വയനാട് ദുരന്തബാധിതർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതി.മേപ്പാടിയിൽ നിലവിലുള്ള വാടക തുക വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു മുതിർന്നവർക്ക് മുന്നൂറ് രൂപ എന്ന തുക വർദ്ധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വർഷത്തേക്ക് നീട്ടുകയും വേണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പി വി അൻവറിന് പിന്തുണയുമായി എംഎൽഎ യു പ്രതിഭ . അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യമാണ്. അത് ഒരിക്കലും ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും യു പ്രതിഭ പറഞ്ഞു. ഐപിഎസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് പി വി അൻവർ എംഎൽഎ തുറന്നുകാണിച്ചത്. അദ്ദേഹം പറഞ്ഞ കാര്യത്തിൽ കഴമ്പ് ഉണ്ടോ എന്നാണ് നോക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
അതിഥി തൊഴിലാളി രജിസ്ട്രേഷന് വേണ്ടി ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.പേര് രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കും.ഈ നമ്പർ വിവിധ ഏജന്‍സികള്‍ക്ക് നൽകി വിവരങ്ങള്‍ ലഭ്യമാക്കും.
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എഡിജിപി എം ആര്‍ അജിത് കുമാർ ശ്രമിച്ചുവെന്ന് സിപിഐ വയനാട് ഘടകം ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചു. സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങൾക്ക് സംശയം ഉണ്ടായിരുന്നുവെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
എം എൽ എ പി.വി.അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന തീരുമാനമെടുത്തുവെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും. ഡി.ജി.പി. ഇക്കാര്യങ്ങൾ അന്വേഷിച്ചു ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സർക്കാരിന് ലഭിക്കാനുള്ള നിർദേശം നൽകിയതായും ബാലൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊച്ചിയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നതെന്നും രാഹുല്‍ ആരോപിച്ചു.
എസ്.പി.സുജിത് ദാസിനെതിരെ സ്വർണക്കടത്ത് ആരോപണം ഉയര്‍ന്നതോടെ അന്വേഷണവുമായി കസ്റ്റംസും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. എംഎൽഎ പി.വി.അൻവർ ഒട്ടേറെ ആരോപണങ്ങൾ ഉണയിച്ചതോടൊപ്പം സുജിത് ദാസിനെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടും ആരോപണം ഉന്നയിച്ചിരുന്നു . ഇതേ തുടര്ന്ന് സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകൾ വിശദമായി പരിശോധിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറുകിട വൈദ്യുതി പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി 455 സ്ഥലങ്ങളില്‍ പരിശോധന. സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് പേർ അറസ്റ്റിലായിട്ടുണ്ട്.
നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28ന് നടക്കും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഈ മാസം 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിക്കുകയായിരുന്നു.
അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട്ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് പദവിയിൽ നിന്നും ഒഴിവാക്കണം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
പൂരം വിവാദത്തിൽ എല്‍ഡിഎഫിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി. തൃശൂർ പൂരം അലങ്കോലമാക്കിയതിന്‍റെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതല നൽകി. രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നിലവിലെ അക്കാദമി വൈസ് ചെയർമാൻകൂടിയായ പ്രേംകുമാറിന് ചെയർമാന്റെ താത്ക്കാലിക ചുമതല നൽകിയത്.
നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തു . വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോതമംഗലം ഊന്നുകൽ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് യുവതി.കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ഈ മാസം 13 ന് പരിഗണിക്കും. അന്നേ ദിവസം മറുപടി നൽകാൻ ആണ്ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നടൻ മുകേഷിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. ബലാത്സംഗ കേസിൽ പ്രതിയായ മുകേഷിന്റെ ജാമ്യപേക്ഷ എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂർത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി. എന്നാൽ അവർ ആരെയും വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്നു മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റു പ്രശ്നങ്ങളറിയാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഗ്യലക്ഷ്മി പറഞ്ഞു.
ആമയിഴഞ്ചാന്‍ തോട്ടില്‍ മരണപ്പെട്ട റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയുടെ കുടുംബത്തിന് നേരെ കേന്ദ്ര റെയില്‍വേ മന്ത്രാലയം മുഖം തിരിക്കുന്നുവെന്ന് എഎ റഹീം. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് റഹീം ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎൽഎ ഉയര്‍ത്തിയ ആരോപണം ഞെട്ടിപ്പിക്കുന്നതെന്ന് കുടുംബം. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. ഇനി കേസ് സിബിഐ അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരൂ എന്നും കുടുംബം പ്രതികരിച്ചു.
പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം ഉണ്ടായതിൽ ദുരൂഹത. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയർന്നത്.സംഭവം സബ് കളക്ടർ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. ഒരു ദിവസത്തിൽ സബ് കളക്ടർ റിപ്പോർട്ട് സമർപ്പിക്കും.
ഹരിയാനയിലെ ഫരിദാബാദിൽ പശുക്കടത്തെന്ന് സംശയിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആര്യൻ മിശ്രയെ ആണ് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കാണ്ഡഹാർ വിമാനറാഞ്ചലിനെ പറ്റിയുള്ള വെബ് സീരീസീനെതിരായ പരാതിയിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ കണ്ടന്റ് മേധാവി വാർത്താ വിതരണ മന്ത്രാലയത്തിൽ ഹാജരായി. സീരീസിന്റെ ഉള്ളടക്കം പരിശോധിക്കുമെന്നും, ഭാവിയിൽ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകൾ രാജ്യത്തെ വികാരവും പരിഗണിക്കുന്നതാകുമെന്നും നെറ്റ്ഫ്ലിക്സ് അധികൃതർ ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ പശ്ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ചു. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 28 സിറ്റിങ് എം.എൽ.എമാരിൽ ഭൂരിഭാഗംപേരും വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. സീറ്റ് വിഭജനം ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.