വയനാട് ദുരന്തപശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ വേണ്ടെന്ന് വച്ചതാണ്, എന്നാൽ ഓണാഘോഷം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത്സപ്ലൈക്കോ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളെ തുടർന്നായിരുന്നു മാർച്ച്.സംഘർഷത്തിനിടെ യൂത്ത് കോൺ​ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി.പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെയടക്കം തല്ലിച്ചതച്ചതിൽ രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ. മുദ്രാവാക്യം വിളിച്ചവരെ തലകീറി കൊല്ലാനാണോ? അങ്ങനെ നിയമമുണ്ടോ? ഇന്ന് ആക്രമിച്ച പൊലീസുകാരെ ഞങ്ങൾ വ്യക്തിപരമായി നാട്ടിൽ നേരിടാൻ തീരുമാനിക്കുമെന്നും സംഭവ സ്ഥലത്തെത്തി അദ്ദേഹം പറഞ്ഞു.സമരം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസുകാരെ തല്ലിയ പൊലീസുകാർ കരുതിയിരുന്നോളു, ഓരോ അടിക്കും കണക്കുപറയിക്കുമെന്ന്   കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല മുന്നറിയിപ്പു നൽകി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അബിൻ വർക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയെന്നും പൊലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ  തല ലജ്ജ കൊണ്ട് കുനിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി എംആർ അജിത്കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ച് സംഘർഷത്തെ തുടർന്ന് അവസാനിപ്പിച്ചു.അബിൻ വർക്കിയെ തല്ലിയ കൻ്റോൺമെന്റ് എസ് ഐ ആയ ഷിജുവിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയർന്നു.

മുൻ ലോയേഴ്സ് കോൺഗ്രസ്  നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ് . പീഡനക്കേസിലെ പരാതിക്കാരിയെ,  ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.പരാതി പിൻവലിക്കാനായി ഭീഷണിപ്പെടുത്തിയതിന് നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

തൃശ്ശൂർ   പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് തൃശൂർ സബ് കലക്ടറുടെ റിപ്പോർട്ട്. റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നാണ് റിപ്പോർട്ടിൽ  വ്യക്തമാക്കിയിരിക്കുന്നത്.

 

സിപിഎം നേതാവ് കെടി ജലീൽ എംഎൽഎ ഫേസ്ബുക്കിലിട്ട പോസ്റ്റിന് വിമർശനം. രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്‍റെ മഷിക്ക് എന്ന കെടി ജലീലിന്‍റെ പ്രയോഗം രക്തസാക്ഷികളെ അപമാനിക്കുന്നതും വിലകുറച്ച് കാണുന്നതുമാണെന്നുമാണ് വിമർശനം.അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്‍റെ വിശുദ്ധി താഴ്ത്തിക്കേട്ടേണ്ടെന്നാണ് ഇടത് അണികളുടെ വിമർശനം.

ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

പിവി അൻവർ എംഎഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകുമെന്നും, അൻവർ ആരോപണത്തിൽ ഉറച്ചുനിൽക്കണമെന്നും ഹസൻ പറഞ്ഞു.

 

2022ലെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. ഒന്നാം റാങ്ക് കേരളത്തിനെന്ന് മന്ത്രി പി രാജീവ് ആണ് അറിയിച്ചത്. ഒമ്പത് കാറ്റഗറികളിൽ ഒന്നാമത് എത്തിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയതെന്ന്മന്ത്രി പറഞ്ഞു. കേരളത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അഭിനന്ദിച്ചു. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണ് ഇതെന്നും സംരഭക സമൂഹവും മികച്ച പിന്തുണ നൽകിയെന്നും രാജീവ് പറഞ്ഞു

നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസൻ. പരാതിയിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു നിവിൻ പോളി എന്നാണ് വിനീതിന്റെ വിശദീകരണം.

നിവിന്‍ പോളിക്കെതിരായ പരാതിയില്‍ പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ നടന്‍ കൊച്ചിയിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ഹോട്ടല്‍ ബില്‍ പുറത്ത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്.

സപ്ലൈക്കോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ പ്രതിയായ ഐജി ജി. ലക്ഷ്മണയുടെ സസ്പെൻഷൻ റദ്ദാക്കി. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. പൊലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന്റെ പുനർനിയമനം.

ഓണച്ചന്ത തുടങ്ങുമ്പോള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേട്ടുകേള്‍വിയില്ലാതതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിലയുടെ കാര്യം നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്.വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല്‍ നടത്തുന്ന ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ  25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) സെക്രട്ടേറിയറ്റിൽ ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധന വകുപ്പു മന്ത്രി കെ.എൻ.ബാല​ഗോപാൽ പ്രകാശനം ചെയ്തു.

 

കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് സിബിഐക്ക് വിടാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയതായി മലപ്പുറം എസ് പി എസ് ശശിധരൻ. കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ് പി പറഞ്ഞു.

ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്.പൊതു സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും കേരളത്തിൽ ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കാൻ നയത്തിലൂടെ  സാധിക്കുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.

പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരിക്കും പരിഗണിക്കുക.

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

സിക്കിമില്‍ വാഹനാപകടത്തില്‍ നാല് സൈനികര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ പെദോങ്ങില്‍നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. സിക്കിമിലെ പാക്‌യോങ് ജില്ലയിലെ സില്‍ക്ക് റൂട്ടിലായിരുന്നു അപകടം.

 

ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് ഇടനിലക്കാരാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. റഷ്യൻ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധബി പുരി ബുച്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ സെബി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.ജീവനക്കാര്‍ക്കതിരെ തെറ്റയാ കാര്യങ്ങള്‍ പ്രചരിപ്പിച്ചന്നാരോപിച്ചും മാധബി ബുച്ച് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *