സംസ്ഥാനത്ത് കനത്ത മഴ . ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. അതിശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ നവംബർ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പിപി ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗമായി തുടരുന്നതിൽ ഗവർണ്ണർ വിശദീകരണം തേടി. കണ്ണൂർ വിസിയോടാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലാണ്. സെനറ്റ് അംഗത്വത്തിൽ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവർണ്ണർ വിശദീകരണം തേടിയത്.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് വിട. ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട് 3 മണിയോടെയാണ് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായത്. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പാത്രിയർക്കീസ് സെന്‍ററിനോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാർ ആക്കിയ കല്ലറയിൽ ആണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ കബറടക്കിയത്.സർക്കാരിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തിന് ആദരമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്‍റെ അനുശോചന സന്ദേശം മന്ത്രി വി എൻ വാസവൻ അറിയിച്ചു.
പൂരം നടത്തിപ്പിൽ വരുന്ന ജൈവ മാലിന്യങ്ങൾ ദേവസ്വങ്ങൾ സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ കത്ത് നൽകി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്തിൽ ഇനി മാലിന്യ സംസ്കരണം നടത്താൻ കഴിയില്ല . കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് അംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങൾക്കും കത്ത് നൽകിയത്.
പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് കെ.സി.വേണുഗോപാല്‍. ഇതിനുള്ള ഉത്തരം നവംബർ 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാനാകും . കൊടകര കേസില്‍ കുഴല്‍പണ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നില്ല. സംസ്ഥാന പൊലീസ് അന്വേഷണവും ഇക്കാര്യത്തില്‍ പ്രഹസനമാണെന്നും കെ.സി.വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ നിരപരാധിയാണെന്ന കെ. സുരേന്ദ്രൻ്റെ വാദം കള്ളമാണെന്ന് വി ഡി സതീശന്‍. കള്ളപ്പണം കൊണ്ടുവരാൻ നിർദ്ദേശിച്ചത് കെ. സുരേന്ദ്രനാണെന്ന് കേരള പൊലീസിന്‍റെ ആദ്യ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. എന്നിട്ടും കേസെടുക്കാൻ ഇഡി തയ്യാറായില്ല. അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശന്‍റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘംതുടങ്ങി. മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തെ സാവകാശം വേണമെന്നാണ് സതീശൻ പൊലീസിനെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. നേരത്തെ പിണറായിയുടെ പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണ്.നേരത്തെ സുരേന്ദ്രനെ സാക്ഷിയാക്കിയപ്പോള്‍, പ്രതിയാകാന്‍ അധികം ദൂരമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാനുള്ള അവസരം കൂടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു.
മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി ആർ അനിൽ. മേരാ കെ വൈ സി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നവംബർ മുപ്പതിനുള്ളിൽ കേരളത്തിലുള്ള മുഴുവൻ എ എ വൈ, പി എച്ച് എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മസ്റ്ററിംഗിന് യുഐഡിഎഐ അംഗീകാരമുള്ള മേരാ കെ വൈ സി മൊബൈൽ ആപ്പ് പരിചയപ്പെടുത്തി സംസാരിക്കുകയിരുന്നു മന്ത്രി.
ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ, വിഎസ് സുനിൽകുമാർ. പൂരപ്പറമ്പിൽ ഗുണ്ടകൾ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് സുനിൽകുമാർ ആരോപിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ ചൂടോടെ പരാതി നൽകിയ കേന്ദ്രമന്ത്രി എന്തുകൊണ്ട് ഗുണ്ടകൾ ആക്രമിച്ചിട്ട് മിണ്ടിയില്ലെന്നും ഈ വിഷയത്തിൽ പൊലീസ് അന്വേഷിക്കണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. സുരേഷ് ഗോപി ആംബുലൻസിൽ കയറിയത് ചട്ടം ലംഘിച്ചാണ്, മോട്ടോർ വാഹന വകുപ്പ് അനാസ്ഥ വെടിഞ്ഞ് സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഓട്ടോറിക്ഷാ ചിഹ്നത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കോൺഗ്രസ് നേതാവ്. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എസ്. സെൽവൻ. നാമനിർദ്ദേശ പത്രിക നൽകിയത് പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണെന്നും സാങ്കേതിക കാരണങ്ങളാൽ പത്രിക പിൻവലിക്കാൻ മറന്നുപോയെന്നുമാണ് സെൽവൻ്റെ വാദം. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സെൽവൻ പറഞ്ഞു.
തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എട്ടു ഘടക പൂരങ്ങളും ചേർന്നാണ് പൂരം നടത്തുന്നതെന്നും,അതിനാൽ ജൈവ മാലിന്യങ്ങൾ ദേവസ്വങ്ങൾ സംസ്‌കരിക്കണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. മാലിന്യ സംസ്കരണം തിരുവമ്പാടി, പാറമേക്കാവ് ദിവസങ്ങളുടെ മാത്രം ഉത്തരവാദിത്വമാകുന്നത് എങ്ങനെയാണെന്നും തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ മരിച്ചു . ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി സേലം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി.പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നു. ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചിൽ നിര്‍ത്തിവെച്ചു. ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണുവെന്ന് സംശയിക്കപ്പെടുന്ന ശുചീകരണ തൊഴിലാളിയായ സേലം സ്വദേശിയായ ലക്ഷ്മണൻ (48) എന്നയാള്‍ക്കായായാണ് ഫയര്‍ഫോഴ്സ് തെരച്ചിൽ നടത്തിയത്. ട്രെയിൻ ഇടിച്ചശേഷം ഇയാള്‍ പുഴയിൽ വീണുവെന്നാണ് സംശയിക്കുന്നത്.കാണാതായ നാലാമത്തെയാളെ കണ്ടെത്താൻ നാളെ പുലര്‍ച്ചെ വീണ്ടും തെരച്ചിൽ ആരംഭിക്കും.
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ. ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റെയില്‍വെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു പേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയിൽവേ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി ഒരു മരണം. മലപ്പുറം താനൂര്‍ മുക്കോലയിലാണ് ട്രെയിൻ തട്ടി താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടാടയത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്.
സിപിഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് ബിജെപി കൗൺസിലർ. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ കൗൺസിലർ കെ.വി. പ്രഭയാണ് പ്രതിഷേധ ധർണയിൽ പങ്കെടുത്തത്. നഗരസഭ ഭരണത്തിന് എതിരെയാണ് സിപിഎം ധർണ്ണ നടത്തിയത്. ഭരണസമിതിക്ക് എതിരെ പരസ്യ നിലപാട് എടുത്തതിന് പ്രഭയെ ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, കെ.വി. പ്രഭ ഉടൻ സിപിഎമ്മിൽ ചേരുമെന്നാണ് വിവരം.
സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം ആണ്സമസ്തയെ ഇക്കാര്യത്തിൽ കുറ്റം പറയില്ല, എന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം . ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. ചേലക്കരയിൽ സിപിഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു.ബിജെപിക്കാർ എവിടെയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്‌പയായി മാത്രമേ തരാനാകൂയെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള ചതിയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. പദ്ധതിയുടെ ഗുണഭോക്താക്കൾ കേരളമല്ല, കേന്ദ്ര സർക്കാരാണ് എന്നുപോലും മനസിലാക്കാതെയാണ് കേന്ദ്രം നിലപാട് സ്വീകരിക്കുന്നത്. ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും എന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു .
മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ തീരുമാനമായി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്താനുള്ള വിജ്ഞാപനവും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായിട്ടായിരിക്കും വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിൽ നടക്കും. നവംബര്‍ 16ന് ആരംഭിക്കുന്ന സിബിഎൽ ഡിസംബര്‍ 21നായിരിക്കും സമാപിക്കുക.
കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ താപി നദിയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ . 33 കിലോമീറ്റർ ദൈർഘ്യമുള്ള വാട്ടർ മെട്രോ സംവിധാനമാണ് ആലോചിക്കുന്നത്. ഇതിനായി സൂറത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം അടുത്ത ദിവസം കൊച്ചിയിലെത്തും. രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ സിറ്റിയാകാനുള്ള ഒരുക്കത്തിലാണ് സൂറത്ത്.
ജമ്മു കശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റമുട്ടൽ. ശ്രീനഗർ, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്തനാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ സൈന്യത്തിന്റെ തെരച്ചിൽ നടപടികൾ തുടരുകയാണ്. ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.
ദില്ലി നഗരത്തിലെ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അധികൃതർ അടച്ചു പൂട്ടാനൊരുങ്ങുന്നു . രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങളുണ്ട്. എന്നാൽ ഇതും ദില്ലിക്ക് അന്യമാവുകയാണ്.
സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബർ 27ന് തിരുനെൽവേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.
കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്ന രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി . കോൺഗ്രസിൻ്റെ വ്യാജ വാഗ്ദാനങ്ങളിൽ ഇരയാകുന്നത് ഈ സംസ്ഥാനങ്ങളിലെ കർഷകരും, യുവാക്കളും, സ്ത്രീകളും അടക്കമുള്ളവരാണ്. വ്യാജ വാഗ്ദാനങ്ങൾ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ മുതിർന്ന നേതാവും ചിന്തകനുമായി ചമഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയ്ക്ക് വ്യാജ കത്തയച്ചയാൾ അറസ്റ്റില്‍. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി നിയമിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു കത്ത്. വ്യാജമായി ഉണ്ടാക്കിയ ആർഎസ്എസ് ലെറ്റർഹെഡ് ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച കുശാൽ ചൗധരി എന്നയാളാണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയും ഉദ്ധവ് താക്കറേ അധ്യക്ഷനായ ശിവസേന (യു.ബി.ടി.)യും നേരിട്ട് ഏറ്റുമുട്ടുക 49 സീറ്റുകളിലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 19 മണ്ഡലങ്ങള്‍, അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലാണ്.
ജമ്മു കശ്മീരില്‍ വര്‍ധിക്കുന്ന ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താന്‍ ഭീകരവാദികളെ കൊലപ്പെടുത്തുകയല്ല പകരം ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. പിടികൂടുന്ന ഭീകരവാദികളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണം ആസൂത്രണം ചെയ്യുന്നവരെ കുറിച്ചുള്ള വിലയേറിയ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ നിര്‍മിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെ പാക്കറ്റിലും മാതൃഭാഷയായ കന്നഡയില്‍ ലേബല്‍ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ. വെള്ളിയാഴ്ച നടന്ന കന്നഡ രാജ്യോത്സവ ആഘോഷപരിപാടിയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.
ഇന്ത്യ-ന്യൂസീലൻഡ് മൂന്നാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 15 വിക്കറ്റ് വീണ രണ്ടാം ദിവസം കളി ഇന്ത്യ തിരിച്ചുപിടിച്ച നിലയിലാണ് അവസാനിച്ചത്. ഒരൊറ്റ വിക്കറ്റ് മാത്രം ശേഷിക്കെ കിവീസിന് 143 റണ്‍സ് മാത്രം ലീഡേയുള്ളൂ. ആദ്യ ഇന്നിങ്‌സിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മൂന്നാം ദിനം ഇന്ത്യക്ക് ജയ സാധ്യതയുണ്ട്.