സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
മഹാത്മ അയ്യങ്കാളിയുടെ 161- ആം ജയന്തി ആഘോഷങ്ങൾ സംസ്ഥാനത്ത് വിപുലമായി ആചരിച്ചു.തിരുവന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതിൽ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ് . പ്രത്യേക സഘം കോടതി വഴി രഹസ്യമൊഴിയുമെടുക്കും. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡിജിപി പ്രത്യേകം ഉത്തരവുകളിറക്കും.2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്.
ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ. ലൈംഗിക ചൂഷണത്തിനായി നടിയെ നിർമാതാവ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണിത്. വി. എസ് ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി.
ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയിൽ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.
വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് നടത്താൻ ബിജെപി അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ. ബിജെപി പട്ടികജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകിയ നടിയുടെ മൊഴിയെടുക്കുന്നത് മണിക്കൂറുകൾ പിന്നിട്ടു. രാവിലെ പത്തരയോടെ ആലുവയിൽ നടി താമസിക്കുന്ന ഫ്ലാറ്റിലെത്തിയ പ്രത്യേക അന്വേഷണസംഘം മൊഴി രേഖപ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണ്.
‘അമ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി വെച്ചത് ഉചിതമായില്ലെന്ന് ചൂണ്ടിക്കാണിച്ച് അഭിനേത്രി നിഖില വിമൽ. അമ്മയിലെ അംഗങ്ങളായ തങ്ങളും സോഷ്യൽ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞത്. ‘അമ്മ’ ഭാരവാഹികൾ സമൂഹത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില കൂട്ടിച്ചേർത്തു.
പൃഥ്വിരാജും ആസിഫ് അലിയും ചാക്കോച്ചനുമൊക്കെ അധികാരത്തിലേക്ക് വരണം.മോഹൻലാൽ അടക്കമുള്ളവർ രാജിവെച്ചത് നന്നായി. വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്.” എന്നും ധർമജൻ അഭിപ്രായപ്പെട്ടു.
പകൽ മാന്യമായി മാത്രം ഇടപെട്ടിരുന്ന ഒരു നടൻ രാത്രി വാതിലിൽ മുട്ടിയ അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ശിവാനി ഭായ്. ഇതേക്കുറിച്ച് സംവിധായകനോടും നിർമാതാവിനോടും പരാതിപ്പെട്ടതിനെ തുടർന്ന് നടൻ സിനിമയിലെ അവസരങ്ങൾ നഷ്ടമാക്കിയെന്നും അവർ പറഞ്ഞു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ ഉള്ള ചെലവ് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് അർജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി.
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ വ്യക്തമാക്കി. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36പേരെ തിരിച്ചറിഞ്ഞത്.
മുസ്ലീം ലീഗ് നേതാവിനെതിരെ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരിക്കെ ഭരണ സ്വാധീനത്തില്‍ എടക്കര ശാഖയില്‍ നിന്ന് അനധികൃതമായി വായ്പയെടുത്തെന്നാണ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയുള്ള പരാതി.
കേരളത്തിൽ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യത. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം നാളെ അറബിക്കടലിൽ എത്തിച്ചേരാനുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കാസര്‍കോട് ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് സ്മൃതിയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. കൊല്ലം തെന്മല സ്വദേശിയായ എസ്കെ സ്മൃതി (20)യെ തിങ്കളാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷിന്. മികച്ച പരിശീലകനുള്ള പുരസ്‌കാരം നെറ്റ്‌ബോള്‍ പരിശീലകന്‍ ഗോഡ്‌സണ്‍ ബാബുവിനും ലഭിച്ചു.കെ.പി.സി.സിയുടെ കായികവിഭാഗമായ ദേശീയകായികവേദിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ . ഡോ. സന്ദീപ് ഘോഷിനേയാണ് അംഗത്വത്തില്‍ നിന്ന് ഐ.എം.എ സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ നുണപരിശോധന സിബിഐ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്.
വ്യവസായ മേഖലയിൽ രാജ്യത്തിന്റെ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ. 12 പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ മേഖലകളാണ് വികസിപ്പിക്കുക.കേരളത്തിലെ പാലക്കാട് മേഖലയുടെ വികസനത്തിന് മാത്രമായി 3806 കോടി അനുവദിച്ചു.
എയർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്.പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതിൽ വരുത്തിയ പിഴവിന് ആണ് നടപടി.പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ.
ദില്ലിവ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് സാമ്യമുള്ള വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ അമൃതസർ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഏകദേശം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളുടെയും ലാൻഡിംഗ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ 3 മണിക്കൂർ ബാധിച്ചു.
ദ ന്യൂസ് മിനിറ്റിനെതിരെ കർണാടക ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ, തുടർ നടപടികൾക്ക് കർണാടക ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ എല്ലാ നടപടികളും നിർത്തിവയ്ക്കാനാണ് നിർദ്ദേശം. 2021 മെയ് 29-ന് കൊവിഡ് വാക്സീൻ വിതരണത്തിന്‍റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ബിജെപി നേതാവ് ന്യൂസ് മിനിറ്റിനെതിരെ അപകീർത്തിക്കേസ് നൽകിയത്.
മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ നിരവധി പശുക്കളെ ഒരു സംഘമാളുകൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഏകദേശം അമ്പതോളം പശുക്കളെ എറിഞ്ഞെന്നാണ് റിപ്പോർട്ട്. ഇതിൽ ഇരുപതോളം പശുക്കൾ ചത്തു. സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ അറസ്റ്റിലാകുന്നവരെ ജാമ്യം നല്കാതെ ദീർഘകാലം തടവിൽ വയ്ക്കുന്നതിനെതിരെ സുപ്രീംകോടതി. കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകമാണെന്ന് കോടതി വിധിച്ചു.
ഡി.എം.കെ. എം.പി. എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിലാണ് നടപടി. ഫെമ സെക്ഷൻ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുന്ന ബിൽ പാസാക്കി ഹിമാചൽ പ്രദേശ്. നിയമസഭവനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാൻഡിലാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അരുണാചൽ പ്രദേശിൽ സൈനികർ സഞ്ചരിച്ച വാഹനം റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ അപ്പർ സുബൻസിരി ജില്ലയിലെ ടാപി ഗ്രാമത്തിന് സമീപം ട്രാൻസ് അരുണാചൽ ഹൈവേയിലാണ് അപകടമുണ്ടായത്.