രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. രാഹുൽ ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും. അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി നേരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും സ്ഥിതി ഗതികള്‍ ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിച്ചതായും ട്വീറ്റില്‍ പറയുന്നു.
റെയിൽവേ സേഫ്റ്റി കമ്മീഷൻ ഡാർജിലിംഗ് ട്രെയിൻ ദുരന്തത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും മന്ത്രി സഹായധനം പ്രഖ്യാപിച്ചു. ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്. അറുപത് പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്ഥലത്ത് രക്ഷാ പ്രവർത്തനം പൂർത്തിയായി.
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.
വടകരയിലെ കാഫിർ പ്രയോഗം സിപിഎം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി നടത്തിയ വർഗീയ പ്രചാരണത്തിന് പിന്നിൽ അറിയപ്പെടുന്ന സിപിഎം നേതാക്കൾ ആയിരുന്നുവെന്നും, സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയത്, വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മണൽ മാഫിയയുമായുള്ള ബന്ധത്തിന്‍റെ പേരിൽ കണ്ണൂരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവിൽ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.കെ. അനിഴൻ, ഷാജി, കിരൺ എന്നിവർക്കെതിരെയാണ് നടപടി. മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി, മാസപ്പടി കൈപ്പറ്റി, പിടിച്ചെടുത്ത ബോട്ടുകളുടെ യന്ത്രഭാഗങ്ങൾ കടത്തി തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.
തെരഞ്ഞെടുപ്പിലെ കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തി. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായി. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സിപിഎം തീരുമാനിച്ചു.
അധികാരത്തിലെത്താൻ മതേതര ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് പാളയം ഇമാം.വിദ്വേഷ പ്രചാരണത്തിന് രാജ്യത്ത് യാതൊരു സ്ഥാനവും ഇല്ലെന്ന് തെരഞ്ഞെടുപ്പിലൂടെ ജനം പ്രഖ്യാപിച്ചു. കൊടും വർഗീയത നിറഞ്ഞ വാക്കുകൾ അധികാരികൾ പറഞ്ഞു. എന്നാല്‍, വെറുപ്പിന്‍റെ അങ്ങാടിയിൽ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ജനങ്ങൾ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.
തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.
മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എംഎം.പിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക.
ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ അർമേനിയയിൽ ബന്ദിയാക്കി. മോചനദ്രവ്യമായി വീട്ടുകാർ ഒന്നരലക്ഷം നൽകി. നാളെ ഉച്ചയ്ക്ക് 12.30 യ്ക്ക് മുൻപ് 2.5 ലക്ഷം നൽകിയില്ലെങ്കിൽ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നോർക്കയ്ക്കും അമ്മ ഗീത പരാതി നൽകിയിട്ടുണ്ട്.
ചിറ്റാരിക്കാലിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവർ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്. ഒന്നര വർഷമായി യുവാക്കൾ നഗ്നചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ.
പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താൻ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.
ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എൻഐഎ ക്ക് കൈമാറി. ഈ മാസം ഒൻപതിന് നടന്ന ഭീകരാക്രമണത്തിൽ ഒൻപത് തീർത്ഥാടകർക്കാണ് ജീവൻ നഷ്ടമായത് റിയാസിയിലെ ശിവ കോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്. ഭീകരർ വെടിയുതിർത്തതോടെ നിയന്ത്രണം വിട്ട ബസ് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ദില്ലി തുടങ്ങിയ ഇടങ്ങളിലെ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
യുദ്ധത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഇസ്രായേൽ യുദ്ധമന്ത്രിസഭയെ ബെഞ്ചമിൻ നെതന്യാഹു പിരിച്ചുവിട്ടു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എയർ ഇന്ത്യ ബെംഗളൂരു-സാൻ ഫ്രാൻസിസ്‌കോ വിമാനത്തിൽ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ ബ്ലേഡ്. വിമാനത്തിൽ യാത്ര ചെയ്ത മാതുറസ് പോൾ എന്ന യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കിട്ടിയതായി എക്‌സിൽ കുറിപ്പ് പങ്കുവച്ചത്. ബ്ലേഡിന്റെ ചിത്രമുൾപ്പടെ യാത്രക്കാരൻ പങ്കുവെക്കുകയും ചെയ്തു. ഉടൻ തന്നെ ഫ്ലൈറ്റ് ജീവനക്കാരെ വിവരം അറിയിച്ചു.മാപ്പ് പറയുകയും മറ്റൊരു വിഭവം നൽകിയെന്നും ഇദ്ദേഹം പറഞ്ഞു. കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു.
ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച്ച ദില്ലിയിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ജയത്തിൽ അമിത് ഷായെ അഭിനന്ദിച്ചതായി ഗംഭീർ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ നേതൃത്വം രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. ബിജെപിയുടെ മുൻ എംപിയായിരുന്നു ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കര്‍ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുൻ എംഎൽസി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്.
തെലങ്കാന മേദക്കിലെ സംഘർഷത്തിൽ എട്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും അക്രമത്തിന് നേതൃത്വം നൽകിയതിനുമാണ് അറസ്റ്റ്. നേരത്തെ ബിജെപി ജില്ലാ അധ്യക്ഷൻ അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.