സുപ്രീം കോടതിയിൽ പുതുതായി രണ്ട് ജഡ്ജിമാർക്ക് കൂടി നിയമനം നൽകി കേന്ദ്ര സർക്കാർ. ജസ്റ്റിസ് എൻ കോടീശ്വർ സിംഗ്, ജസ്റ്റിസ് മഹാദേവൻ എന്നിവർക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നൽകിയത്. ഇരുവരെയും സുപ്രീം കോടതി ജഡ്ജമാരാക്കണമെന്ന കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിന് പിന്നാലെ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് നിയമനക്കാര്യം പ്രഖ്യാപിച്ചത്.
എയിംസ് കാസർകോട് വരേണ്ടതിനെ കുറിച്ച് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞുവെന്നും എയിംസ് കോഴിക്കോട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ താൻ ചോദ്യം ചെയ്യുകയായിരുന്നുവെന്നും കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ .കോഴിക്കോട് എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാദിക്കുന്നതിൽ നിക്ഷിപ്ത താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിലെ ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. 2019ൽ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ഇരിവേരി സഹകരണ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത്. വ്യാജരേഖകൾ നൽകി ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്‍റെ പത്ത് ബെനാമി വായ്പകൾ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തിയതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പാലക്കാട്, കോഴിക്കോട്, വയനാട്, ആലപ്പുഴ,ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കെ രാജൻ. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്നും അപകട സാധ്യത ഉള്ളവരെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ മന്ത്രി വിളിച്ച കലക്ടർമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാലിന്യ നിർമാർജനത്തിൽ ഒന്നും നടക്കുന്നില്ല എന്ന വാദം തെറ്റാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാന സർക്കാർ കാര്യമായി ഇടപെടുന്നുണ്ട്. ബ്രഹ്മപുരത്തടക്കം ഈ മാറ്റം പ്രകടമാണെന്ന് പറഞ്ഞ മന്ത്രി തിരുവനന്തപുരത്തെ മാലിന്യ സംസ്കരണത്തിൽ റെയിൽവേ അനാസ്ഥയുണ്ടെന്ന് ആവർത്തിച്ചു.ഈ വിമർശിക്കുന്നവർ തന്നെ പലപ്പോഴും ചില കാര്യങ്ങൾക്ക് തടസം നിൽക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
എറണാകുളം ജില്ലയിൽ മഴക്കെടുതി രൂക്ഷം. പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകൾ തുറന്നതോടെ ഈ ജലം ഇടുക്കിയിലൂടെ പൂർണമായും പെരിയാറിലേക്കാണ് ഒഴുകി വരുന്നത്. പാതാളം, മഞ്ഞുമ്മൽ, പുറപ്പള്ളിക്കാവ് റെഗുലറ്റർ കം ബ്രിഡ്ജുകൾ മുഴുവൻ ഷട്ടറുകളും തുറന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പിനും മുകളിലാണ് ആലുവയിൽ പെരിയാറിലെ ജലനിരപ്പെന്നാണ് സൂചന. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് കെ മുരളീധരൻ. തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് നാലു മാസം മുൻപ് രാജീവ് ചന്ദ്രശേഖർ വന്നിരുന്നേൽ അവസ്ഥ മാറിയേനെയെന്നും മുരളീധരൻ പറഞ്ഞു.താൻ തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ കമ്മീഷൻ നാളെ അന്വേഷണ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കും. ജസ്റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോർട്ട് നൽകുക. സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാലക്ക് സംഭവിച്ച വീഴ്ചകളാണ് കമ്മീഷൻ അന്വേഷിച്ചത്.
സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ -ആസിഫ് അലി വിവാദത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തില്‍. പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരനെന്ന് രാഹുല്‍ ഫേസ്ബുക്കിൽ കുറിച്ചു.ആസിഫ് പുരസ്കാരം നല്‍കിയത് ഇഷ്ടപെടാത്ത രമേഷ്,സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്കാരം വാങ്ങിക്കുക ആയിരുന്നു.ഈ സംഭവമാണ് വിവാദത്തിന് വഴിതെളിച്ചത്.
അങ്കമാലി ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുള്ള മെസ്സിന് മുകളിലേക്ക് മരം വീണു. രാവിലെയായിരുന്നു സംഭവം. ആരു ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നില്ല എന്നതിനാൽ വലിയ അപകടം ഒഴിവായി. ജെ സി ബി അടക്കം എത്തിച്ച് പിന്നീട് മരം നീക്കം ചെയ്തു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. രണ്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് . കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെയും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ വീണ്ടും ഡോക്ടര്‍മാര്‍ കുടുങ്ങി. രാവിലെ തകരാര്‍ പരിഹരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ മൂന്ന് ഡോക്ടര്‍മാര്‍ ലിഫ്റ്റിൽ കയറിയപ്പോഴാണ് വീണ്ടും ഇത് പാതിവഴിയിൽ നിന്നത്. അഞ്ചു മിനിറ്റിനുള്ളിൽ സാങ്കേതിക തകരാർ പരിഹരിച്ചു.
സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ പിഎസ്‍സി കോഴ ആരോപണത്തിൽ നടപടിയെടുത്ത സംഭവത്തിൽ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തും. സഖാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തല്‍ പ്രക്രിയ ആണ് . തെറ്റു ചെയ്തതിന്റെ പേരില്‍ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് വീരപരിവേഷം നല്‍കുന്ന രീതി മാധ്യമങ്ങളും എതിരാളികളും നേരത്തെയും സ്വീകരിക്കുന്നതാണെന്നും ജില്ലാ കമ്മിറ്റി പറയുന്നു.
നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം.എന്നാൽ ആസിഫ് തന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്, തെറ്റുപറ്റിയെങ്കില്‍ മാപ്പ് ചോദിക്കുമെന്ന് രമേശ് നാരായണന്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറായ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറോട് പരിശീലനം നിര്‍ത്തി മടങ്ങാൻ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐഎഎസ് നേടിയതെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ യുപിഎസ്‍സി നിർദേശപ്രകാരം ഇവര്‍ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങി.
കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പിന്നാക്ക വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിലെ മുസ്ലിങ്ങൾക്ക് നൽകിയതെന്ന് ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെ അമിത് ഷാ വ്യക്തമാക്കി.
മഹാരാഷ്ട്ര കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയുണ്ടായ സംഘർഷത്തിൽ 21 പേർ അറസ്റ്റിൽ. അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു . സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ഷിൻഡെ സർക്കാറിന് ആണെന്ന് ഉദ്ധവ് വിഭാഗവും അസദുദീൻ ഒവൈസിയും ആരോപിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കർശന നിർദേശo നൽകി ഹൈക്കോടതി. ഗവർണർ സിവി ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി താക്കീത് നൽകി. ഗവർണർ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യൽ മീഡിയയിൽ നടത്തുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.
മദ്യം ഹോം ഡെലിവറി നടത്താൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് . കേരളമടക്കം 7 സംസ്ഥാനങ്ങളിൽ ഓൺലൈൻ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികൾ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ ഒഡീഷ, ബംഗാൾ തുടങ്ങി സംസ്ഥാനങ്ങളിൽ മദ്യം ഹോം ഡെലിവറി സൗകര്യമുണ്ട്. കേരളത്തിന് പുറമെ ദില്ലി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിലും ഹോം ഡെലിവറി സാധ്യത പരിശോധിക്കുന്നുണ്ട് .
ബിഹാറിൽ വികാസ് ശീൽ ഇൻസാൻ പാർട്ടി തലവന്റെ അച്ഛനെ മർദിച്ച് കൊന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് പേരെയാണ് ബിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. മുൻ മന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി തലവനുമായ മുകേഷ് സാഹ്നിയുടെ അച്ഛനെയാണ് വീട്ടിൽ കയറി അടിച്ചുകൊലപ്പെടുത്തിയത്. മോഷണത്തിനെത്തിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.
ചാന്ദിപുര വൈറസ് ബാധിച്ച് അഞ്ച് ദിവസത്തിനിടെ ഗുജറാത്തിൽ ആറ് കുട്ടികൾ മരിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയിട്ടുണ്ട്. ചാന്ദിപുര വൈറസ് ഗുരുതരമായ എൻസെഫലൈറ്റിസ് ലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ ഗൗരവമായി കാണുകയും പ്രത്യേക സംഘത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
മസ്‌കറ്റിലുണ്ടായ വെടിവെപ്പില്‍ മരണം ഒമ്പതായി. ഇവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. .മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മരിച്ച ഒമ്പതുപേരിൽ അഞ്ച് സാധാരണക്കാരും ഒരു പോലീസുകാരനും മൂന്ന് അക്രമികളും ഉള്‍പ്പെടുന്നു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
കൊമോറോസ് പതാകവെച്ച എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്.കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റർ പ്രസ്ഥാവനയിൽ വ്യക്തമാക്കി.