വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരായവരെ മാറ്റിത്താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ഒരാഴ്ച്ചയ്ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണം. ഹോട്ടലുകൾ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം.ബാങ്കുകൾ സർക്കാർ സഹായത്തിൽ നിന്നും ഇ.എം.ഐ പിടിച്ചാൽ അറിയിക്കണം.ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
റഷ്യയില്‍ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ – ഉക്രൈൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹ ഇനി ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും . ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല . വാട്ടർ അതോറിറ്റി എംഡിയായി ജീവൻ ബാബു നിയമിതനായി. വിനയ് ഗോയൽ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ആകും . സഹകരണ വകുപ്പ് രജിസ്ട്രാർ ഡി സജിത്ത് ബാബു ആയിരിക്കും. കെ ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് ഡയറക്ടറാവും. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടിവി സുഭാഷിനെ നിയമിച്ചു.
മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ ‘ഡെയ്ലാ’ എന്ന മദര്‍ഷിപ്പ് വിഴിഞ്ഞം തീരത്തെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവുംവലിയ ചരക്കു കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽകൂടിയാണിത്.
നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ എംപി . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. പിന്നീട് നടത്താമെന്നായിരുന്നു ധാരണ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിലപാട് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്ന് നടൻ ലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉടലെടുത്ത സംഭവങ്ങളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെന്നാണ് നടന്മാര്ക്ക് എതിരായ ലൈംഗികാരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ലാൽ പ്രതികരിച്ചത്.
കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചുവീഴ്ത്തി കോമ സ്റ്റേജിലാക്കിയ സംഭവത്തിൽ ഇടപെട്ട് ലീഗൽ സർവ്വീസ് അതോറിറ്റി. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കുട്ടിയെ സന്ദർശിച്ചു. കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം എത്തിക്കാനുള്ള എല്ലാ സാധ്യതകളും തേടുന്നെന്ന് ജില്ല ലീഗൽ സർവീസ് അതോറിറ്റി അറിയിച്ചു.
വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷൻ നടത്തുന്ന വിധം നിയമ ഭേദഗതി വരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ആവശ്യക്കാർക്ക് വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ചട്ട ഭേദഗതി കൊണ്ടുവരാൻ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകുകയായിരുന്നു.
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലിന്റെ പരാതിയിൽ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. ഇതിനായി തോടന്നൂർ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വളരെ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പ്രതികരിച്ചു.ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളല്ല. അല്ലാതെ തന്നെയുള്ള ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കേസുകളും അറസ്റ്റുകളുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂർത്തിയായി. നടൻ ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂർത്തിയായി. രഞ്ജിത്തിനെതിരെയുള്ള തെളിവുകൾ കൈമാറി എന്ന് യുവാവ് വ്യക്തമാക്കി.
നടനും എംഎൽഎയുമായ മുകേഷ് പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം തന്റെ അഭിഭാഷകന് കൈമാറി. അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്. അതേസമയം മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനി കോടതിയിൽ ഹാജരായി രഹസ്യമൊഴിയും നൽകി.
മുകേഷിന്റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കും. രാജി ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും.
മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മുകേഷ് എം.എൽ.എ രണ്ട് ദിവസത്തിനുള്ളിൽ രാജിവെച്ചില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ കെ. അജിത. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസർക്കാർ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവർത്തനങ്ങൾ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടെന്നും അജിത വിമർശിച്ചു.
മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. ജഡ്ജ് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ ആണെന്നും മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ഫെഫ്ക നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു.ഹേമാ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത പ്രതികരിച്ചു.ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ജയസൂര്യയ്ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയതില്‍ വ്യക്തതവരുത്തി നടി.തന്നെ ആരും ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും കണ്‍സെന്റില്ലാതെ ശരീരത്തില്‍ തൊടുകയാണുണ്ടായതെന്നും നടി പറഞ്ഞു.
വധശ്രമകേസിൽ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ൽ കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി
കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറിൽ അതി തീവ്രന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .
താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടി. സംഭവം നടന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ഒൻപത് പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി. ഏഴ് നഴ്സുമാരെയും നഴ്സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് സ്ഥലം മാറ്റിയത്.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു. സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘറിൽ വാഡ് വൻ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ.
അനാച്ഛാദനം ചെയ്ത് എട്ട് മാസം തികയും മുന്നേ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന് വീണതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഛത്രപതി ശിവാജിയുടെ പ്രതിമ തർന്നുവീണതിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പിയില്‍ ചേര്‍ന്ന ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായ ചംപായ് സോറനെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ചാരന്മാരെ നിയോഗിച്ചിരുന്നെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആറുവര്‍ഷത്തോളം ചംപായ് സോറന് നിരീക്ഷണത്തിലായിരുന്നുവെന്നും ഹിമന്ത ശര്‍മ ആരോപിച്ചു.
സിഖ് വിരുദ്ധ കലാപത്തിനിടെ പുൽ ബംഗേഷ് ഗുരുദ്വാരയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറിനെതിരെ കുരുക്ക് മുറുകുന്നു. കൊലപാതകം, കലാപമുണ്ടാക്കാനുള്ള പ്രകോപനം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താൻ ഡൽഹി കോടതി നിർദേശം നൽകി.
ഓപ്പറേഷന് താമരയിലൂടെ ബി.ജെ.പി. കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യന്ത്രി സിദ്ധരാമയ്യ. പണംകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിനെ അട്ടിമറിക്കുന്നത് എളുപ്പമുള്ള കാര്യമാവില്ലെന്നും സിദ്ധരാമയ്യ ഓര്‍മിപ്പിച്ചു.
തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്സിലും സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടല്‍ അവനി ലേഖ്റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച 1 ഇനത്തിലാണ് വെള്ളിയാഴ്ച അവനി സ്വര്‍ണം നേടിയത്. കഴിഞ്ഞതവണ ടോക്യോയിലും ഇതേയിനത്തില്‍ അവനി സ്വര്‍ണ മെഡല്‍ വെടിവെച്ചിട്ടിരുന്നു.