നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളിൻമേലുള്ള വാദം സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ചോദ്യപേപ്പർ ജാർഖണ്ഡിൽ നിന്നാണ് ചോർന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാൽപതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹർജികൾ ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാൽ ഉച്ചവരെ മാത്രമേ കോടതി നടപടികൾ ഉണ്ടായിരുന്നുള്ളൂ.
നീറ്റ്-യുജി കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചോദ്യപേപ്പർ ചോർത്തിയ കേസിലെ സൂത്രധാരനെന്ന് കരുതുന്ന ‘റോക്കി’ എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് ബീഹാറിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.
സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍ കോളേജ് 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. നേരത്തെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. കൂടാതെ 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അരൂര്‍ തുറവൂര്‍ ഉയരപ്പാത വിഷയത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിന് മൂകസാക്ഷിയാകാതെ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും, മഴപെയ്താല്‍ സാഹചര്യം മോശമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നടപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കര്‍മ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും റോഡ് നിര്‍മിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞു.
ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയെന്ന ആരോപണം ഉയർന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തൈക്കാട് ഗവ. മോഡൽ സ്കൂളിലെ പ്രധാന അധ്യാപകനെതിരായാണ് ആരോപണം. സ്കൂളിൽ നടന്ന ഒരു പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നും സ്കൂളിൽ നിന്ന് ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ, കുട്ടിയുടെ അമ്മക്ക് നിർദ്ദേശം നൽകിയെന്നുമാണ് ആരോപണം.
പിഎസ്‍സി കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് പ്രമോദ് കോട്ടൂളി. പാർട്ടിയുടെ മുഖമാണ് ആരോപണത്തിലൂടെ വികൃതമായെതെന്നും പാർട്ടി അന്വേഷണത്തിനൊപ്പം തന്നെ ഭരണതലത്തിലുള്ള അന്വേഷണം വേണമെന്നും ആരോപണ വിധേയനായ പ്രമോദ് വ്യക്തമാക്കി. പാർട്ടി നടപടികളോട് സഹകരിക്കും പ്രമോദ് കോട്ടൂളി പറഞ്ഞു. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെങ്കിലും, ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും തരൂർ കുറ്റപ്പെടുത്തി. അതോടൊപ്പം വിഴിഞ്ഞം കേരളത്തിൻ്റെയും ഇന്ത്യയുടേയും ഗതിമാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂവെന്ന് ഹൈക്കോടതി. ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്നും, ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കീം എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. കീമിന്റെ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. ഫലം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം . ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എം പി ചടങ്ങില്‍ പങ്കെടുക്കില്ല. ട്രയല്‍ റണ്‍ ആയതുകൊണ്ടാണ് എല്ലാവരെയും ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
അരൂർ തുറവൂർ ദുരിതയാത്രക്ക് പരിഹാരം വാഹനങ്ങൾ വഴി തിരിച്ചുവിടുക മാത്രമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. അതിനായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കളക്ടർ അറിയിച്ചു. വലിയ വാഹനങ്ങൾ അരൂർ തുറവൂർ ദേശീയ പാത വഴി വരാൻ അനുവദിക്കില്ല. റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കുo. ഓടകൾ നിർമ്മിക്കാൻ റോഡ് അടച്ചിടേണ്ടി വരുമെന്നും മേൽപാത നിർമ്മാണം കഴിഞ്ഞ ശേഷം മാത്രമേ ഓട നിർമ്മിക്കാനാകൂ എന്നും കളക്ടർ പറഞ്ഞു.
നികുതി വെട്ടിച്ചെന്ന കേസില്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ വഴി സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.
തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് രാഷ്ട്രീയ വിജയമാണെന്ന് പൂർണമായും പറയാൻ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠൻ എംപി. സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് തൃശ്ശൂരിലെ തെരഞ്ഞെടുപ്പിൽ കണ്ടത്. തൃശ്ശൂർ മേയര്‍ എം.കെ വര്‍ഗീസ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പലതവണ പുകഴ്ത്തിയിട്ടും സിപിഎം വിലക്കിയില്ല. പാർട്ടിയുടെ അറിവോടെയാണ് മേയറുടെ പ്രവർത്തികൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാലവർഷം സജീവമാകാൻ സാധ്യത. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കൻ കേരളത്തില്‍ ചെറിയ തോതിൽ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ അറിയിപ്പ്. ആഗോള മഴപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും/തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ/ന്യുന മർദ്ദങ്ങൾ രൂപപെടാനുള്ള സാധ്യത കൂടുതലാണ്.
ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽികിയിരിക്കുന്നത്.ചട്ടലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ നാളെ അറിയിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
തനിക്ക് തെറ്റുതിരുത്താന്‍ അവസരം തരണമെന്ന് സഞ്ജു ടെക്കി. എന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുത്. തെറ്റ് എറ്റുപറഞ്ഞ് വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നു. സ്കൂളിലെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതില്‍ സങ്കടമെന്നും സഞ്ജു പറഞ്ഞു. മണ്ണഞ്ചേരി സര്‍ക്കാര്‍ സ്കൂളിലെ മഴവില്ല് എന്ന പേരിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിലാണ് സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാളെ അതിഥിയാക്കിയത് വിവാദമായതിനെ തുടർന്ന് സഞ്ജുവിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
തൃശ്ശൂർ മേയർ എം.കെ. വർഗീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ. മേയർ പ്രവർത്തിച്ചത് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടിയാണ്. വർഗീസിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ താത്പര്യമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
നടനും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ താന്‍ സംസാരിച്ചുവെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് നടൻസലിം കുമാര്‍. സലിംകുമാറിന്‍റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
തമിഴ്നാട്ടില്‍ ഗുണ്ടാ നേതാവ് ദുരൈ (40)യെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.
ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാത്ത സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ വിമർശനം. സംസ്ഥാന സിവിൽ സർവീസുകാരുടെ ശമ്പളം സർക്കാരുകൾ പരിഷ്കരിച്ച് നടപ്പാക്കുമ്പോൾ, ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള വർദ്ധനവ് പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കുറ്റപ്പെടുത്തി. കേരളം അടക്കം 21 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.ജൂഡീഷ്യൽ ശമ്പളക്കമ്മീഷൻ ശുപാർശ നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിക്കുകയും ചെയ്തു.
പറന്നുയരുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. യു.എസിലെ ടാംമ്പയിൽ നിന്നും ഫ്ലോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയറുകളിൽ ഒന്നാണ് റൺവേയിൽ വെച്ച് പൊട്ടിത്തെറിച്ചത്. യു.എസിലെ ടാംമ്പാ വിമാനത്താവളത്തിൽ വെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.ആർക്കും പരിക്കുകളില്ല.