ജി 20 ഉച്ചകോടിക്കായി അമേരിക്കയും ചൈനയും അടക്കം 19 രാഷ്ട്രങ്ങളുടെ മേധാവികള്‍ ഡല്‍ഹിയില്‍. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഉച്ചകോടി. ഓരോ രാജ്യത്തുനിന്നും വന്‍പ്രതിനിധി സംഘമാണ് എത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുന്നുണ്ടെങ്കിലും റഷ്യയുടേയും ചൈനയുടേയും പ്രസിഡന്റുമാര്‍ പങ്കെടുക്കുന്നില്ല. ചൈനയുടെ പ്രധാനമന്ത്രിയും റഷ്യയുടെ വിദേശകാര്യമന്ത്രിയുമാണു പങ്കെടുക്കുന്നത്. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ജി 20 യില്‍ പങ്കെടുക്കുന്നുണ്ട്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രമായ ബസേലിയോസ് കോളജിനു ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക.
പെട്രോളിനും ഡീസലിനും വില കുറച്ചേക്കും. അനുദിനം വില കൂട്ടിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദീപാവലിയോടനുബന്ധിച്ച് മൂന്നു മുതല്‍ അഞ്ചുവരെ രൂപ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പാചകവാതക വിലയിലെ 200 രൂപയുടെ നിര്‍ത്തലാക്കിയിരുന്ന സബ്‌സിഡി ഈയിടെ പുനസ്ഥാപിച്ചിരുന്നു.
സിപിഎമ്മുകാരനായ പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള 15 ഏക്കര്‍ മിച്ചഭൂമി കണ്ടുകെട്ടണമെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡിനു ശുപാര്‍ശ. വ്യാജരേഖ ചമച്ച് ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ട്. അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പെരുമ്പാവൂരില്‍ മോഷണ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് മാസം 10 നാണ് ഇയാള്‍ വിയൂര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്.
പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ നടത്തും. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ സമയത്തിനു ഫണ്ടു തരുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ആവശ്യമായ ഭക്ഷ്യധാന്യവുംനടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം നിര്‍ബന്ധമാക്കിയ 2021-22 മുതല്‍ കേന്ദ്രവിഹിതം അനുവദിക്കുന്നതു വളരെ വൈകിയാണെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ്, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജേഷ് എന്നിവരടക്കം നാലു പേരെയാണ് ചോദ്യം ചെയ്തത്.
മില്‍മയുടെ ആദ്യ ഭക്ഷണശാല ‘മില്‍മ റിഫ്രഷ് വെജ്’ തൃശൂര്‍ എംജി റോഡിലെ കോട്ടപ്പുറത്ത് തുറന്നു. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നവീകരിച്ച മില്‍മ സൂപ്പര്‍ മാര്‍ക്കറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, ചൈനീസ് വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയാണ് തുറന്നത്.
പാലക്കാട് കടമ്പഴിപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രഭാകരന്‍ നായര്‍ എന്നയാളെ കൊലപ്പെടുത്തിയശേഷം കിണറില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച ശാന്തകുമാരിയെ പൊലീസ് അറസ്റ്റു ചെയ്തു.
ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസ് സ്റ്റൗവില്‍നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമല കുന്നിലെ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. സംഭവത്തിനു തൊട്ടുമുമ്പ് വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികരിക്കണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. മുംബൈയിലെ യോഗത്തില്‍ ‘ഇന്ത്യ’ മുന്നണി ഹിന്ദു വിശ്വാസത്തെ ആക്രമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര ദര്‍ശനത്തിന് ഷര്‍ട്ട് അഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ കയറേണ്ടെന്ന് തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുറത്തുനിന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നു തീരുമാനമെടുത്തു. മനുഷ്യത്വരഹിതമായ ആചാരമാണ്. നാരായണ ഗുരുവിന്റെ 169-ാം ജയന്തിയോടനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.
മറാത്താ വിഭാഗക്കാര്‍ക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ ഭാഗികമായി സംവരണം പ്രഖ്യാപിച്ചു. മറാത്താ സംവരണ പ്രക്ഷോഭം തണുപ്പിക്കാനാണ് ഈ തീരുമാനം. എന്നാല്‍ മറ്റ് ഒബിസി വിഭാഗക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
ജി 20 ഉച്ചകോടിക്കു വേദിയാകുന്ന ഡല്‍ഹിയില്‍ ചൈനക്കെതിരെ ടിബറ്റ് വിഭാഗക്കാര്‍ പ്രതിഷേധം പ്രഖ്യാപിച്ചു. നാളെ മജ്‌നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ചൈന തങ്ങളുടെ സ്ഥലം കൈയ്യറിയിരിക്കുന്നുവെന്ന് ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.