സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുo, ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ അവർ പറഞ്ഞു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ വീണ്ടും ലോറിയുടെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ലോറിയില്‍ മരത്തടികള്‍ കെട്ടാനുപയോഗിച്ച കയറും കൂടെ കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍.പുതുതായി ലോറിയുടെ ഗിയറിന്‍റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്‍റെ ലോറിയുടേതാണോ എന്ന് ഉറപ്പിക്കാൻ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഇതിനായി ഭാരത് ബെന്‍സ് കമ്പനിക്ക് ലോഹഭാഗങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.
കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന് വേണ്ടി തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനം. ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരും . 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷൻ ചെലവ്. ജലമാർഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.
അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഡ്രഡ്ജർ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് സെെൽ പറയുന്നത് എന്തെന്ന് അറിയില്ലെന്ന് മന്ത്രി പി പ്രസാദ്. ഡ്രഡ്ജർ എത്തിക്കാൻ കേരളം ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ആളുകൾ അവിടെ ചെന്നിരുന്നു. പക്ഷേ പുഴയുടെ ആഴവും ഒഴുക്കും തടസമായിരുന്നു. ആഴമുള്ള സ്ഥലത്ത് ഡ്രഡ്ജർ പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തെ തുടർന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രദേശത്ത് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ രാജൻ. ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുതെന്നും കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര ധനസഹായമായി 379 പേർക്ക് പതിനായിരം രൂപ വീതം കൊടുത്തു. ബാക്കിയുള്ളവർക്ക് വൈകാതെ നൽകുമെന്നും മന്ത്രി പറഞ്ഞു.ദുരന്തബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസം കൂടി തെരച്ചിൽ തുടരുo, .ഡിഎൻഎ ക്രോസ് മാച്ച് തുടങ്ങിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തമാക്കുന്ന ‘ഫാക്ട് ചെക്കിംഗ്’ അധ്യായങ്ങള്‍ കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി.ഇനി സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുളയിലെ നുള്ളിക്കളയും.
ഓണത്തിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.
കാഫിർ വിഷയവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മാപ്പ് പറയണമെന്ന് ഹൈബി ഈഡന്‍. കെ എസ് യു കാലം മുതൽ ഒരുമിച്ച് നടന്നവനാണ് ഷാഫി പറമ്പിലെന്നും എനിക്കറിയാവുന്ന ഷാഫിയെ വടകരയ്ക്കറിയാമെന്നും വർഗീയ പ്രചരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശൈലജയ്ക്ക് കഴിയില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു .
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുo മാറ്റി. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ ഉണ്ടാകും. കാഫിർ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പിയെ അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.കോഴിക്കോട് കമ്മീഷണർ രാജ്പാൽ മീണയാണ് പുതിയ കണ്ണൂർ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി.
എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്.കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻഎസ്എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിൽ ആണ് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. കമ്പനി നിയമലംഘന കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിക്കാരൻ. പലതവണ നോട്ടീസ് അയച്ചിട്ടും സുകുമാരൻ നായർ ഹാജർ ആയിരുന്നില്ല അതുകൊണ്ടാണ് അറസ്റ്റുവാറണ്ട്പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവ് വന്നതിനാൽ വൈദ്യുതി പരിമിതി കണക്കിലെടുത്ത് ആണ് തീരുമാനം.വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശത്തുനിന്നും എത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ.കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പൂന്തുറ ഭാഗത്താണ്. ഓട്ടോറിക്ഷയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ആളെ തട്ടിക്കൊണ്ടുപോയത്.ഈ തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിംഗ് 777 വിമാനം മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. കാബിൻ ഡി-പ്രഷറൈസേഷനിൽ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് വിമാനം തിരിച്ചിറക്കിയത്. എയർ-ടേൺബാക്ക് ആയിരുന്നുവെന്നും എമർജൻസി ലാൻഡിംഗ് അല്ലെന്നും അധികൃതർ വ്യക്തമാക്കി.വിമാനത്തിന് കാബിൻ പ്രഷറൈസേഷനിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു.
അയോധ്യ രാമജന്മഭൂമി രാംപഥിൽ നിന്ന് പിഎസിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 3800 ബാംബൂ വിളക്കുകളും 36 ഗോബോ പ്രൊജക്ടർ ലൈറ്റുകളും മോഷ്ടിച്ചെന്ന പരാതിയിൽ അയോധ്യ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.മെയ് മാസത്തിലാണ് സ്ഥാപനത്തിന് മോഷണത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. എന്നാൽ ഓഗസ്റ്റ് ഒമ്പതിനാണ് പരാതിയുമായി രംഗത്തെത്തിയതെന്നും പൊലീസ് പറഞ്ഞു.
കൊൽക്കത്തയിൽ മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തിൽ താനും പങ്കുചേരുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖർ റേ. തനിക്കും മകളും കൊച്ചുമകളും ഉണ്ട്. സ്ത്രീകൾക്കെതിരായ ക്രൂരത ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്‌വിയെ തെലങ്കാനയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സിംഘ്‌വിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.