വയനാട് ദുരന്തത്തിൽപ്പെട്ട ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതിത്തള്ളി. വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ, കേരള ബാങ്ക്ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും, ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുവാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.
വയനാട് ദുരന്തം മേഖലയിലെ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ പ്രാഥമിക പട്ടികയിലൂടെ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടും. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ 50 ലക്ഷം രൂപയാണ് കേരള ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ തെരച്ചിലിനിടെ സൂചിപ്പാറയ്ക്ക് താഴെ ആനടികാപ്പിൽ നിന്ന് രണ്ട് ശരീരഭാഗങ്ങളും മുണ്ടേരി ഇരുട്ടുകുത്തി, ചാലിയാർ കൊട്ടുപാറ എന്നിവിടങ്ങളിൽ നിന്ന് ഓരോ ശരീര ഭാഗങ്ങളുമാണ് ഇന്ന് കണ്ടെത്തിയത് . സൂചിപ്പാറ മേഖലയില്‍ ഇന്ന് ഏഴ് സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം.ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്ത് കൽപറ്റയിലെത്തിച്ചിട്ടുണ്ട്. ഇവ മോർച്ചറിയിലേക്ക് മാറ്റി ഡിഎൻഎ സാംപിളുകൾ പരിശോധിച്ച് മറ്റ് പരിശോധനകൾ കൂടി നടത്തും. തുടർന്നായിരിക്കും സംസ്കാരം.
വയനാട് ദുരന്തമേഖലയിൽ ഫയർഫോഴ്സ് ,എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധിയടങ്ങളിലെ തെരച്ചിലില്‍ പങ്കെടുത്തു. തിരിച്ചറിയാനാകാത്ത ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും സംസ്കാരം പുത്തുമലയിൽ ഇന്നും നടന്നു. ഒരു പൂർണ മൃതദേഹവും മൂന്ന് ശരീര ഭാഗവുമാണ് സംസ്കരിച്ചത്. തിരിച്ചറിയാത്ത 5 1 പൂർണ മൃതദേഹങ്ങളും 194 ശരീര ഭാഗങ്ങളുമാണ് ഇതുവരെ പുത്തുമലയിൽ സംസ്കരിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 124 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോ എന്നറിയാനുമായി ദുരന്തം ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു.. നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസിലെ മുന്‍ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഉടൻ വയനാട്ടിലെത്തും. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സർക്കാർ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ തന്റെ പേരിലുള്ള 20 സെൻ്റ് ഭൂമി വിട്ടുനൽകി വയനാട് സ്വദേശി അജിഷ ഹരിദാസ്. ഭൂമി കൈമാറിയതിന്റെ രേഖ അജിഷ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും ഭർത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനൽകിയത്.
വയനാട് ഉരുൾപൊട്ടലിൽ, മുന്നറിയിപ്പ് പ്രാധാന്യത്തോടെ എടുത്തില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്. മുന്നറിയപ്പ് കണക്കിലെടുത്ത് അവിടെ നിന്ന് 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അവരോട് അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലർ സ്വന്തം ഇഷ്ടപ്രകാരം ബന്ധുവീടുകളിലേക്ക് പോയി. മറ്റ് ചിലർ അല്ലാതെയും മാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യൂമന്ത്രി കെ.രാജൻ. ദുരന്തത്തില്‍പ്പെട്ടവരെ എവിടേക്കെങ്കിലും പറഞ്ഞയക്കുക എന്ന തരത്തിലല്ല പുനരധിവാസം നടത്തുന്നതെന്നും ശാസ്ത്രീയപരിശോധന ഇതിന് വേണമെന്നും അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു.
കര്‍ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധന നടത്തി നാവിക സേന. നാവിക സേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയത് ഇന്ന് വൈകിട്ട് ആണ്. വെള്ളത്തിന്റെ ഒഴുക്ക് ഉള്‍പ്പെടെയാണ് പരിശോധിച്ചത്. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്റെ കുടുംബം. അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നുവെന്നും, രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് താൻ ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും
കേരള തീരത്ത് മത്സ്യതൊഴിലാളികൾ ഇന്ന് മുതൽ 5 ദിവസം മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്. 16 -ാം തിയതി വരെ തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
കെട്ടിടനിർമ്മാണം നടക്കുന്ന പ്ലോട്ടിൽ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിർമാണ ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് . നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വർഷങ്ങളായുള്ള പരാതികളെത്തുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന പരിഷ്കരണ നടപടികൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഹരിതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസർഫീസ് നിശ്ചയിച്ച് നൽകും. ചില നഗരസഭകളിൽ എല്ലാ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് നടപടി.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാൻ അന്തര്‍ സംസ്ഥാന പദ്ധതികള്‍ തയ്യാറാക്കാൻ തീരുമാനിച്ചു ബാംഗ്ലൂരില്‍ ചേര്‍ന്ന മന്ത്രിതല യോഗം. മനുഷ്യരും -ആനയും തമ്മിലുള്ള സംഘര്‍ഷ പരിപാലനം സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ചാണ് മന്ത്രി തല യോഗം ചേർന്നത്. കേരളത്തിന്റെ ആക്ഷന്‍ പ്ലാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചതായി സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പന്തീരാങ്കാവ് പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് നടപടി. സുരക്ഷാ സേനയാണ് ഇയാളെ ദില്ലി പൊലീസിന് കൈമാറിയത്. കേരള പൊലീസിന്റെ നിർദേശ പ്രകാരം ഇയാളെ പിന്നീട് വിട്ടയച്ചു.
സഹകരണ മേഖലപ്രശ്നങ്ങളിൽ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. സി പി എം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകൾ പിടിച്ചെടുക്കാൻ ശ്രമം നടക്കുകയാണ്. കള്ളവോട്ട് കൊണ്ട് പിടിച്ചെടുത്ത ബാങ്കുകൾ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് സതീശൻ നിലപാട് കടുപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപയായിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ഈ മാസം 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും നടത്തുന്നതെന്ന് വി. മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്ന രാഹുല്‍ ഗാന്ധി ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും മുരളീധരന് ചോദിച്ചു.
ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച നിർമ്മിതികൾ ഒരു മാസത്തിനകം പൊളിച്ച് നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഒരുമാസത്തിനകം നിർമ്മാണങ്ങൾ പൊളിച്ചുനീക്കി പൂർവ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥർ ചെയ്തില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
മലപ്പുറം കിഴിശേരി ആൾക്കൂട്ട കൊലപാതക കേസിൽ വിചാരണക്കിടെ തുടരന്വേഷണം നടത്താൻ പൊലീസിന് കോടതി അനുമതി നൽകി. ബിഹാറിൽ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായത്. കൂടുതൽ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി മൂന്ന് തുടരന്വേഷണത്തിന് അനുമതി നൽകിയത്.
തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ് കേസിൽ ബഡ്സ് ആക്ട് പ്രകാരം സ്വത്തുകള്‍ കണ്ടുകെട്ടാൻ ഉത്തരവിട്ടു ജില്ലാ ഭരണകൂടം .സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര സ്വത്തുകളുടെ മഹസ്സര്‍,ലൊക്കേഷന്‍ സ്കെച്ച്,തണ്ടപ്പേര് പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പാണഞ്ചേരി ജോയിയും കുടുംബാംഗങ്ങളും 30 കോടി തട്ടി എന്നായിരുന്നു പരാതി ഉയർന്നത്.
സെക്രട്ടറിയേറ്റിൽ വളപ്പിൽ ഇടതു സംഘടനാ ജീവനക്കാർ തമ്മിൽ കൈയാങ്കളി. ജില്ലാ ട്രഷറിയിലെ അമൽ, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാർക്കെതിരെ ക്യാൻറീൻ ജീവനക്കാർ കൻോൺമെൻറ് പൊലീസിൽ പരാതി നൽകി.
ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി.
കോട്ടയം നഗരസഭയിൽനിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തിൽ പെൻഷൻ വിഭാഗം സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗം സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി., അക്കൗണ്ട് വിഭാഗത്തിൽ ബിൽ തയാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് പിടികൂടി കേരള പൊലീസ് . 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് അതിശക്ത മഴ . രാജസ്ഥാൻ, ഹിമാചൽ, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേർ മരണമടഞ്ഞു. നാല് സംസ്ഥാനങ്ങളിലായി 8 പേരെ കാണാതായിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. രാവിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
കൊൽക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനർജിയുടെ അന്ത്യശാസനം. കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഒരാഴ്ചക്കകം കൊണ്ടുവരണo. അന്വേഷണത്തിൽ പൊലീസ് പരാജയപ്പെടുകയാണെങ്കിൽ കേസ് സി ബി ഐക്ക് വിടുമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന നിക്ഷേപകന് ഹംഗേറിയന്‍ വംശജനും യു.എസ് നിക്ഷേപകനുമായ ജോര്‍ജ് സോറോസാണെന്ന ആരോപണവുമായി ബി.ജെ.പി. ഇന്ത്യയ്ക്കെതിരേ നിരന്തരം പ്രചരണം നടത്തുന്നയാളാണ് ജോര്‍ജ് സോറോസെന്നും കോണ്‍ഗ്രസിന് സാമ്പത്തിക നിക്ഷേപങ്ങള്‍ ഇവിടെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി എംപി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.