ബ്രിട്ടനിൽ അധികാരത്തിലേറിയ  ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. അതോടൊപ്പം ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-യുകെ ബന്ധം സജീവമായിരുന്നതിന് അദ്ദേഹത്തിന് മോദി നന്ദിയും അറിയിച്ചു.

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ചില വ്യക്തികൾ ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പരീക്ഷയെ വ്യാപകമായി ബാധിച്ചിട്ടില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സത്യസന്ധതയോടെ പരീക്ഷ എഴുതി. ഇവരെ ബാധിക്കുന്ന തീരുമാനം ഉണ്ടാകരുതെന്നും വിശ്വാസ്യത ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. അതോടൊപ്പം നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് കേന്ദ്രം സംസ്ഥാനങ്ങളുടെ സഹകരണം തേടി. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്നും, ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി . സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെൻററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 12ന് എത്തുന്ന കപ്പലിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അന്ന് രാവിലെയോടെയാണ് ട്രയൽ റൺ നടത്തുക, കേന്ദ്ര ഷിപ്പിംഗ് മന്ത്രി ചടങ്ങിന് എത്തും, മുഖ്യമന്ത്രിയാണ് ഉദ്ഘാടകനെന്നും മന്ത്രി പറഞ്ഞു.

പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. സ്ഫോടനക്കേസിലെ മൂന്നാം പ്രതി അരുൺ,നാലാം പ്രതി സബിൻ ലാൽ, അഞ്ചാം പ്രതി അതുൽ എന്നിവർക്കാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കേസില്‍ മുഴുവൻ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിനായി നാളെ രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയിൽ എസ്എഫ്ഐ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെയാണ് തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും പ്രിൻസിപ്പൽ വിമര്‍ശിച്ചു.

എകെജി സെൻറർ ആക്രണത്തിൻെറ മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാന്റെ ജാമ്യ ഹർജിയിൽ വിധി നാളെ. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്. എന്നാൽ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് ആവശ്യപ്പെടാത്തതുകൊണ്ടാണ് മുമ്പ് ഹാജരാകാത്തതെന്നുമായിരുന്നു പ്രതിയുടെ വാദം.

കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻകാരെ വലയ്‌ക്കുകയാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. മുതിർന്നവർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 6.88 ലക്ഷം പേർക്കാണ്‌ ചെറിയ തോതിൽ കേന്ദ്ര സഹായമുള്ളതെന്നും, അത്‌ കേന്ദ്ര സർക്കാർ മുടക്കിയിരിക്കുകയാണ്‌, ഈ സാഹചര്യത്തിലാണ്‌ കേന്ദ്ര സഹായവും സംസ്ഥാനം മൂൻകൂറായി നൽകിയത്‌. എന്നാൽ, അതും പെൻഷൻകാർക്ക്‌ വിതരണം ചെയ്യാത്ത കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻകാരെ വലയ്‌ക്കുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ സാഹചര്യം വിലയിരുത്തിയെന്നും നാല് മേഖലാ യോഗങ്ങളും കഴിഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതെന്നും, തെറ്റായ പ്രചാരണ വേല ജനങ്ങള്‍ തള്ളുമെന്നും സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇത് ജനം തള്ളിക്കളയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പ്രതിഭാശാലികളെ നാടിന് സംഭാവന ചെയത് പ്രസ്ഥാനമാണ് എസ്എഫ്ഐ എന്ന് എം വി ഗോവിന്ദൻ . എസ്എഫ്ഐയെ തകര്‍ക്കാൻ പലരും അവസരം കാത്തിരിക്കുകയാണ്. എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. അവര്‍ അവരുടെ രീതിയില്‍ പ്രതികരിക്കുന്നതാണ്. പ്രശ്നങ്ങളെല്ലാം നല്ലരീതിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചുപോകും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും തമ്മില്‍ പറഞ്ഞ ഭാഷയേക്കാള്‍ മോശമല്ല എസ്എഫ്ഐയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം വേഗത്തിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമ്മാണത്തിന്‍റെ പൈലിങ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.2017ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക്‌ പാതയ്‌ക്ക്‌ 2022ലാണ്‌ കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയതെന്ന് മന്ത്രി രാജീവ് പറഞ്ഞു. എന്നാൽ പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശ വായ്‌പാ ഏജൻസി പിന്മാറിയതിനാൽ നിർമാണം വീണ്ടും വൈകിയെന്നും മന്ത്രി പറഞ്ഞു.

മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ  ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം കോടനാട് സ്കൂളിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ  നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മാന്നാർ കല കൊലപാതക കേസിൽ  കസ്റ്റഡിയിലുള്ള പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം. മൂന്നു പേരെയും മൂന്ന് സ്ഥലത്താണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യേണ്ട ആളുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.  ഫോറൻസിക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഉടൻ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ.

മലപ്പുറം എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിയുടെ ഇരുകാലുകളും ഒടിഞ്ഞു . കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമ​ഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കേസുകൾ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചത്. പാലക്കാടും വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്.

ബിനോയ്‌ വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ് എഫ് ഐ വളർന്നിട്ടില്ലെന്ന് എഐഎസ്എഫ്. ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ട്, തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കണം. അതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്ഐയെന്നും എഐഎസ്എഫ് നേതാക്കൾ പ്രസ്താവനയിൽ വിമര്‍ശിച്ചു.

കാസർകോട്ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിക്ക്‌ വിള്ളൽ .  ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് ഭൂമിക്ക് വിള്ളൽ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതെന്നാണ് വിവരം.

റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ‌ശ്രമിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎൽഎമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്‍റെ ചുമതലയിൽ പ്രകാശ് ജാവ്ദേക്കർ തന്നെ തുടരും. സഹചുമതല ഒഡീഷയിലെ എം പി അപരാജിത സാരം​ഗിക്കായിരിക്കും. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന അനിൽ ആന്‍റണിക്ക് നാ​ഗാലാൻഡിന്‍റെയും മേഘാലയയുടെയും ചുമതലയുണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സഹ കോർഡിനേറ്റർ സ്ഥാനം വി മുരളീധരനും നൽകി.

സർക്കാർ ഓഫിസുകളിൽ ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ​ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാൽ സിംഗിനെ സത്യപ്രതിജ്ഞയ്ക്കായി ജയിലിൽ നിന്നും ദില്ലിയിലേക്ക് കൊണ്ടുവരും. അസമിലെ ദിബ്രുഗഡ് ജയിലിൽ നിന്നും കൊണ്ടുവരുന്ന അമൃത് പാൽ സിംഗിന്റെ സത്യപ്രതിജ്ഞ ലോക്സഭാ സ്പീക്കറുടെ ചേംബറിലാണ് നടക്കുക. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാൽ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂർ സാഹിബിൽനിന്നും വൻ ഭൂരിപക്ഷത്തിലാണ് അമൃത് പാൽ സിംഗ് വിജയിച്ചത്.

തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ്മയ്ക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ആണ് മഹുവയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന കുറ്റം.ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ലോക്സഭ സ്പീക്കറിനും ദില്ലി പൊലീസിനും കമ്മീഷൻ ഇതിനെ സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.
ബിഹാറിലെ പാലങ്ങൾ പൊളിഞ്ഞു വീണ സംഭവത്തിൽ നടപടിയുമായി സർക്കാർ. എൻജിനീയർമാർക്ക് എതിരെയാണ് സർക്കാർ നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ എഞ്ചിനീയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി. 15 ദിവസത്തിനിടയിൽ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *