പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നാല് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മാനന്തവാടി എംഎല്‍യായ കേളുവിന് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര്‍ കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയർന്ന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.
തനിക്കെതിരെ സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയൻ മുസ്ലീം ലീഗിനെതിരെ തീർക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലീം ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് മുഖ്യമന്ത്രി നോക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക. മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടെന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനം. പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് സി പി എം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും വിമര്‍ശിക്കുന്നു.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ടിൻ്റെ വിശദീകരണം. ടി പി കേസിലെ പ്രതികൾക്ക് ഇളവ് നൽകില്ലെന്നും ജയിൽ മേധാവി വ്യക്തമാക്കി. ശിക്ഷ ഇളവ് നൽകാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കി. അതോടൊപ്പം 188 പേരുടെയും വിടുതൽ സംബന്ധിച്ചും പൊലീസിൻ്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒഴിവാക്കൽ നടക്കുന്നതെന്നും ജയിൽ മേധാവിക്ക് നൽകിയ വിശദീകരണത്തിൽ സൂപ്രണ്ട് പറയുന്നു.
കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. അതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്.
ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം വേണമെന്നും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും സുകുമാരൻ നായര്‍ സമ്മേളനത്തില്‍ പറഞ്ഞു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന മുദ്രാവാക്യങ്ങളോടെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വിദ്യാഭ്യാസ മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിലും കരിങ്കൊടി കെട്ടി. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.. പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഇത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ അദ്ദേഹം പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും പറഞ്ഞു.
മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി നാളെ കലക്ടറേറ്റിലേക്ക് എസ് എഫ് ഐ മാർച്ച് പ്രഖ്യാപിച്ചു. റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരത്തി സമരം ചെയ്യുമെന്ന് എം എസ് എഫും അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു.
കേരളത്തിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണൻ എംപി. പുതിയ തലമുറയ്ക്ക് അനുഭവങ്ങൾ കുറവാണ്, പുതിയ സാഹചര്യത്തിൽ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും, പഴയ രീതികൾ മതിയോ എന്ന് ചർച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തി. ആക്ഷേപങ്ങൾക്ക് പാര്‍ട്ടിക്ക് അകത്തോ പുറത്തോ മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. നേതൃമാറ്റ ആവശ്യം തള്ളി എംവി ഗോവിന്ദൻ പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും നെടുംതൂണാണ് പിണറായിയെന്ന് വിശേഷിപ്പിച്ചു.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ തുടങ്ങും. ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്‍റ് സമ്മേളനത്തില്‍ എംപിമാർ ദില്ലിയില്‍ എത്തി തുടങ്ങി.
എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ലെന്നും സ്റ്റാൻഡ് നിർമാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മെട്രോ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡ് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലം എംഒയു ഒപ്പിട്ടിട്ടുണ്ട്. പക്ഷേ ചതുപ്പാണ് ആ സ്ഥലം. നികത്തിയെടുക്കാൻ കോടിക്കണക്കിന് രൂപ വേണ്ടിവരും. ചതുപ്പെടുക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ആലത്തൂര്‍ എംപിയായി ലോക്സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തിയ ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ഇരുവരും നേർക്കുനേർ എത്തിയത്. ചടങ്ങിൽ ഇരുവരും പരസ്പരം സംസാരിച്ചില്ല. എന്നാൽ ഗവർണ്ണരുടെ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയെന്ന് കെ എം ഷാജി പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്. താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു.
കോഴിക്കോട്ട് യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ അസൗകര്യം മുഖ്യമന്ത്രി ദിവസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു.
ഐസ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം വിജയകരമായി. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ച് ഇന്ന് രാവിലെ നടന്ന പരീക്ഷണത്തിൽ പുഷ്പക് രാവിലെ 7.10ഓടെ ലാൻഡ് ചെയ്തു. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ ഇറങ്ങുകയായിരുന്നു.
പാർത്രിയാർക്കിസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപോലീത്ത കുർബാന ചൊല്ലി എന്നാരോപിച്ച് കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. മെത്രാപ്പോലീത്തെ എതിർക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആൾക്ക് തലയ്ക്ക് പരിക്കേറ്റു.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ കടത്തിക്കൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൊല്ലം വെള്ളിമൺ സ്വദേശി പ്രവീണാണ് പിടിയിലായത്. കിളിക്കൊല്ലൂർ സ്വദേശി അമൽ അശോകിൻ്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്. വിയറ്റ്നാമിൽ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 22,0000 രൂപയാണ് യുവാവിൽ നിന്ന് പ്രതി കൈക്കലാക്കിയത്.
മർച്ചന്‍റ് നേവിയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ . പട്ടണക്കാട് പാറയിൽ വാർഡിൽ പുതുപ്പറമ്പത്ത് വെളിവീട്ടിൽ ജിത്തു സേവിയറെയാണ് പുന്നപ്ര പൊലീസ് പിടികൂടിയത്. മർച്ചന്റ് നേവിയിൽ മാസം 50,000 രൂപ ശമ്പളം ലഭിക്കുന്ന സ്ഥിര ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയായ സെഫിനിൽനിന്നും 8 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്.
വയനാട് കേണിച്ചിറയില്‍ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടും. കൂട് വെച്ച് പിടികൂടാനായില്ലെങ്കിലായിരിക്കും കടുവയെ മയക്കുവെടിവെച്ച് പിടികൂടുക. ഇതുസംബന്ധിച്ച വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി. സ്ഥലത്ത് വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.
കേരളത്തിൽ ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുന്നു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു. കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.അഞ്ചങ്ങാടി വളവിൽ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. കടൽ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു.
ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയണയിൽ വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തി.കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്.
ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം. ആശുപത്രി സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും, തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നുമാണ് ആരോപണം. കാലിന് മൈനര്‍ ശസ്ത്രക്രിയ നടത്താനെത്തിയ ഹരിപ്പാട് സ്വദേശി അനിമോൻ്റെ കുടുംബത്തിന്റേതാണ് പരാതി.
കൊച്ചി മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ മരിച്ചത്. സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാൻ കാരണമെന്നാണ് കരുതുന്നത്.
കാസര്‍കോട് സംസ്ഥാനപാതയിലെ കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖാണ് മരിച്ചത്. പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്ന് സിബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. കേസിൻ്റെ അന്വേഷണത്തിനായി സംഘാംഗങ്ങൾ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. എൻടിഎ അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
നീറ്റ് യുജി പരീക്ഷയിൽ ഗ്രേസ് മാര്‍ക്ക് കിട്ടിയ 2 വിദ്യാര്‍ത്ഥികൾ ഇന്ന് നടന്ന പുന:പ്പരീക്ഷയിൽ പങ്കെടുത്തില്ല. ഛണ്ഡീഗഡിലെ സെൻ്ററിൽ പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ഈ രണ്ട് പേര്‍ മാത്രമായിരുന്നു ഈ സെൻ്ററിൽ പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്. രണ്ട് പേരും എത്താതിരുന്നതോടെ ഈ സെൻ്ററിൽ പരീക്ഷ നടന്നില്ല.
ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു.മലയാളി ഉൾപ്പെടെ രണ്ടുപേരാണ് വീരമൃത്യു വരിച്ചത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയില്‍ തകരുകയായിരുന്നു.
മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാർ. മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രാലയത്തിൽ യോഗം ചേർന്നു. കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങളും, മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തി.
കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സന്ദർശിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ നടൻ കമൽ ഹാസൻ. തമിഴ്നാട്ടിൽ മരുന്ന് കടകളേക്കാൾ ഒരു തെരുവിൽ ടാസ്മാക് കടകളുണ്ടെന്ന് കമൽഹാസൻ വിമര്‍ശിച്ചു. സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല, അത് മാഫിയകളെ വളർത്തുകയേ ഉള്ളൂ. ഇപ്പോഴുണ്ടായ ദുരന്തത്തിന് ഇത് വരെ ഭരണത്തിലിരുന്ന എല്ലാ സർക്കാരുകളും ഉത്തരവാദികളാണെന്നും കമൽഹാസൻ പറഞ്ഞു.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി. പിന്നാക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും, ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ രാഷ്ട്രീയം നോക്കിയാണോ മിണ്ടാതിരിക്കുന്നത് എന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു.
കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ആറ് മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്. മതിൽ ഇടിഞ്ഞതോടെ അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്ന് സമാജ്‌വാദി പാര്‍ടി നേതാവ് ഐപി സിങ് പ്രതികരിച്ചു. എന്നാൽ മതിൽ അയോധ്യ ധാം സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ ഭാഗമല്ലെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. വൻകൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നടപടിയെ തുടർന്ന് ബജ്റംഗ് പൂനിയക്ക് വീണ്ടും സസ്പെൻഷൻ. പരിശോധനക്കായി മൂത്ര സാംപിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ വീണ്ടും ബജ്റംഗ് പൂനിയയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് സസ്പെന്‍ഷനെതിരെ ജൂലൈ 11നകം വിശദീകരണം നൽകാനാണ് നാഡ ബജ്റംഗ് പൂനിയക്ക് അയച്ച നോട്ടീസില്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.