നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്തയച്ച് വിഡി സതീശൻ. അടിയന്തിര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് കത്തിൽ വിഡിസതീശൻ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മദ്രസകൾ നിർത്തലാക്കണമെന്ന പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട് പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്ക ഉയർത്തി മത നേതൃത്വം. നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎൽ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗും വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കവും മതനേതൃത്വം തുടങ്ങിയേക്കും .
രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കടന്നാ ക്രമണമാണ് ദേശീയ ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞു. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മത പഠന ക്ലാസ് എന്ന വാക്ക് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ലെന്നും ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായും ജനാധിപത്യപരമായും മുസ്ലീം സംഘടനകൾ ഇത് നേരിടുമെന്നും, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തര്‍ക്കെതിരായ മുദ്രാവാക്യത്തില്‍ 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുന്നിൽ വീണാ വിജയൻ മൊഴി നൽകിയത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്എഫ്ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായതെന്നും, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി ഷോൺ ജോർജ്. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണെന്നും ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്നും പരാതിക്കാരനും അഭിഭാഷകനുമായ ഷോൺ ജോർജ്ജ് വ്യക്തമാക്കി.
മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴി രേഖപ്പപ്പെടുത്തിയ നടപടിയില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നത്തിലും പാര്‍ട്ടി മറുപടി പറയേണ്ടതില്ല. വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽ കുമാറും പ്രതികരിച്ചു.
മാസപ്പടി കേസില്‍ വീണ വിജയനെ എസ്എഫ്ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം തള്ളി കെ.സുരേന്ദ്രന്‍. സതീശൻ ദുരുദ്ദേശ്യത്തോടെ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. പ്രതിപക്ഷ ആരോപണം കൊണ്ട് ഉയർന്നു വന്ന കേസല്ല ഇത്.കേന്ദ്ര എജൻസികൾ അനേഷിച്ചു കണ്ടെത്തിയതാണ്.ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വരട്ടെ, എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മൊഴിയെടുത്ത സംഭവത്തിൽ സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ ഞങ്ങൾ കാണുന്നുളളൂവെന്നും സുധാകരൻ പറഞ്ഞു.
എസ്എഫ്ഐഒ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ലെന്ന് മാത്യു കുഴൽനാടൻ. കേന്ദ്ര സർക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാൻ വേണ്ടിയുളളതാണ്. കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം വീണ വിജയന്റെ മൊഴിയടുത്ത സംഭവത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വീണയുടെ വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ്. ഇതില്‍ പുതുമയൊന്നുമില്ലെന്നും ആരോപണങ്ങള്‍ തെറ്റെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണെന്നുമാണ് മന്ത്രി പറയുന്നത്.
ശബരിമല ദര്‍ശനത്തിന്ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്നും ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. വിവിധ ഇടത്താവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കുമെന്നും, മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിധരിപ്പിക്കുന്നു, അത് ജനങ്ങൾ തിരിച്ചറിയുമെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിന്‍റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന വിശദീകരണം നല്‍കിയാണ് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാത്തത്. നിയമസഭയില്‍ ആരോപണം ഉയര്‍ന്നതോടെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം.
ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ പെൺകുട്ടിയുടെ മുടിമുറിച്ചതായി കുടുംബം മണ്ണഞ്ചേരി പോലീസിൽ പരാതി നൽകി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടിൽ എത്തിയപ്പോഴാണ് നഴ്സിങ് വിദ്യാർത്ഥിയായ പെൺകുട്ടി അറിഞ്ഞത്. സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്നാണ് സംശയം. പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാകുന്നതിനിടെ, യുഡിഎഫിന് കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെ അച്യുതൻ. ചാനൽ ചർച്ചകളിലൂടെ രാഹുൽ ജനങ്ങൾക്കിടയിൽ ഏറെ പരിചിതനാണ്. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രി ദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ പെൺകുഞ്ഞിന് നവമി എന്ന് പേരിട്ടു. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് നവമി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൻറെ സാന്ത്വനത്തിലേക്കാണ് ശനിയാഴ്ച രാത്രി 10 മണിയ്ക്ക് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത്.
കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്നും ഉല്ലാസത്തിനായി കാപ്പിൽ ബീച്ചിൽ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാർ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് കടലിൽ മുങ്ങി താഴുകയായിരുന്നു.
ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം.
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പത്തനംതിട്ട സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരെ ബോധം കെടുത്തി കവർച്ച നടത്തി. സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെയുള്ള കവർന്നു. കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.സംഭവത്തിൽ കാട്പാടി റെയിൽവെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ അറസ്റ്റിൽ. കാസര്‍കോട് അമ്പലത്തറയിലാണ് പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് എംവി തമ്പാൻ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവര്‍ അറസ്റ്റിലായത്.
വര്‍ക്കലയിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ ആറുപേര്‍ ആശുപത്രിയില്‍ തുടരുകയാണ്. വര്‍ക്കല ക്ഷേത്രം റോഡിലെ റണ്ട് ഹോട്ടലുകളിൽ നിന്നായി ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു.
തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.
അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 ന് അതിശക്തമായ മഴയ്ക്കും ഒക്ടോബർ 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
റിയാദ് എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ നിര്യാതനായി. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ ടി.വി. സഫറുല്ലയാണ് മരിച്ചത്.
മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായവരുടെ കയ്യില് നിന്ന് പിസ്റ്റൾ പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു.
ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയ് സംഘം.സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. .നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയി.
ബാബ സിദ്ദിഖിയുടെ കൊലപാതക പശ്ചാത്തലത്തില്‍ ബോളിവുഡ്താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്നും കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിയാക്കപ്പെട്ട ഗുർമൈൽ സിങ്ങിന്റെ കുടുംബം. ഗുർമൈൽ തങ്ങൾക്ക് ആരുമല്ലെന്നും അവനുമായുള്ള ബന്ധം വളരെ മുൻപ് തന്നെ വിച്ഛേദിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പേര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗത്തെ ഹരിയാന ജയിലില്‍ വെച്ച് കണ്ടിരുന്നതായി കേസന്വേഷിക്കുന്ന മുംബൈ ക്രൈം ബ്രാഞ്ച്. ഇവര്‍, വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞപ്പോഴായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് പോലീസ് പറയുന്നു.കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സഘമെന്നും പോലീസ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ധൻദേ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ. കരസേന ഉപയോഗിച്ചിരുന്ന റെയിൽവേ പാളത്തിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെ വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു.
ഹരിയാനയിൽ മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ. ഭൂപേന്ദര്‍ ഒരു വിഡ്ഡിയാണെന്നും, കോണഗ്രസിന്റെ പരാജയത്തിന് കാരണം ഇതാണെന്നും, ഹരിയാനയിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് ഞങ്ങളാണെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഗുർനാം സിംഗ് ചാരുണി പറഞ്ഞു. കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി ആരോപണത്തിന് ശക്തിപകരുകയാണ് കിസാൻ യൂണിയൻ നേതാവിന്റെ പരാമര്‍ശം.