനടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു .

സംസ്ഥാനത്തെ 13,560 സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ ഫെബ്രുവരിയിലെ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി ധന മന്ത്രി കെ എൻ ബാലഗോപാൽ.  കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്‌ എന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് എക്സൈസ്  കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ,  രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. പ്രതി തൂങ്ങിമരിച്ച സമയത്ത്, രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന പ്രതിയുടെ കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് , കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണo.

പാകിസ്ഥാന് പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആന്‍റോആന്‍റണി. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്‍റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തത് എന്ന് ആന്റോ ആന്റണി വിശദീകരിച്ചു. ആന്‍റോ ആന്റണിയുടെ പരാമർശം ദേശീയതലത്തിൽ ചർച്ചയായി മാറിയിരുന്നു.

എറണാകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. 55 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുത്തിട്ട് ഏഴ് മാസമാകുന്നു, മുഖ്യമന്ത്രി കേരളത്തെ എവിടെ എത്തിച്ചു എന്നും വി.ഡി.സതീശൻ ചോദിച്ചു. പിണറായിയും മോദിയും തമ്മിൽ അണ്ണനും തമ്പിയും ബന്ധമാണ്. കേരളത്തിൽ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി ജയരാജൻ എന്നും വിഡി സതീശൻ ആരോപിച്ചു.

നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാവർക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ്  മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മന്ത്രിമാരാകട്ടെ, ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്.കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് നാഗർകോവിൽ–കോട്ടയം എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്‍റോ ആന്‍റണിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി. ആന്‍റോ ആന്‍റണിയുടെ പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്, ഇന്ത്യൻ സൈനികരെയാണ് അവഹേളിച്ചത്.  തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയാണ് എംപി അവഹേളിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ കോഴ കേസിൽ നൃത്തപരിശീലകരായ പ്രതികളുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി.കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ കന്‍റോൺമെന്‍റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി  നാളെ പരിഗണിക്കാൻ മാറ്റി. ഹർജിയിൽ കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്.

പുൽവാമ വിഷയത്തിൽ ആന്‍റോ ആന്‍റണിയുടെ നിലപാട് രാജ്യവിരുദ്ധം എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് .കോഴിക്കോട് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കൃഷ്ണദാസ്.

കേരളത്തിലെ തലസ്ഥാനമടക്കമുള്ള 8 ജില്ലകളിൽ ഇന്ന് മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. കേരള തീരത്ത് ഇന്ന്  ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശിക സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. പല വകുപ്പുകളിൽ നിന്നായി കോടികണക്കിന് രൂപയാണ് കെഎസ്ഇബിക്ക് കിട്ടാനുള്ളത്.

സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിസന്ധി പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. 36 ഇടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്റർ സജ്ജമാക്കി. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താൻ വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കലോത്സവത്തിലെ കോഴക്കേസില്‍ വിധി കര്‍ത്താവായ കണ്ണൂര്‍ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്. ഷാജിയുടെ ശരീരത്തില്‍ അടിയേറ്റതിന്‍റെ പാടുകള്‍ ഇല്ല. കീടനാശിനി അകത്ത് ചെന്നാണ് മരണo. മറ്റു കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. ഷാജിയുടെ മുറിയിൽ നിന്നും കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കുപ്പി പൊലീസ് കണ്ടെടുത്തിരുന്നു.

കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച്, രാഷ്ട്രപതിയുടെ ഉത്തരവ്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഒരു മാസത്തിനുള്ളില്‍ കൈമാറുമെന്നും ഭൂമി വിലയായി 23.06 കോടി രൂപ ആര്‍.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എ എ വൈ(മഞ്ഞ), പി എച്ച് എച്ച് (പിങ്ക്) റേഷൻ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നും മന്ത്രി അറിയിച്ചു.

മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകള്‍ നടത്തി. ബസുകളില്‍ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടെത്തി.819 ബസുകളുടെ എയര്‍ ലീക്ക് പരിഹരിച്ചെന്നും മറ്റുള്ളവയുടെ തകരാറുകള്‍ 30ന് മുന്‍പ് പരിഹരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കേരള സർവ്വകലാശാല യുവജനോത്സവത്തിനിടയിലെ സംഘർഷവും വിധികർത്താവ് ഷാജിയുടെ മരണമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ നിലവിലെ യൂണിയൻ അസാധുവാക്കുമെന്ന് വി സി വ്യക്തമാക്കി. കാലാവധി പുതുക്കണം എന്ന യൂണിയന്‍റെ ആവശ്യം തള്ളിക്കളഞ്ഞാണ് വി സി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്‌റ്റുഡന്‍റ്സ് സർവീസ് ഡയറക്ടർക്ക് സർവകലാശാല യൂണിയന്‍റെ ചുമതല കൈമാറുമെന്നും വി സി വ്യക്തമാക്കി.

സി.കെ. മണിശങ്കറേയും, എൻ.സി മോഹനനേയും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. എൻ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും മണിശങ്കറിനെതിരെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇരുവരെയും കഴിഞ്ഞവർഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.

ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ പുരുഷന്‍റേതെന്നാണ് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. മുന്നാഴ്ച മുമ്പാണ് തൊട്ടടുത്ത പറമ്പിലെ കാടു വെട്ടിത്തെളിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടലിൽ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാർഥ പ്രശ്നങ്ങൾ മോദി കാണുന്നില്ലെന്നും രാഹുൽ ഗാന്ധി. മോദി ദ്വാരകയിൽ കടലിനടിയിലേക്ക് പോകുമ്പോൾ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിർത്തിയിൽ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളൊന്നും ചർച്ചയാകുന്നില്ലെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ നാസികിലെ കർഷക സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും,മുൻ കോൺഗ്രസ്‌ എംപിയുമായ പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. ബിജെപി ഡൽഹി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. ബിജെപി ടിക്കറ്റിൽ പട്ട്യാലയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന .പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലായിരുന്നു  പ്രണീത് കൗറിനെ കോൺഗ്രസ്‌ സസ്പെൻസ് ചെയ്തത്.

ശ്രേയാസ് അയ്യർക്ക് പരുക്ക് പറ്റിയെന്ന് റിപ്പോർട്ട്.മുംബൈ താരവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനുമാണ് ശ്രേയസ് അയ്യർ.നടുവേദനയെ തുടർന്ന് താരത്തിന് ഐപിഎലിലെ ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്നാണ് സൂചന. പരുക്കിനെ തുടർന്ന് ദേശീയ ടീമിൽ നിന്ന് വിട്ടുനിന്ന ശ്രേയാസ് ബിസിസിഐ പറഞ്ഞതനുസരിച്ചാണ് കളിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *