പ്രിയങ്കഗാന്ധിയുടേയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് തെരഞ്ഞെടുപ്പ്സത്യവാങ് മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ പ്രകടമാണെന്ന് ബിജെപിയുടെ ആരോപണം.ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികൾക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയന്‍റേയും വിഡി സതീശന്‍റേയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്ഇനി ഗാന്ധി പരിവാറിലെ പിൻഗാമികൾ തിരഞ്ഞെടുക്കുന്ന മണ്ഡലം ലക്ഷദ്വീപായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ പുഷ്പാര്‍ച്ചന നടത്തി. കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് സിപിഎം നേതാവ് എകെ ബാലന്‍ ആരോപിച്ചു. എന്നാൽ ലീഡറെ അപമാനിച്ചത് മകൾ പദ്മജയാണെന്നും കെ കരുണാകരൻ എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും ലീഡറാണെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസ് ഇന്നലെ നിലപാടെടുത്തിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതിക്ക് ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
പി. സരിന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി.പി.എം.-ബി.ജെ.പി. രണ്ടാം ഡീലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വതന്ത്രനെ ഇറക്കിയത് സി.പിഎമ്മിന് വോട്ട് മറിക്കാനാണെന്നും, വയനാട്ടിൽ കോണ്‍ഗ്രസ് കുറഞ്ഞത് അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത് എന്നും,പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം കേരളത്തില്‍ മൊത്തം പാര്‍ട്ടിയ്ക്ക് ഉണര്‍വ്വ് ഉണ്ടാക്കാന്‍ സഹായിക്കുമെന്നതിന് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മികച്ച സ്ഥാനാര്‍ഥികളാണ് യു.ഡി.എഫിനുള്ളതെന്നും ചേലക്കരയില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പി.വി. അന്‍വറിനെ വിലകുറച്ചു കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുണാകരൻ്റെ ആത്മാവ് പി.സരിനൊപ്പമാണെന്ന് പാലക്കാട് മുൻ ഡി.സി.സി. പ്രസിഡൻ്റ് എ.വി. ഗോപിനാഥ്. അവിടെ രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശനം നടത്താത്തത് അഹങ്കാരത്തിൻ്റെയും ധിക്കാരത്തിൻ്റെയുെം ഭാഗമാണ് എന്നു എ.വി. ഗോപിനാഥ് അഭിപ്രായപ്പെട്ടു. രാഹുലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം.
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഈ മാസം 29 നു കോടതി വിധി പറയും. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി.വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും , പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബു അഴിമതിക്കാരനാണെന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീൽ ജോൺ എസ് റാൽഫ് വ്യക്തമാക്കി. പ്രോസികൃൂഷൻ യാതൊരു തരത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ല സംഭവം ഗൂഢാലോചനയാണെന്നും, സംഭവം നടന്ന ശേഷം മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ പുറത്തുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയിൽ വാദിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളുമെന്ന് കരുതുന്നതായി സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനൻ.നവീൻ ബാബു കൈക്കൂലി വാങ്ങിച്ചുവെന്ന് ആരെങ്കിലും തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം. പെട്രോൾ പമ്പ് ഇടപാടിന് പിന്നിൽ ഇടനിലക്കാരും ബിനാമികളും ഉണ്ടെന്ന് സംശയം ബലപ്പെടുന്നു. പോലീസ് അന്വേഷണം വിപുലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് താൻ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. ഔപചാരികമോ അനൗപചാരികമോ എന്നല്ല, ഒരു രീതിയിലും ക്ഷണിച്ചിട്ടില്ല. പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ എവിടെ വെച്ച് അറിഞ്ഞുവെന്നും മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്നത് വാദങ്ങൾ മാത്രമാണെന്നും മൊഴികളിൽ ഉറച്ചുനിൽക്കുകയാണെന്നും കളക്ടർ വ്യക്തമാക്കി.
ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെ. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മരണശേഷവും എ.ഡി.എം. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രശാന്തന്റേത് വ്യാജപരാതിയാണ്. അയാളുടെ ഒപ്പും വ്യാജമാണ്.യഥാര്‍ഥത്തില്‍ ഈ കേസിന്റെ കാരണങ്ങള്‍ ചികഞ്ഞുപോയാൽ അത് എ.കെ.ജി. സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചെന്നെത്തുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പി.പി. ദിവ്യയ്ക്ക് പോലീസ് സംരക്ഷണം നൽകുന്നുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരിക്കും. അതല്ലെങ്കിൽ, അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.പി. ശശി. ഇവരുടെ ആരുടെയെങ്കിലും നിർദേശം ഇല്ലെങ്കിൽ കണ്ണൂരിലെ പോലീസ് അവർക്ക് പരിരക്ഷ നൽകില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി ആര്‍.എം.പി നേതാവ് കെ.കെ.രമ എം.എല്‍.എ. പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരഗണിക്കുന്ന പശ്ചാത്തലത്തിലാണ് കെ.കെ രമയുടെ ആരോപണം.വലിയ ഗൂഢാലോചന ഇതിനകത്ത് നടന്നിട്ടുണ്ടെന്നും കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ തുടര്‍ച്ചയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ എത്തിനില്‍ക്കുന്നതെന്നും കെ.കെ.രമ ആരോപിച്ചു.
എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പി.വി അന്‍വറിന്റെ ഡി.എം.കെ. കണ്‍വെന്‍ഷനില്‍ പണം നല്‍കിയാണ് ആളെ കൊണ്ടുവന്നതെന്ന ആരോപണം തള്ളി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന മിന്‍ഹാജ്. താന്‍ സിനിമ നിർമ്മാതാവായതിനാൽ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നിരുന്നു. അതിന് പുറമെ ചില പരിപാടിയില്‍ നുഴഞ്ഞ് കയറിയെന്നും മിന്‍ഹാജ് പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം . പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രവും ആണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നിയുക്ത കർദിനാൾ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിനെ ആർച്ചു ബിഷപ്പുമാരായ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നിയുക്ത കർദിനാളായതിനു ശേഷം ആദ്യമായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഈ വർഷം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊന്നാനിയിലെ വീട്ടമ്മയുടെപൊലീസുകാർക്കെതിരായ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകക്കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം. തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു എന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം പിടിയിൽ. അൻവർ ഷാ (27), സരിത (26), ശ്യാംജിത്ത് (31) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കാപ്പിൽ കിഴക്ക് 1657-ാം നമ്പർ എസ്. എൻ. ഡി. പി ശാഖ ഗുരുമന്ദിരത്തിൻറെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് നടപടി.
ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്.
ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന് പുനർ നിയമനം. മറ്റന്നാൾ കാലാവധി തീരാനിരിക്കെ, സെർച്ച് കമ്മിറ്റി വെക്കാതെയാണ് പുനർ നിയമനം. സെർച്ച് കമ്മിറ്റിയുണ്ടാക്കിയുള്ള വിജ്ഞാപനം പിൻവലിച്ചാണ് ഗവർണർ പുനർ നിയമനം നടത്തിയത്.
സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ക്ക് പകരം വൈസ് ചാന്‍സലര്‍മാരായി നിയോഗിക്കപ്പെട്ട ആളുകളൊക്കെ തന്നെ അധ്യാപനത്തിന്റെ മേഖലയിലും അക്കാദമിക് രംഗത്തും ഗവേഷണാത്മക പ്രവര്‍ത്തനങ്ങളിലുമൊക്കെ തന്നെ നല്ല അനുഭവസമ്പത്തുള്ളവര്‍ തന്നെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ സ്ഥിരം വൈസ് ചാന്‍സര്‍മാരില്ലാത്ത സ്ഥിതി വിശേഷമുണ്ടാകുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ദാന തീരം തൊടുക. മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിൽ മഴ പെയ്തു തുടങ്ങിയെന്നാണ് റിപ്പോർട്ട്.
കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തു . അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. പൂട്ടിയ വീടിനുളളിൽ കയറാനാകാതെ പുറത്ത് നിൽക്കുകയാണ് അജയനും ഭാര്യയും കുട്ടികളും.
ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി.
വിമാനത്തിൽ ബോംബെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകലായ എക്‌സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സർക്കാർ രൂക്ഷമായി വിമർശിച്ചു. വ്യാജ സന്ദേശമയച്ച എല്ലാ ഹാൻഡിലുകളും വ്യാജമാണെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘം സോഷ്യൽമീഡിയ കമ്പനികളുടെ സഹായം തേടിയത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അൽ യമാമ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു.ഗാസയിലെയും ലബനാനിലെയും സംഘർഷത്തിന് ശമനം വരുത്താനുള്ള സാധ്യതകൾ തേടി പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിലെത്തിയത്.
നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് ബെംഗളൂരുവിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. കെട്ടിട നിർമാണം നിയമ വിരുദ്ധമാണെന്നും ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.കെട്ടിടം തകർന്നു വീണ ഹൊറമാവ് അഗരയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാർ.
ഹെറോയിൻ വിൽക്കാനുള്ള ശ്രമത്തിനിടെ മുൻ വനിതാ എംഎൽഎയെ പിടികൂടി നാർക്കോട്ടിക് വിരുദ്ധ സേന. പഞ്ചാബ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് മുൻ കോൺഗ്രസ് എംഎൽഎയും നിലവിലെ ബിജെപി നേതാവുമായ സത്കർ കൌർ ഗെഹ്രിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.വ്യാജ നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വിൽപനയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
മഹാരാഷ്ട്രയിലെ പുനെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പുനെ പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിലെ ലേബർ ക്യാംപിലാണ് അപകടമുണ്ടായത്.സംഭവത്തിൽ പൊലീസും കോർപറേഷൻ അധികൃതരും അന്വേഷണം തുടങ്ങി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി സൂചന. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയത്. പുതിയ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അമിത് ഷാ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.