സംസ്ഥാന പൊലീസിലെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവഅന്‍വര്‍ എംഎല്‍എ. എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്, നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. കൂടാതെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും, മുഖ്യമന്ത്രി ഇവരെ ഏൽപ്പിച്ച ചുമതലകൾ അവര്‍ കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.

എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡി.ജി.പി.യോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നാലെ ഐ.പി.എസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. യോഗത്തിൽ മുഖ്യമന്ത്രിക്ക് നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച നടന്നതായാണ് സൂചന.

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയുമൊത്ത് തെളിവെടുപ്പ് നടത്തി പോലീസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയായിരുന്നു തെളിവെടുപ്പ്.സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കാണിച്ചുകൊടുത്തു.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ തെളിവെടുപ്പ്. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണ് തെളിവെടുപ്പ്. നടിയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കേസിലെ പ്രധാന സാക്ഷി ജോഷി ജോസഫിനെയും എത്തിച്ചാണ് തെളിവെടുപ്പ് നടന്നത്.

പി വി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളാണിത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രി സ്വയം രാജി വെക്കണമെന്നും ആരോപണവിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്നും വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്കുമാറിനും എതിരെ ഭരണകക്ഷി എം എല്‍ എയായ പി വി അൻവർ ഉന്നയിച്ച ആരോപണത്തില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. ഫോണ്‍ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എ ഡി ജി പിക്കെതിരെ എം എല്‍ എ ഉന്നയിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എംഎൽഎ പിവി അൻവർ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി പറയണം. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നാണ് പിവി അൻവർ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ ഫോൺ ചോർത്തുന്നതെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

പി വി അൻവർ എസ് പി ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും കടുത്ത അതൃപ്തിയിൽ സിപിഎം. സിപിഎം മുന്നറിയിപ്പുകൾ പരസ്യമായി തള്ളിക്കൊണ്ടുള്ള പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പും പാർട്ടിയും കടുത്ത സമ്മർദ്ദത്തിലായി. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ എംഎൽഎ വിമർശിക്കുന്നത്.

 

എം എൽ എ പി വി അന്‍വറിന്‍റെ ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഗൗരവതരമാണെന്നും, ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനുള്ള കെൽപ്പ് സിപിഎമ്മിനുണ്ടെന്നെന്ന് പറഞ്ഞ ബിനോയ്‌ വിശ്വം, എൽഡിഎഫിൽ പറയേണ്ടത് അവിടെ പറയുമെന്നും കൂട്ടിച്ചേര്‍ത്തു.

അൻവറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത് കുമാറിനെ സർവീസിൽ നിന്നും നീക്കണം. എഡിജിപി പൂരം കലക്കിയെന്ന് ഭരണപക്ഷ എംഎൽഎ തന്നെ സമ്മതിച്ചു. ഏതോ ഉന്നത ബന്ധം താൻ അന്ന് തന്നെ ഉന്നയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

 

എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ മാറ്റിയ സി പി എം നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ. തന്നെ കണ്ടതാണ് ഇ പിയെ സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് എക്സിലൂടെ ജാവദേക്കർ പ്രതികരിച്ചത്. സി പി എം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും തെളിവെന്നും ജാവദേക്കർ അഭിപ്രായപ്പെട്ടു.

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് അനുമതി ലഭിച്ചതോടെ അതിവേഗം തുടർപ്രവർത്തനങ്ങൾ നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് . പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ് പെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്ടെ ബിജെപി പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് വിട്ട മുൻ എംഎൽഎ എവി ഗോപിനാഥും. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ പൗരപ്രമുഖരുമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് എ വി ഗോപിനാഥ് എത്തിയത്. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും കർഷകരുടെ പ്രശ്നം ഉന്നയിക്കാനാണ് എത്തിയതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.

മുൻ എ ഐ സി സി അംഗം സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച സിമി റോസ് ബെല്‍ ജോണിനെ, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പുറത്താക്കിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജുവാണ് അറിയിച്ചത്.

 

ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനർനിർമിക്കാമെന്നും ഡബ്ലൂസിസി കൂട്ടിച്ചേർത്തു.

 

ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി വിൻസി അലോഷ്യസ് ആരോപിച്ചു. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിൻസി വ്യക്തമാക്കി.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളിൽ പരാതി ഉന്നയിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് വേണ്ടതെന്ന് സംവിധായകൻ ജിയോ ബേബി. മലയാള സിനിമാ മേഖലയിൽ വലിയ മാറ്റത്തിന് കാരണമാവും. മാറ്റം കൊണ്ടുവരുന്നത് ഡബ്ല്യുസിസിയാണ്. പെണ്ണുങ്ങളാണ് എന്നുള്ളത് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുമെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണമെന്നും അദ്ദേഹത്തിൻ്റെ കുറിപ്പിലുണ്ട്.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണൻ. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും, ഹേമ റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണം എന്നാണ് ഫെഫ്കയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

 

താരസംഘടന അമ്മയുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന.

 

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്.

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

പോത്തുകല്ല് മേഖലയിൽ ചാലിയാറിൽ‌നിന്ന് ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വ്യക്തിയുടേതാണ് ശരീരഭാഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീരഭാഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

സംസ്ഥാനത്തെ മഴ അറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇപ്പോൾ 10 ജില്ലകളിലേക്ക് നീട്ടി. കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

അട്ടപ്പാടി വനമേഖലയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൌക്കത്തലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. സംഭവത്തിൽ എക്സൈസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് മാതൃകയില്‍ തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സമാനമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് നടി സാമന്ത. ഇത് നയങ്ങൾ രൂപപ്പെടുത്താനും സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും സഹായിക്കുമെന്ന് സാമന്ത പറഞ്ഞു പറഞ്ഞു.

 

ക്രിക്കറ്റ് ക്ലബ്ബ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ആടുജീവിതം നിർമ്മാതാക്കൾ. സിനിമയ്ക്ക് വേണ്ടി എ ആർ റഹ്മാൻ ഒരുക്കിയ പാട്ട് ക്ലബ്ബ് എഡിറ്റ് ചെയ്ത് ഉപയോഗിച്ചുവെന്നതാണ് പരാതി.

 

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്നെന്ന് ആരോപിച്ച് നാളെ യുഡിഎഫ് പ്രതിഷേധം. പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു.

 

ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം.

മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ വാക്കേറ്റമുണ്ടായി. തെന്നിന്ത്യൻ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജഡ്ജി നിയമന പട്ടികയിൽ തങ്ങളെ പരിഗണിക്കാൻ കേരള ഹൈക്കോടതി കൊളീജിയത്തോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന രണ്ട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിമാർ സുപ്രീം കോടതിയെ സമീപിച്ചു. തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സൈദലവി പി.പി., തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും ഫയൽചെയ്ത റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തു.

2025 മുതൽ രാജ്യത്തെ നിരത്തുകളിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകൾ മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കി റോഡ് ഗതഗാതമന്ത്രി നിതിൻ ഗഡ്‍കരി. ബസുകളുടെ നിർമാണത്തിൽ പഴയ രീതി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത യുഎസ് റാപ്പർ ഫാറ്റ്മാൻ സ്‌കൂപ്പ് വെള്ളിയാഴ്ച കണക്റ്റിക്കട്ടിൽ ഒരു സംഗീത പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. 53-ാം വയസായിരുന്നു. ഫാറ്റ്മാൻ സ്‌കൂപ്പിന്‍റെ ഇൻസ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റിൽ, റാപ്പർ മരിച്ചുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചു.

 

സൗദി അറേബ്യയിൽ ചൈനീസ് ഭാഷാപഠനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി. രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ പുതിയ അധ്യയനവാർഷാരംഭത്തിൽ ഒരു കൂട്ടം അധ്യാപകർ ചൈനയിൽനിന്ന് സൗദിയിലെത്തി. വനിതകളും പുരുഷന്മാരും ഉൾപ്പെട്ട അധ്യാപകർക്ക് തബൂക്ക് വിദ്യാഭ്യാസ കാര്യാലയമാണ് സ്വീകരണം ഒരുക്കിയത്.

മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മീററ്റ് – ലക്നൗ, മധുര – ബെംഗളൂരു, ചെന്നൈ – നാഗർകോവിൽ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഓടുക. പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയിലെ മസാഫിയിലാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് അറിയിച്ചു. ഇന്ന് രാവിലെ പ്രാദേശിക സമയം 7.53നാണ് മസാഫിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 1.6 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.

 

ഗാസയിൽ പോളിയോ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം. ആറ് ലക്ഷത്തി നാൽപതിനായിരം കുട്ടികൾക്ക് വാക്സിൻ നൽകും. 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ഇതിനകം എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിനേഷനായി ദിവസവും 8 മണിക്കൂർ നേരത്തേക്ക് വെടിനിർത്താൻ ധാരണയായി. 25 വർഷത്തിന് ശേഷം ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ആശങ്കക്കിടയാക്കിയിരുന്നു.

മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മീററ്റ് – ലക്നൗ, മധുര – ബെം​ഗളൂരു, ചെന്നൈ – നാ​ഗർകോവിൽ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഓടുക. പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

കൊൽകത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ  നൽകാനുള്ള  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കത്തിനെതിരെ കേന്ദ്രം. മമതയുടെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച്  വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *