കുവൈത്തിലെ മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലെ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകിയതായി കുവൈത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യയും ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയും ആശുപത്രിയിൽ സന്ദർശിച്ചു.
കുവൈത്തിലുണ്ടായ ദുരന്തം വീണ്ടും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെത്തിയ വിദേശ കാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗും സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രാഥമിക വിവരം ലഭിച്ച ശേഷം ദില്ലിയില്‍ ഉന്നതതല യോഗം നടക്കും. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തേണ്ടി വരും. അങ്ങനെയെങ്കില്‍ കാലതാമസമുണ്ടായേക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് വ്യക്തമാക്കി.
കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തിലേക്ക് പോകുന്നത്.
കുവൈത്തിൽ തൊഴിലാളി ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും പ്രത്യേക മന്ത്രി സഭായോഗത്തിൽ തീരുമാനിച്ചു.
കുവൈത്ത് ദുരന്തത്തിന് ഇരയായവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ സി 130 ജെ വിമാനo ദില്ലി എയർബേസിൽ തയാറാക്കി. മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്.നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം
കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽപ്പെട്ട മരിച്ചവരിൽ 49 പേർ ഇന്ത്യക്കാരാണെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞുവെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി. ഏറ്റവും പുതിയ വിവരം അനുസരിച്ച് 49 ഇന്ത്യക്കാര്‍ മരിച്ചതായാണ് വിവരമെന്നും ഇതില്‍ തിരിച്ചറിഞ്ഞ 46 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അജിത്ത് കോളശേരി പറഞ്ഞു.മൂന്നു പേരെ തിരിച്ചറിയാനുണ്ട്. തിരിച്ചറിയാൻ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.
നീറ്റ് യുജി പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികള്‍ക്കും നീതി ഉറപ്പാക്കാൻ സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കി റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇവർക്കുള്ള പരീക്ഷ വീണ്ടും നടത്താൻ അക്കാദമിക് വിദഗ്ധരുടെ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയിൽ മറുപടി നൽകുമെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കേരളത്തില്‍ മദ്യനയം ഉപയോഗിച്ച് കോടികള്‍ പിരിച്ചെടുത്തെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്രകോടികള്‍ പിരിച്ചെടുത്തതിനു സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.വന്‍കിട പദ്ധതികള്‍ വന്‍കിടക്കാര്‍ക്ക് ചുളുവിലയ്ക്ക് നല്കുകയും അതിന്റെ കമ്മീഷന്‍ ഇലക്ട്രല്‍ ബോണ്ടായി വാങ്ങുകയും വിസമ്മതിച്ചവര്‍ക്കെതിരേ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേസെടുക്കുകയുമാണ് അവിടെ ചെയ്തത്. മോദിയില്‍നിന്ന് ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയന്‍ ഇവിടെ മദ്യനയത്തില്‍ അതു നടപ്പാക്കിയെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
മുൻ ഡിജിപി സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതിയുടെ നിർദേശം. സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിനെതിരെ സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട് കോടതി അസാധുവാക്കി.
തൃശ്ശൂരില്‍ ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീണെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ ചോർച്ച ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. പത്മജ ബിജെപിയിൽ ചേർന്നത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ല. അതോടൊപ്പം തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുൽ വയനാട് ഒഴിയുകയാണെങ്കിൽ പ്രിയങ്ക മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും മുരളീധരൻ പ്രതികരിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി പരിശോധന തുടങ്ങി. ഡാമിൽ പരിശോധന നടത്തുന്നത് ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് . എല്ലാ വർഷവും ഡാമിൽ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പിൽ വേ, ഗാലറികൾ എന്നിവയ്‌ക്കൊപ്പം വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും സമിതി പരിശോധിക്കും. പരിശോധനക്ക് ശേഷം സമിതി കുമളിയിൽ യോഗം ചേരും. അണക്കെട്ടിൽ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തിൽ ഉന്നയിക്കും.
ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി) കൊല്ലം ജില്ലാ പ്രസിഡന്‍റ് രാജേഷ് കുമാർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്.നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ബാധകമായ വെള്ള നിറത്തിലുള്ള കളര്‍ കോഡ് നിയമത്തില്‍ മാറ്റം വരുത്താൻ ഗതാഗത വകുപ്പ് നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.
ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും, സർക്കാർ ജീവനക്കാർക്കും വീടിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമാറ്റം നൽകാൻ ഉത്തരവായി. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കഴക്കൂട്ടം ഗവ.ഹൈസ്കൂൾ ഗസ്റ്റ് അറബിക് അദ്ധ്യാപിക ബുഷ്റ ശിഹാബിന്റെ പരാതിയിലാണ് നടപടി.
ജൂൺ 15 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ അപകടകാരികളായതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.
കാവേരി കാളിങ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ‘ഫുഡ് ഫോറെസ്റ്റ് കൾട്ടിവേഷൻ ആൻഡ് ട്രൈഫ്രൂട്ട് ഫെസ്റ്റിവൽ ‘ ജൂൺ 23 -നു പുതുക്കോട്ടയിൽ. ഈ സെമിനാറിന്റെ ഭാഗമായി 300 തരം മാമ്പഴങ്ങളുടെയും 100 കണക്കിന് ചക്കകളുടെയും 100 കണക്കിന് വാഴപഴങ്ങളുടെയും പ്രദർശനം നടക്കുന്നതാണ്. കൂടാതെ ജൈവ കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പനയും ഉണ്ടായിരിക്കുo.
ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക്, ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15, ശനിയാഴ്ച യൂണിറ്റ് രജിസേട്രേഷനുള്ള വിദ്യലയങ്ങളിൽ നടക്കും. സംസ്ഥാനത്ത് 2057 യൂണിറ്റുകളില്‍ നിന്നായി 1,48,618വിദ്യാര്‍ത്ഥികൾ അഭിരുചി പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ ലിറ്റില്‍ കൈറ്റ്സ് കരിക്കുലം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റും ലഭിക്കുo.
പോത്ത്കല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവുശിക്ഷ . നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെയാണ് 24 വര്‍ഷം കഠിന തടവിനു പുറമേ 50,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . തുടർച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരുമായി മോദി ചർച്ച നടത്തിയത്. ഭീകരരെ നേരിടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു. ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതിനെ വിദേശകാര്യമന്ത്രാലയം വിമർശിച്ചു.
ജി7 ഉച്ചക്കോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കാണുക. അമേരിക്ക, യുക്രൈൻ, ഫ്രാൻസ് രാജ്യതലവന്‍മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിര്‍ത്തി . സുരക്ഷ ഉപദേഷ്ടാവിന്‍റെ പദവിയില്‍ അജിത് ഡോവലിന് ഇത് മൂന്നാം ഊഴമാണ്. പികെ മിശ്രയെയും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലനിര്‍ത്തി.
ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്.