പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയായ വിനേഷ് ഫോഗട്ടിൻ്റെ കാര്യത്തിൽ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി പി ടി ഉഷയോട് ആവശ്യപ്പെട്ടു.
വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ നിരാശ പങ്കുവച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും, വിനേഷിനെ അയോഗ്യയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുഡബ്ല്യുഡബ്ല്യുവിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഐഒഎ അത് സാധ്യമായ രീതിയില്‍ പിന്തുടരുന്നുണ്ടെന്നും അവർ പറഞ്ഞു.
വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ എന്തെടുക്കുകയായിരുന്നുവെന്നും, അയോഗ്യയാക്കിയിട്ടും മറ്റൊരു അവസരത്തിനായി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും ഭഗവന്ത് മൻ ചോദിച്ചു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ പാരീസില്‍ ഒഴിവുദിവസം ആഘോഷിക്കാനാണോ പോയതെന്നും ഭഗവന്ത് മൻ ചോദിച്ചു.
വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ലോക്സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തില്‍ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ, യുണൈറ്റഡ് വേൾഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
വിനേഷ്, ധൈര്യത്തിലും ധാര്‍മ്മികതയിലും നീ സ്വര്‍ണ്ണമെഡല്‍ ജേതാവാണെന്ന് പറഞ്ഞുകൊണ്ട്ബജ്റംഗ് പൂനിയയുടെ കുറിപ്പ്. മണ്ണിന്‍റെ മകളാണ് വിനേഷെന്നും അതിനാല്‍ തന്നെ ഈ മെഡലും മണ്ണിന് തന്നെ അര്‍ഹമായതാണെന്നും ധീരതയോടെയാണ് പോരാടിയതെന്നും ബജ്റംഗ് പൂനിയ കുറിച്ചു.
വിനേഷ് ഫോഗട്ട് ഇപ്പോള്‍ കടന്നു പോകുന്ന സാഹചര്യം ആര്‍ക്കും സങ്കല്‍പിക്കാൻ ആകില്ല. സാധ്യമെങ്കിൽ തന്‍റെ മെഡൽ വിനേഷിന് നൽകുമെന്നും സാക്ഷി മാലിക് എക്സില്‍ കുറിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോള്‍. ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതുവരെ വിനേഷ് ഫോഗട്ട് ചെയ്തത്. അതിനാല്‍ തന്നെ ഏറെ വേദനാജനകമാണ് ഈ സംഭവമെന്നും സാക്ഷി മാലിക് പറഞ്ഞു.
പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ എപ്പോഴും ചാമ്പ്യയാണ്. നിങ്ങള്‍ സ്വര്‍ണം അണിയുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ മല്ലടിക്കുന്ന ഒരു അമാനുഷികയായ വനിതയെയാണ് ഞാന്‍ താങ്കളില്‍ കണ്ടത്. അത് പ്രചോദനകരമാണ്. എപ്പോഴും ഫോഗട്ടിന് പിന്നില്‍ അടിയുറച്ച് നില്‍ക്കും. എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പി വി സിന്ധുവും ട്വീറ്റ് ചെയ്തു.
വിനേഷ് ഫോഗട്ട് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണിതെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്.എല്ലാ പിന്തുണയും വിനേഷിന് എപ്പോഴുമുണ്ടെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് ദുരന്ത മേഖല സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂരെത്തുന്ന മോദി ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം.
വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ പ്രതീക്ഷ വെച്ച് കേരളം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും.
ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രനാണ് നബീലിന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. നഷ്ടപ്പെട്ട സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിൽ ഉൾപ്പെട്ട മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
അനധികൃത ഖനനവും അvനധികൃത കുടിയേറ്റവുമാണ് വയനാട് ദുരന്തത്തിന് കാരണം എന്ന് രാജ്യസഭയിലും ആവര്‍ത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.
സംസ്ഥാനത്ത് ഇതുവരെ 15 അമീബിക്ക് മസ്തിഷ്കജ്വര കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി വീണ ജോർജ്ജ്. ഇതിൽ രണ്ട് പേര് രോഗമുക്തരായി. തിരുവനന്തപുരത്ത് 7 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഐസിഎംആർ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചതോടെ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു.
പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പരാതിക്കാരൻ ഇഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായി ജയിസൺ പാനികുളങ്ങര പറഞ്ഞു. വിദേശത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പണം പിരിച്ചുവെന്ന് സതീശൻ സമ്മതിക്കുന്ന വീഡിയോ ഇഡിക്ക് മുന്നിൽ ഹാജരാക്കിയെന്നും ജയിസൺ പറഞ്ഞു.
ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില്‍ നിന്നാണ് വഖഫ് ഭേദഗതി ബില്ലിന് രൂപം നല്‍കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വഖഫ് സ്വത്തുകളില്‍ നിന്നുള്ള വരുമാനം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അതിന് വിരുദ്ധമായ കൈകടത്തലുകള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരനിലപാടുകള്‍ക്ക് കളങ്കമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ റിപ്പോർട്ട് ഒരു മാർഗരേഖയാകുമെന്നാണ് കമ്മീഷന്‍റെ നിലപാട്. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്യൂസിസിയേും വനിതാ കമ്മീഷനൊപ്പം കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു. ഹർജിയിൽ വാദം പൂർത്തിയാക്കിയ ഹൈക്കോടതി ഉത്തരവിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം നടുറോഡിൽ സംഘടിപ്പിച്ചത് ഈ സംഭവുമായി ബന്ധപ്പെട്ട് 26 പേർക്കെതിരെ മലയാലപ്പുഴ പൊലീസ് കേസെടുത്തു. ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റി. ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഏരിയാ സെക്രട്ടറിയുടെ ചുമതല താത്കാലികമായി സതീഷ് കുമാറിന് നൽകി.
കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് എം. മനുവിനെതിരെ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ . ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് എഫ് ഐ ആർ . 2018 മുതൽ ഇയാളുടെ അതിക്രമത്തിന് ഇരയായെന്നാണ് പെൺകുട്ടികളുടെ പരാതി.
തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്‍കുന്ന സ്ത്രീകളെ മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി.തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് അധികൃതർ . സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈ മാസം 20 വരെയാണ് സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.
പത്താം ക്ലാസിൽ 2026-27 അക്കാദമിക വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പിലാക്കും. 2024-25 അക്കാദമിക വർഷം എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല.കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്.അവിടെ ഖനനം ഇല്ല..കേന്ദ്രമന്ത്രി വിവാദ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. പതിനൊന്നാം തീയതി വരെ 14 ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയിലെ പൂനയിൽ 68 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേർ മരിച്ചു. അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ സ്ഥരീകരണം.
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന വിവാദത്തിൽ. പുറമെ സമാധാനപരമാണെങ്കിലും ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന ഖുര്‍ഷിദിൻ്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇന്ത്യക്കൊപ്പമാണെന്ന് പറയുമ്പോഴും ജനങ്ങളെ പ്രകോപിപ്പിച്ച് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല പറഞ്ഞു.
അപകീർത്തികരമായ പരാമർശങ്ങൾ ജുഡീഷ്യറിക്ക് എതിരെ നടത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് സ്വന്തം ചെലവിൽ പ്രമുഖ പത്രങ്ങളിൽ ഖേദപ്രകടനം നടത്തണമെന്ന് സുപ്രീംകോടതി. പതഞ്‌ജലി കേസിൽ ഐഎംഎ പ്രസിഡന്റ് ഡോ. ആർ വി അശോകൻ സുപ്രീംകോടതിയെ കുറിച്ച് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി.
ശിവസേന യു ടി ബി വിഭാഗം നേതാവ് ഉദ്ദവ് താക്കറേ ദില്ലിയിലെത്തി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍റെ ഭാഗമായി മകൻ ആദിത്യ താക്കറെക്കൊപ്പം ദില്ലിയിലെത്തി ഉദ്ദവ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മല്ലികാർജുൻ ഖർഗേയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവർ പങ്കെടുത്തു.
ശ്രീലങ്കയ്ക്ക് മുന്നില്‍ 110 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 138 റണ്‍സിന് പുറത്താവുകയായിരുന്നു.