പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. കൂടാതെ ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്.

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്തു നിന്നും 12:30 ന് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. പരിശോധന തുടരുകയാണെന്നാണ് സൂചന.

 

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നല്‍കി.

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്നും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും നിർദേശം നല്‍കിയിരുന്നു.

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ഇതുവരെ സംസ്ഥാനത്ത് 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു.. ഭൂ നികുതി ഉൾപ്പെടെ പ്രധാന ഇടപാടുകൾ ഓൺലൈൻ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകൾ വരാനിടയായതെന്നും മന്ത്രി വ്യക്തമാക്കി.

മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവൻ. ബംഗളൂരു – കണ്ണൂർ എക്സ്പ്രസ് സർവ്വീസ് കോഴിക്കോടേക്ക് നീട്ടി റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ് അഞ്ച് മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷേധം അദ്ദേഹം മന്ത്രിയെ അറിയിച്ചു.

കോഴിക്കോട് എൻഐടിയിലെ കരാർ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു. ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെയും നിലനിർത്തുമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകി.തൊഴിലാളികൾക്ക് 60 വയസ്സ് എന്ന മാനദണ്ഡം തന്നെ ഇനിയും നിലനിർത്താനും തീരുമാനിച്ചു.ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

 

സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾ ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്യും. ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് വിജ്ഞാനോത്സവം ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ പെടുത്തിയ ഐഎസ്ആർഒ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. ജൂലൈ 26ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശദമായ അന്വേഷണം മാസപ്പടി കേസിൽ ആവശ്യമാണെന്ന് ഹൈക്കോടതിയിൽ ഇ ഡി . വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്‍റെ ശ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സിഎംആർഎല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

കുട്ടനാട് താലൂക്കിൽ നാളെ (29 ജൂൺ) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

അനധികൃത ലോട്ടറി വില്‍പ്പന നടത്തിയതിന് പത്തനംതിട്ട ജില്ലയിലെ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ അംഗീകൃത ഏജന്‍റായിരിക്കെ ബോച്ചേ ടീ എന്ന ഉത്പന്നവും നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. വകുപ്പ് നിര്‍ദേശപ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ  പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

പാറശാലയിൽ ക്വാറി ഉടമയെ   കൊലപ്പെടുത്തിയ സംഭവത്തിൽ, കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജ്ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്‌സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.പാറശാലയ്ക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്.

കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ്‌ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ട് സംസ്ഥാന സർക്കാർ . യാത്രക്കപ്പൽ തുടങ്ങുന്നതിനായി രണ്ട്‌ ഏജൻസികളെ തെരഞ്ഞെടുത്തു. കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും.

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സി പി എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെ സുധാകരന്‍ എം പി.  മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി പി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരന്‍ പറഞ്ഞു.അനുഭവത്തില്‍നിന്ന് പാഠം പഠിക്കാത്ത, ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഫാസിസ്റ്റ് പാര്‍ട്ടിയാണ് സി പി എം എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുതിയ വിമാന സർവീസുമായി എയർ ഇന്ത്യ. ജൂലൈ ഒന്നാം തീയ്യതി  മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന്  മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട്, 06:10ന് ബെംഗളൂരുവിൽ എത്തും.

രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത്, ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെഎസ്ആ‍ർടിസി. രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്. ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

 

കെ – സ്‌മാർട്ട്‌ ആപ്പ് വഴി ലൈസൻസ്‌ നേടിയത്‌ 1,31,907 സ്ഥാപനങ്ങൾ . 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ്‌ പുതുക്കി. 12,079 പേർ പുതിയ ലൈസൻസ്‌ എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ്‌ ആദ്യഘട്ടം കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങളുടെ ലൈസൻസ്‌, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്‌ കെ – സ്‌മാർട്ട്‌ സോഫ്‌റ്റ്‌വെയർ വഴിയാക്കിയത്‌.

ബംഗാൾ ഉൾകടലിൽ  ഒഡിഷ തീരത്തിനു സമീപം ന്യുനമർദ്ദം രൂപപ്പെട്ടു. ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ കാലാവർഷകാറ്റ് സജീവമാണ്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി  ഇടിമിന്നലോട്കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അനാവശ്യപ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കരുവന്നൂർ കളളപ്പണക്കേസിൽ സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ  സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) 2023-24 കാലയളവിൽ നടത്തിയ ഉഭയകക്ഷി അവലോകനത്തിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം. 2024 ജൂൺ 26നും ജൂൺ 28നും ഇടയിൽ സിംഗപ്പൂരിൽ നടന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് സമ്പൂർണ്ണ യോഗം അംഗീകരിച്ച ഉഭയകക്ഷി അവലോകന റിപ്പോർട്ടിൽ, ഇന്ത്യയെ ‘റെഗുലർ ഫോളോ-അപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ സുപ്രധാന നാഴികക്കല്ലാണിത്.

പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹിയിൽ രണ്ട് പേർ അറസ്റ്റിൽ. കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബി എസ് യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവ് കർണാടക ഹൈക്കോടതി നീട്ടി. കേസിൽ സി ഐ ഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സി ഐ ഡിയോട് കോടതി നിർദേശിച്ചു. വിശദമായ എതിർ സത്യവാങ്മൂലം നൽകുന്നത് വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച പാർലമെന്‍റിൽ ചർച്ചചെയ്യാൻ അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി . സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാ​ഗ്യകരമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്.ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തെത്തിയത്. നീറ്റ് പരീക്ഷ ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. വിദ്യാർഥികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *