night news hd 3

പുതുപ്പള്ളിയില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. ഉപകരണങ്ങളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഉച്ചയോടെ പോളിംഗ് ബൂത്തുകളില്‍ എത്തി ചുമതലയേറ്റു. മികച്ച പോളിംഗ് ഉണ്ടാകുമെന്നാണു പ്രതീക്ഷ. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍.

സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ക്ഷേമനിധികളില്‍ നിന്ന് ധനസമാഹരണം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അത്യാവശ്യ ചെലവുകള്‍ക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണം തത്കാലം പിന്‍വലിക്കില്ല.

തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മുങ്ങി മൂന്നു യുവാക്കളെ കാണാതായി. നാലുപേരില്‍ ഒരാള്‍ നീന്തി കരയ്ക്കു കയറി. ആനവാരിയിലാണു സംഭവം. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാട് സ്വദേശികളായ വിപിന്‍, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. രക്ഷപ്പെട്ട ശിവപ്രസാദ് അവശനിലയിലാണ്.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അദാനിയില്‍നിന്നോ ഡിബിയില്‍നിന്നോ കേരളം വൈദ്യുതി വാങ്ങും. യൂണിറ്റിന് ആറു രൂപ 88 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് അദാനി പവര്‍ കമ്പനിയുടേയും ഡി ബി പവര്‍ കമ്പനിയുടേയും വാഗ്ദാനം. റദ്ദാക്കിയ കരാര്‍ പ്രകാരമുള്ള തുകയെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ടെണ്ടറില്‍ മുന്നോട്ടുവച്ച തുക കുറക്കാമെന്ന് കമ്പനികള്‍ കെഎസ്ഇബിക്ക് ഉറപ്പു നല്‍കി. 500 മെഗാവാട്ട് അഞ്ച് വര്‍ഷത്തേക്ക് വാങ്ങാനുള്ള ടെണ്ടറില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. അദാനി പവര്‍ കമ്പനി യൂണിറ്റിന് ആറു രൂപ 90 പൈസയും ഡി ബി ആറു രൂപ 97 പൈസയുമാണ് ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് ക്രമക്കേടു കേസില്‍ വിധി പറയുന്നതില്‍നിന്ന് ഉപ ലോകായുക്തമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ലോകായുക്തയില്‍ ഇടക്കാല ഹര്‍ജി നല്‍കി. ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഹര്‍ജ്ജിയില്‍ വാദം പൂര്‍ത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കേയാണ് ഹര്‍ജി. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശന ചടങ്ങില്‍ ഉപ ലോകയുക്ത ബാബു പി ജോസഫ് പങ്കെടുത്തെന്നും മറ്റൊരു ഉപ ലോകയുക്ത ഹാറൂണ്‍ അല്‍ റഷീദ് പുസ്തകത്തില്‍ ഓര്‍മക്കുറിപ്പ് എഴുതിയെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

ഗ്രോ വാസുവിനെതിരായ കേസില്‍ പ്രോസിക്യൂഷന്റെ ഏഴാം സാക്ഷി കൂറുമാറി. കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന വിചാരണക്കിടെ ഗ്രോ വാസുവിന് അനുകൂലമായാണ് കൂറുമാറ്റം. ഇതേത്തുടര്‍ന്ന് നാലാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കാന്‍ കേസ് ഈമാസം 12 ലേക്കു മാറ്റി. ഗ്രോവാസു കോടതി വരാന്തയില്‍ മുദ്രാവാക്യം മുഴക്കി.

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ മാസപ്പടി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളിയിരുന്നു.

യുവാവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നു നിയമവിദ്യാര്‍ത്ഥിനി അറിയിച്ചതോടെ ഹൈക്കോടതിയില്‍ തൃശൂര്‍ക്കാരനായ യുവാവ് ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. യുവാവിനെതിരേ യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് സംഭവം. പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

മിത്ത് വിവാദത്തെത്തുടര്‍ന്നു നാമജപ ഘോഷയാത്ര നടത്തിയതിനു എന്‍എസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കലാപക്കേസ് പിന്‍വലിക്കുന്നു. നാമജപയാത്ര നടത്തിയവര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടില്ലെന്നും സ്പര്‍ദ്ദ ഉണ്ടാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി പിന്‍വലിക്കാമെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. ഘോഷയാത്രക്കെതിരെ ആരും പരാതിപ്പെട്ടിട്ടുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം. പ്രദേശത്ത് താമസിച്ചിരുന്ന കാണാതായ പ്രതീഷിന്റേ മൃതദേഹമാണെന്നു സംശയം. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളകിയതായി കണ്ടതോടെ പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമന്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി പാരിതോഷികമെന്ന് അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരന്‍ ശൈലേന്ദ്ര മോഹന് സുബേദാര്‍ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ഗര്‍വാള്‍ സ്‌കൗട്ട് റെജിമെന്റിലെ ഏറ്റവും ഉയര്‍ന്ന നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കിലേക്കാണ് സ്ഥാനകയറ്റം .

എയര്‍ ഹോസ്റ്റസ് ട്രെയിനിയായ യുവതി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. മുംബൈയിലെ അന്ധേരിയില്‍ കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് സ്വദേശിനിയായ രുപ ഒഗ്രെ ആണ് മരിച്ചത്. എയര്‍ ഇന്ത്യയില്‍ നിയമനം ലഭിച്ച് ഏപ്രില്‍ മാസത്തിലാണ് രുപ മുംബൈയില്‍ എത്തിയത്. അപ്പാര്‍ട്ട്‌മെന്റില്‍ സഹോദരിക്കും ആണ്‍ സുഹൃത്തിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ നാട്ടിലേക്കു പോയിരിക്കുകയായിരുന്നു.

ഓഗസ്റ്റില്‍ ചരക്ക് സേവന നികുതി വരുമാനം 1.59 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 11 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1.43 ലക്ഷം കോടി രൂപയാണ് ലഭിച്ചത്.

ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഒഡീഷയിലെ ആസ്ഥാനത്താണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനോടും രാഹുല്‍ഗാന്ധിയോടും മതിപ്പാണ്. അടുത്ത വര്‍ഷം നടക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ മിനസോട്ട ജയിലില്‍ അടിയന്തരാവസ്ഥ. നൂറോളം തടവുകാര്‍ സെല്ലില്‍ കയറാതെ പ്രതിഷേധിച്ചതിന് പിറകേയാണ് നടപടി. ജയിലിലെ അമിതമായ ചൂട്, കുളിക്കാനുള്ള സൗകര്യക്കുറവ്, കുടിവെള്ളക്ഷാമം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് തടവുകാര്‍ സമരത്തിനിറങ്ങിയത്.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാര്‍ട്ടിക്കിടെ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മെക്‌സിക്കോയിലെ സാന്‍ പെഡ്രോയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തി.
‘ഓ ബേബി’ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡിന് മുന്നില്‍ സന്തോഷത്താല്‍ തിളങ്ങുന്ന മുഖവുമായി ദമ്പതികള്‍. പിന്നില്‍ നിന്നും ഒരു വിമാനം പതിയെ ആകാശത്തേക്ക് ഉയരുന്നത് ദൃശ്യത്തില്‍ കാണാം. വിമാനം ആകാശത്ത് പിങ്ക് നിറം വിതറുന്നതിനിടെ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *