കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് വ്യാജ ബോംബ് ഭീഷണിയെത്തിയത് രണ്ട് വിമാനങ്ങള്‍ക്ക്. ഭീഷണി സന്ദേശം എത്തുമ്പോഴേക്കും രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തിരുന്നു. എന്നാൽ, പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. എയർ ഇന്ത്യയുടെ കൊച്ചി – ദമാം, ആകാശ് എയറിന്‍റെ കൊച്ചി – മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്.
പാലക്കാട്ടെ പോരാട്ടം ഇടതുപക്ഷവുമായിട്ടാണെന്നും ബി ജെ പി ചിത്രത്തിലില്ലെന്നും രമേശ് ചെന്നിത്തല. ഇ ശ്രീധരൻ പാലക്കാട് നിന്നിട്ട് വിജയിച്ചില്ല, ബി ജെ പിയിലെ മറ്റൊരു സ്ഥാനാർത്ഥിക്കും അവിടെ പ്രസക്തിയില്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. സ്ഥാനാർഥി നിർണയം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ പാർട്ടി ഫോറത്തിലാണ് പറയേണ്ടതെന്നും അല്ലാതെ വാർത്താ സമ്മേളനം വിളിച്ചു ചേർത്തല്ല ഉന്നയിക്കേണ്ടതെന്നും അദ്ദേഹം വിവരിച്ചു.
പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫിൽ അഗ്നിപർവതം പുകയുന്നവെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകും. കൂടുതൽ പേർ പുറത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് പി.വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നതാണ് ആവശ്യം. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നുമാണ് യുഡിഎഫ് അൻവറിനോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് അൻവർ ഉപാധി മുന്നോട്ട് വെച്ചത്.
താൻ വിജയിച്ചതാണോ അതോ ബിജെപി തോറ്റതാണോ പ്രശ്നമെന്ന് ഷാഫി പറമ്പിൽ എംപി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ഇടതു വോട്ട് നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന പി സരിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തിൽ വെറുതെ സമയം കളയുന്നത് എന്തിനാണെന്നും സിപിഎം നേത്തെ തന്നെ പ്രതിരോധത്തിൽ ആണ്. അതാണ് ഓരോ വിഷയം എടുത്തിടുന്നതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
പാലക്കാട് സിപിഎം വോട്ടുമറിച്ചെന്ന പരാമർശത്തിൽ തിരുത്തുമായി ഡോ. പി സരിൻ. ഷാഫിക്ക് സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും സരിൻ പറഞ്ഞു. ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്നായിരുന്നു ഡോ.പി.സരിൻ്റെ പരാമർശം.
ഷാഫി പറമ്പിൽ മറ്റുള്ളവരെ വളരാൻ വിടുന്നില്ലെന്ന് കെപിസിസിക്ക് പരാതി നൽകി ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ. ഷാഫിക്കെതിരെ സംസാരിച്ച് പാർട്ടി വിട്ടവർ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് ഡിസിസി സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്താക്കിയ നേതാവ് എകെ ഷാനിബും ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കെ മുരളീധരൻ ഒരിക്കലും ബി ജെ പിയിൽ പോകില്ല എന്ന് ഉറപ്പുണ്ടെന്ന് രമേശ് ചെന്നിത്തല. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന ചോദ്യമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചത്. മുരളീധരനോട് സഹതാപം മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ആവശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലും സര്‍ക്കാരിലും അറിയിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വായ്പകള്‍ എഴുതിത്തള്ളുന്നതിലെ നടപടികള്‍ നീളുന്നതും ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുകയാണ്. ടൗണ്‍ഷിപ്പിന്‍റെ കാര്യം ഉള്‍പ്പെടെ ഇപ്പോള്‍ കോടതി കയറുന്ന അവസ്ഥയാണെന്നും പലകാര്യങ്ങളിലും വ്യക്തതയില്ലെന്നും ദുരന്തബാധിതര്‍ പറഞ്ഞു.
കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വൈകിട്ടോടെയാണ് സുരേഷ് ഗോപി നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. നവീൻ ബാബുവിന്‍റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു.
എഡിഎം നവീൻ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിപി ദിവ്യയെ പ്രകോപിപ്പിച്ചത് സിപിഐ ഇടപെടലെന്ന് സൂചന. പെട്രോൾ പമ്പിന്റെ എൻഓസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകൻ പ്രശാന്ത് പറഞ്ഞു. വിജിലൻസിനും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർക്കും നൽകിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമർശമുള്ളത്.
എഡിഎം നവീൻ ബാബുവിൻ്റെ വീട്ടിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ പാർട്ടി സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. പാർട്ടി എല്ലാ അർത്ഥത്തിലും നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അന്വേഷണത്തിന് എന്തെല്ലാം നടപടികൾ വേണോ അതിനെല്ലാം പൂർണ്ണമായി പിന്തുണക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
പ്രതിദിന ശേഷി 75,000 ലിറ്ററില്‍ നിന്നും ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിച്ച നവീകരിച്ച മില്‍മ കോട്ടയം ഡെയറിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചൊവ്വാഴ്ച നിര്‍വഹിക്കും. ദേശീയ ക്ഷീരവികസന ബോര്‍ഡ് ദക്ഷിണേന്ത്യയിലെ പ്രോമിസിംഗ് മില്‍ക്ക് യൂണിയനായി എറണാകുളം മേഖലാ യൂണിയനെ തെരഞ്ഞെടുത്തതിന്‍റെ ഭാഗമായി ലഭിച്ച സാമ്പത്തിക സഹായം, കേരള സര്‍ക്കാരിന്‍റെ വാര്‍ഷിക പദ്ധതി ഫണ്ട്, മേഖലാ യൂണിയന്‍റെ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് കോട്ടയം ഡെയറി നവീകരിച്ചത്.
കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി.തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങൾ നിലത്തു വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോൾ, നിലത്തിരുന്ന പാത്രത്തിൽ വച്ചാണ് നൽകിയതെന്നും ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നും ഗണേഷ് ജാ മൊഴി നൽകി.
വടക്കൻ പറവൂരിലെ മാഞ്ഞാലിയിലുള്ള എസ്എൻ ട്രസ്റ്റ് കോളേജിൻ്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥർ രണ്ടാമതും ജപ്തി നടപടികൾക്കായി കോളേജിൽ എത്തി. എന്നാൽ പഠനം മുടങ്ങുമോയെന്ന ആധിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായെത്തുകയയും കോളേജ് കവാടം പൂട്ടി പ്രതിഷേധക്കാർ പ്രതിരോധം തീർക്കുകയും ചെയ്തു. പൊലീസ് കർശന നിലപാടെടുത്തതിന് പിന്നാലെ സംഘർഷം ഒഴിവാക്കാൻ പ്രതിഷേധക്കാർ ഗേറ്റ് തുറന്നു. കോളേജ് അധികൃതരെത്തി പണം അടയ്ക്കാമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്..
കടമ്പനാട്ട് ഡോക്ടർമാർ അവധി എടുത്തതിന്റെ പേരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുളളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാർ ഇന്ന് ടൂറ് പോകുകയും ചെയ്തു. ഇതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടത്. പഞ്ചായത്തിന്റെ കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
കോഴിക്കോട് താമരശ്ശേരി പുനൂര്‍ പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അവധി ദിവസമായതിനാൽ കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ആദിൽ.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബുധനാഴ്ചയോടെയായിരിക്കും ദന എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് രൂപപ്പെടുക. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഈ മാസം 24 ന്. ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന മീറ്റ് ദി അംബാസിഡർ ഓപ്പൺ ഹൗസിൽ എല്ലാ ഇന്ത്യൻ പ്രവാസികൾക്കും പ്രശ്നങ്ങൾ പങ്കുവെക്കാം.
കർണാടകയിൽ രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന 2,73,27,500 രൂപ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം മാൽ-മാരുതി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനെ-ബെംഗളൂരു ദേശീയപാതയിലാണ് പണം പിടികൂടിയത്. സാംഗ്ലിയിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരക്ക് ട്രക്കിൻ്റെ ക്യാബിനിലാണ് പണം ഒളിപ്പിച്ചത്.
16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നാളെ റഷ്യയിലേക്ക് പുറപ്പെടും. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി.റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് റിയാദിൽ രൂപവത്കരിച്ച സഹായ സമിതിയുടെ പൊതുയോഗം ചേർന്നു. മോചന ഉത്തരവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന അടുത്ത കോടതി സിറ്റിങ് തിങ്കളാഴ്ചയാണ്. ഈ ദിനം നിർണായകമെന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന.
ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. മരിച്ചവരിൽ എട്ടുപേര്‍ കുട്ടികളാണ്. ധോൽപൂർ ജില്ലയിലെ ബാരി നഗരത്തിലെ കരിം കോളനിയിലെ ഗുമാറ്റിൽ താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ 15 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശർമതുരയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ ധോൽപൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്കു രണ്ട് ലക്ഷംരൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽ നിന്നു നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. രാജസ്ഥാൻ സര്‍ക്കാറിന്റെ മേൽനോട്ടത്തിൽ പ്രദേശിക ഭരണ സംവിധാനങ്ങൾ അപകടത്തിൽ പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുവരുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും നിയമക്കുരുക്കിലേക്ക്. ഇവരുടെ കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോമിൽ വന്ന അഡള്‍ട്ട് വെബ് സീരീസിന്‍റെ എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല രംഗം കാണിച്ചതിന് പോക്‌സോ പ്രകാരം ഇവർക്കെതിരെ കേസെടുത്തിരിക്കുകയാണ്. എന്നാല്‍ പരാതിയില്‍ പറയുന്ന വിവാദ എപ്പിസോഡ് നിലവിൽ ഈ ആപ്പിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ലോക്സഭാ സീറ്റും സർക്കാർ കരാറുകളും തരപ്പെടുത്തി നൽകാമെന്ന് മുൻ എംഎൽഎയിൽ നിന്ന് കോടികൾ വാങ്ങിയതിന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയുടെ സഹോദരനും അനന്തരവനും അറസ്റ്റിൽ. മുൻ ജെഡിഎസ് എംഎൽഎയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് ബെംഗളൂരു പൊലീസ് ഗോപാൽ ജോഷിയേയും മകനേയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 17നാണ് കേന്ദ്രമന്ത്രിയുടെ സഹോദരനും അനന്തരവനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തത്.
വിമാന സർവീസുകൾക്ക് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പോലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്.