Screenshot 2024 02 27 20 21 14 990 com.android.chrome edit 3

 

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം വര്‍ഷവും പൊൻ കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതി. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്.ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകും.

 

കൂത്തുപറമ്പ് വെടിവയ്പ്പിലെ രക്തസാക്ഷി പുഷ്പന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണെന്ന് പിണറായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിന് ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പനെന്നും പിണറായി വിവരിച്ചു.

വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ്‌ പുഷ്‌പന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സഹനസൂര്യനായി ജ്വലിച്ച പുഷ്‌പന്റെ വിയോഗത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ . വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.

പുഷ്പന്‍റെ വിയോഗത്തിൽ അനുശോചിച്ച് സി പി എം. പുഷ്പന്‌ മരണമില്ലെന്നും തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഇനി അണയാത്ത ജ്വാലയായിരിക്കുമെന്നാണ് സി പി എം വാർത്താക്കുറിപ്പിലൂടെ പറഞ്ഞത്.

ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്.

രാജ്യമൊട്ടാകെ ആഘോഷിക്കുന്ന പൂരമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ക്രിമിനൽ ഗൂഢാലോചന കാരണം തകരാറിലായതെന്ന് വിഡി സതീശൻ. പൂരത്തിന് 3 ദിവസം മുൻപ് പൊലീസ് യോഗം ചേർന്നപ്പോൾ ആരോപണ വിധേയനായ കമ്മിഷ്ണർ പൂരം നടത്തിക്കാൻ ഒരു പ്ലാൻ കൊണ്ട് വന്നു. പൂരം നടത്താനുള്ളല്ല, പൂരം കലാക്കാനുള്ള പ്ലാൻ ആണ് എഡിജിപി കൊണ്ട് വന്നതെന്നും വിഡി സതീശൻ പറഞ്ഞു.

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2രാവിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍‍കുട്ടി നിര്‍‍വ്വഹിക്കും.

വഖഫ് ബോർഡ് ബില്ലിന്മേൽ രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്ന്  ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ക്രൈസ്തവ സമുദായത്തിൽപ്പെട്ട നിരവധി പേർ നിയമപരമായി വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേൽ  വഖഫ് ബോർഡുകൾ  അന്യായമായി  അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

ഹക്കീം ഫൈസി ആദൃശ്ശേരിയെ സിഐസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സിഐസി സെനറ്റ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പാണക്കാട് സാദിഖലി തങ്ങളെ പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്.

 

നടൻ സിദ്ദിഖ് 4 ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത്.സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്.എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.

തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ വ്യക്തമാക്കി.

 

മുഖ്യമന്ത്രി പിണറായി വിജയന് ഭരണകക്ഷി എംഎൽഎ ഉന്നയിച്ച ആക്ഷേപങ്ങളോട് പ്രതികരിക്കാൻ തന്റേടമില്ലെന്ന് കെ.സുധാകരൻ. അതിനാലാണ് അത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഈ ആക്ഷേപങ്ങളെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി സിപിഎം നേതൃത്വം തള്ളിക്കളഞ്ഞാലും അണികൾക്ക് അത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.

ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ അപേക്ഷ. മുല്ലപെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് ഹർജി നൽകിയിരുന്ന കോതമംഗലം സ്വദേശി ഡോ. ജോസഫ് ആണ് സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തത്.അണക്കെട്ടിന്‍റെ സുരക്ഷ ഓരോ ദിവസവും വിലയിരുത്താൻ ദേശീയ ഡാം സുരക്ഷ അതോറിറ്റിയോട് നിര്‍ദേശിക്കണം എന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്.

തിരുവനന്തപുരം വെള്ളറടയിൽ 137 കിലോ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

തിരുവനന്തപുരത്ത് 13.444 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം ടെക്നോപാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് ആണ് ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അമരവിളയിൽ പിടിയിലായത്.

തൃശ്ശൂരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ഇ.എന്‍. മോഹന്‍ദാസ് മുസ്ലിം വിരോധിയാണെന്നും മാനേജുമെന്റിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ടില്‍നിന്ന് പണം അനുവദിച്ചപ്പോള്‍ മോഹന്‍ദാസ് തന്നെ താക്കീതുചെയ്തുവെന്നും അന്‍വര്‍ ആരോപിച്ചു.

 

ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. മൂന്ന് പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല.എന്നാൽ വിവരം ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.

തമിഴ്നാട് വിരുദുനഗറിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. സത്തൂറിലെ സ്വകാര്യ പടക്കശാലയിലാണ്  സ്ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പൊള്ളലേറ്റു.

എയർ ഇന്ത്യ വിമാനത്തിൽ രണ്ട് വയസുള്ള കുട്ടിക്ക് നൽകിയ ഓംലറ്റിൽ നിന്ന് പാറ്റയെ കിട്ടിയെന്ന ആക്ഷേപവുമായി യാത്രക്കാരി.തങ്ങളുടെ ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയിൽപെട്ടെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടത്താൻ ബന്ധപ്പെട്ട കാറ്ററിങ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയർ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

തമിഴ്നാട്ടിലെ ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഗോഡൗണിൽ വൻതീപിടുത്തം.അതേസമയം ജീവപായമോ ആർക്കെങ്കിലും പരിക്കുകളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ല.

ഇൻജക്ഷൻ ഡോസ് കൂടിപ്പോയതിനാൽ ഏഴ് വയസ്സുകാരൻ മരിച്ചതായി പരാതി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. സോനേഷ് എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു.

കേരളത്തിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി റൗസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര. ആഭ്യന്തര സെക്രട്ടറിക്ക് ഈഗോയാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് ആരോപിച്ചു.ഡോ. വി. ശിവദാസന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

യുക്രൈനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും.പുലര്‍ച്ചെ മൂന്നുമണിക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും.നോര്‍ക്ക സിഇഒ അജിത് കോളശേരിയാണ് ഇക്കാര്യം അറിയിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *