നീറ്റിൽ തുടങ്ങി നെറ്റിലും ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് പരീക്ഷ വിവാദം. ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട് തേടി. അതേസമയം കൗൺസിലിംഗിന് സ്റ്റേ ഇല്ലെന്ന് കോടതി ഇന്നും വ്യക്തമാക്കി. വിവിധ ഹർജികളിൽ അടുത്തമാസം എട്ടിന് കോടതി വിശദവാദം കേൾക്കും. പരീക്ഷ ക്രമക്കേടിൽ കർശന നടപടിയിലേക്ക് കേന്ദ്രം നീങ്ങുന്നുവെന്നാണ് സൂചന.
രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല. സംഘടനകളുമായി ബന്ധം നോക്കിയാണ്. വിദ്യാർത്ഥികൾ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പാർലമെന്‍റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ചോദ്യപേപ്പർ ചോർച്ച തടയണമെന്ന് ആഗ്രഹമില്ലെന്നും രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
മാസപ്പടിയിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എം എൽ എ നിയമസഭയിൽ പറഞ്ഞു. നിങ്ങൾ ഈ വിഷയം സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. എന്നാൽ മാത്യു കുഴൽനാടൻ പിന്മാറാൻ തയ്യാറായില്ല. പി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കാമെന്ന് കുഴൽ നാടൻ പറഞ്ഞു.
ബോംബ് സ്ഫോടനം നടന്ന കണ്ണൂർ എരിഞ്ഞോളിയിലെ പറമ്പിൽ കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തി. എന്നാൽ ഒന്നും തന്നെ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്.
മലപ്പുറം തുവ്വൂരിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ സുനിൽരാജ് പിടിയിലായി. 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ്പിടിയിലായത്. വില്ലേജ് ഓഫീസർ പട്ടയം ലഭിക്കാൻ നൽകേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയിൽ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ വാങ്ങിയത്.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിച്ച്, പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി ഉടൻ തന്നെ പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
കോഴിക്കോട് ജില്ലയിൽ നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു.
എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.2024 ലെ എസ്. എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതിനോടൊപ്പം ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി സേ പരീക്ഷയിൽ 98.97% ഉം , ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയിൽ 100% ഉം ആണ് വിജയം. റിസൾട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://sslcexam.kerala.gov.in) ലഭ്യമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ . ദേശീയ തലത്തിൽ സിപിഎം സർക്കാർ ഉണ്ടാക്കില്ലെന്നും കോൺഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നൽ മതന്യൂനപക്ഷങ്ങളിൽ ഉണ്ടായത് നല്ലത് പോലെ ബാധിച്ചുവെന്നും, മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പോർട്ടിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂർണതയിലേക്ക് എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവൻ അറിയപ്പെടുന്ന പോർട്ട് ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം പോർട്ട് സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന കമ്പനിയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് സന്ദേശമയച്ച ജീവനക്കാരനെതിരെ എടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് അച്ചടക്ക നടപടി സ്വീകരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഫാക്ടറിയിലെ അമോണിയ ഉപയോഗവുമായി ബന്ധപ്പെട്ട് വാട്സാപ്പ് സന്ദേശം അയച്ചതിന് കമ്പനി നടപടി സ്വീകരിച്ചത് ചോദ്യം ചെയ്ത് ജീവനക്കാരനായ ടിവി സുജിത് ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
അനാവശ്യ നിർദ്ദേശങ്ങൾ നൽകി പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കൂട്ടരുതെന്ന് എഡിജിപി എം ആർ അജിത് കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിസ്സാര കാര്യങ്ങൾ പോലും കോളം വരച്ച ഷീറ്റുകളിൽ സ്റ്റേഷനുകളിൽ നിന്ന് രേഖപ്പെടുത്തി നൽകാൻ, മേലധികാരികൾ നിർദ്ദേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പൊലീസുകാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് സുപ്രധാന നിർദ്ദേശo. പോലീസുകാർക്ക് അമിത ജോലിഭാരം തടയുന്നതിനും കൂടിയാണ് ഈ നിർദ്ദേശം.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന അവരുടെ സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന ഒരു മനസ്സ് രൂപപ്പെട്ട് വരുന്നുവെന്ന് കാണിക്കുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്.കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ഈ ദിവസങ്ങളിൽ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ ദർശൻ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരു അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ദർശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദർശന്‍റെ പങ്കാളി പവിത്ര ഗൗഡ അടക്കം മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൂർഗിൽ പഴക്കം ചെന്ന കെട്ടിടം ഇടിഞ്ഞ് വീണ് അഞ്ച് പേർക്ക് പരിക്ക്. വിരാജ്പേട്ട – മൈസുരു – ബെംഗളുരു ദേശീയപാതയ്ക്ക് അരികിലുള്ള അമ്പൂർ ബിരിയാണി ഹൗസ് എന്ന ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കകത്ത് കുടുങ്ങിയ രണ്ട് പേരെ ഏതാണ്ട് ഒരു മണിക്കൂർ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ അഞ്ച് പേരെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജസ്റ്റിസ് എസ് മണികുമാർ തമിഴ്‌നാട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാൻ. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എൻ രവി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കേരളത്തിൽ ഇദ്ദേഹത്തെ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. പത്ത് മാസത്തോളം സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് ഉത്തരവിട്ടെങ്കിലും തമിഴ്‌നാട്ടിൽ നിയമനം ഉറപ്പിച്ച ജസ്റ്റിസ് എസ് മണികുമാര്‍ ഇത് നിരസിച്ചിരുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസിൽ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തില്‍ സംഭവത്തില്‍, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഖേദം രേഖപ്പെടുത്തി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികൾക്ക് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്. അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രത്തിന്റെ ബേണ്‍ഡ് മെമ്മറിയും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കാന്‍ ഇതുവരെ എട്ടു അപേക്ഷകള്‍ ലഭിച്ചതായി കകേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. മൂന്നുവീതം ബി.ജെ.പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഓരോ ഡി.എം.ഡി.കെ, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേട് ആരോപണത്തില്‍ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവിനെ സംശയമുനയിൽ നിർത്തി ബി.ജെ.പി.നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർഥിയെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിപ്പിക്കാൻ തേജസ്വി യാദവിന്റെ പി.എ. ഇടപെട്ടുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തേജസ്വി യാദവിന്റെ പി.എ. പ്രീതം കുമാർ ഇടപെട്ട്, നിലവിൽ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വിദ്യാർഥി അനുരാഗ് യാദവിനും രക്ഷിതാക്കൾക്കും താമസിക്കാൻ ഇടം നൽകിയതായി ബിഹാർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വിജയ് കുമാർ സിൻഹ ആരോപിച്ചു.