കൊല്‍ക്കത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും. സുപ്രീംകോടതി ഇടപെടല്‍ തേടി രണ്ട് അഭിഭാഷകരും തെലങ്കാനയില്‍ നിന്നുള്ള ഡോക്ടറും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകും.
മകൾക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവിൽ നടക്കുന്ന പോരാട്ടങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അച്ഛൻ. മകളെ നഷ്ടപ്പെട്ട തങ്ങൾക്ക് നീതി വേണമെന്നും. മുഖ്യമന്ത്രി മമത ബാനർജിയടക്കം നൽകിയ ഉറപ്പിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാണ് സിബിഐയോട് പറയാനുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ, ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി. ആർജി കർ മെഡിക്കൽ കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുപിഎസ് സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് നേടിയ കാതൽ സിനിമയ്ക്കെതിരെ കെസിബിസി ജാഗ്രതാ കമ്മീഷൻ. സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭയും പോപും അംഗീകരിച്ചു എന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്നും എന്നാൽ വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റപ്പെടുത്താതെ കാരുണ്യത്തോടെ ഉൾക്കൊള്ളുന്ന സമീപനമാണ് സഭയുടേതെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇനിയും ഇത്തരം വിഷയങ്ങളിൽ സഭാ പ്രബോധനങ്ങൾക്കനുസൃതമായ നിലപാട് സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കുറ്റാരോപിതനായ റിബേഷിൻ്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയിൽ സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണ് റിബേഷ് ചെയ്തത്. അതുകൊണ്ടാണ് പറക്കൽ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്. റിബേഷിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാഫിര്‍ സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപയാണ് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചത്. എന്നാൽ കാഫിര്‍ സ്ക്രീൻ ഷോട്ട് കേസിലെ പ്രതികളെ റിബേഷ് തെളിയിച്ചാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററിലൂടെ മറുപടി നല്‍കി.
വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി നാളെ യോഗം ചേരും.തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുക്കും. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കും.
വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
വയനാട് ദുരിതബാധിതർക്കുളള സർക്കാരിന്റെ ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെ ചൂരൽമലയിലെ ഗ്രാമീണ ബാങ്ക് ഇഎംഐ പിടിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കളക്ടർക്കുളള നിർദ്ദേശം. വിഷയം പരിശോധിക്കുന്നതായി ജില്ലാ കലക്ടർ വ്യക്തമാക്കി. വീടുപണിക്ക് വേണ്ടി ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്ത ആളുകളുടെ പണമാണ് ബാങ്ക് പിടിച്ചത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്ക് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ് . നാളെ തിരുവനന്തപുരത്ത് എസ്എൽബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
വയനാട് ഉരുൾ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് റോയിട്ടേഴ്സ്. ചൂരൽ മല മുതൽ താഴെ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും വരെ എങ്ങനെയാണ് പൊട്ടിയൊലിച്ചെത്തിയ ഉരുൾ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും നടപടി. തിരുവല്ല ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി.
റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.
താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും, ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും മന്ത്രി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോഗ് കൂടി പറഞ്ഞാണ് മന്ത്രി വേദി വിട്ടത്. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്‍റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മാസ് ഡയലോഗ്.
വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ടും. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ വനിതാ നഴ്‌സിംഗ് ഓഫീസര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വലതുകൈക്ക് പൊട്ടല്‍ ഏല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
ഐ.സി.ആര്‍.ടി ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസം ഒന്നാം സ്ഥാനം നേടി. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്.
മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സോളമൻ എന്നയാളാണ് പെട്രോൾ ഒഴിച്ചത്. നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം.
പലിശ സംഘത്തിന്റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജാണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം ഒൻപതിനാണ് പലിശ ഇടപാടുകാ൪ മ൪ദിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ദില്ലിയിലെ നിർഭയ സംഭവത്തെക്കാൾ ഭീകരമായ കുറ്റകൃത്യമാണ് കൊൽക്കത്തയിൽ നടന്നതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ഗായിക ചിത്ര. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. പരേതയായ ആത്മാവിന് വേണ്ടി ഞാൻ തല കുമ്പിട്ട് പ്രാർത്ഥിക്കുകയാണെന്നും ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.
ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്നാണ് ഭസ്മകുളത്തിന് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്.
എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന മണ്ണാർക്കാടിൻ്റെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മണ്ണാര്‍ക്കാട് പൊലീസിൻ്റെ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖും മക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ചികിത്സ തേടിയത്. മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 1985 ൽ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ് എൽ പുരം സദാനന്ദന്റെ രചനയിൽ വത്സനാണ് സംവിധാനം ചെയ്‌തത് . ഒഎൻവി കുറുപ്പ്, രവീന്ദ്രൻ ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഈ ചിത്രത്തിലേതാണ് .
യുഎസിലെ ടെക്‌സാസിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ലിയാൻഡറിലെ താമസക്കാരായ അരവിന്ദ് മണി, ഭാര്യ പ്രദീപ അരവിന്ദ്, മകൾ ആൻഡ്രിൽ അരവിന്ദ് എന്നിവരാണ് ബുധനാഴ്ച പുലർച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപം അപകടത്തിൽ മരിച്ചത്.
തമിഴ്നാട് കൊടൈക്കനാലിൽ മലയാളി യുവാവിന്‍റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊടൈക്കനാലിലേക്ക് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് നാജി വിനോദസഞ്ചാരത്തിനായി എത്തിയത്.
ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇന്ത്യ സഖ്യത്തിന് തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം. 6 എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തി. ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
സൗദി അറേബ്യ എംപോക്സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. എംപോക്സ് ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ആഗോളതലത്തില്‍ എംപോക്സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം. എന്നാൽ എംപോക്സ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സെബി ഡയറക്ടർബോർഡ് അംഗമായിരിക്കെ മാധബി പുരി ബുച്ച് ക്രമവിരുദ്ധമായി കൺസൾട്ടൻസി സ്ഥാപനത്തിൽനിന്ന് വരുമാനംനേടിയെന്ന് ആരോപണം. 2017-ലാണ് മാധബി പുരി ബുച്ച് സെബി ഡയറക്ടർ ബോർഡിലെത്തുന്നത്. 2022-ൽ ചെയർപേഴ്സണായി ചുമതലയേറ്റു. ഈ ഏഴുവർഷവും അഗോറ അഡ്വൈസറിയിൽ മാധബിക്ക് 99 ശതമാനം ഓഹരികളുള്ളതായാണ് പുതിയ വെളിപ്പെടുത്തൽ.
ലണ്ടനിൽ എയർ ഇന്ത്യയുടെ ക്യാബിൻ വനിതാ ക്രൂ അംഗത്തെ ഹോട്ടൽ മുറിയിൽ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. അന്താരാഷ്‌ട്ര നിലവാരമുള്ള ഹോട്ടലിൽ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. അവർക്ക് നിയമപരമായും, മാനസികമായും പിന്തുണ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
റഷ്യയുടെ കൂടുതൽ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈൻ. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്കിൽ സൈനിക ഓഫീസ് തുറന്നിരിക്കുകയാണ് യുക്രൈൻ പട്ടാളം. കുര്‍ക്‌സ് മേഖലയില്‍ 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രൈൻ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോർട്ട്.