നിയമസഭ കയ്യാങ്കളിക്കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താതെ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും അടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി വനിതാ എംഎല്‍എമാരെ ആക്രമിച്ചതിന് വെറെ കേസെടുക്കുമെന്നും 11 പേരുടെ മൊഴിയെടുത്തെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
കാസര്‍കോഡ് ബദിയടുക്ക പള്ളത്തുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു സ്ത്രീകള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലിമ, ബീഫാത്തിമ മൊഗര്‍ എന്നിവരാണു മരിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ഏഴു പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്
മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാര്‍ഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വര്‍ധനയ്ക്കനുസൃതമായ സൗകര്യങ്ങളാണു വര്‍ധിപ്പിക്കുന്നത്. പുതിയ കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ആധുനികവത്ക്കരണം എന്നിവ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ടെര്‍മിനല്‍ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയ്ക്കു തറക്കല്ലിടുകയും ചെയ്യും.
നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നു വരെ നീട്ടി. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണം. സാമൂഹിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്. ബീച്ചിലും പാര്‍ക്കിലും പ്രവേശനം അനുവദിക്കില്ല.
പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മ ഒരു വര്‍ഷത്തോളം ജയിലിലായിരുന്നു. കേസിലെ കൂട്ടുപ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.
കീഴ്‌ക്കോടതികളുടെ ഭാഷ മലയാളമാക്കണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഉപഭോക്തൃ കോടതികളിലെ ഭാഷയും മലയാളമാക്കണെന്ന് ഭക്ഷ്യ – സിവില്‍ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജസ്റ്റസ് വില്‍സണ്‍ കത്തയച്ചു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. സഹകരണ മേഖലയെ സംരക്ഷിക്കും. സിപിഎം നേതാക്കളെ കള്ള കേസില്‍ കുടുക്കുകയാണ്. എംവി ഗോവിന്ദന്‍ പറഞ്ഞു.
സഹകരണ മേഖലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കരുവന്നൂര്‍ തട്ടിപ്പിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാന്‍ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പൊലീസുമാണ്. അഴിമതിക്കാരെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ സിപിഎം പാര്‍ട്ടി ഫണ്ട് തിരിമറി വിവാദത്തിനു പിറകേ വിഭാഗീയത ഒതുക്കാന്‍ തരംതാഴ്ത്തിയ ടി ഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ തിരിച്ചെടുത്തു. ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. കുഞ്ഞികൃഷ്ണനെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.
മലപ്പുറം താനൂര്‍ ലഹരിമരുന്നു കേസില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റിലായ നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മന്‍സൂര്‍, ജബീര്‍, ആബിദ്, മുഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഇവരില്‍നിന്ന് എംഡിഎംഎ പിടികൂടിയെന്നാണു പോലീസ് ആരോപിച്ചിരുന്നത്. എന്നാല്‍ അതു വീര്യം കുറഞ്ഞ മെത്താംഫെറ്റാമിനാണെന്നാണ് ലാബ് റിപ്പോര്‍ട്ട്.
സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങള്‍ വഴി അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എബിന്‍ വീണ്ടും അറസ്റ്റില്‍. ആദ്യത്തെ കേസില്‍ ജാമ്യമെടുക്കുന്നതിനിടെയാണ് പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്ന് ശ്രീകൃഷ്ണപുരം പൊലിസ് പറഞ്ഞു.
കൊല്ലം പെട്ടമംഗലത്ത് ശോഭിത എന്ന വാടക വിട്ടില്‍നിന്ന് 40 ചാക്കില്‍ 880 കിലോ തൂക്കമുള്ള പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കിളികൊല്ലൂര്‍ മുറിയില്‍ 42-കാരനായ ഷാജഹാന്‍ വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു ഇവ കണ്ടെത്തിയത്.
മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് അതു നല്‍കണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണം. ഒരു വിഭാഗത്തിലുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കഴിയുന്നില്ലെന്ന പരാതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അവരെ തടയരുതെന്ന് ഹൈക്കോടതി ബാര്‍ അസോസിയേഷനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അദാനി – മോദി ബന്ധം ചോദ്യം ചെയ്തതിനാണ് തന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയതെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തും. ജാതി സെന്‍സസിനെകുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ മോദിസര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഭാരതത്തിന്റെ എക്‌സ് റേയാണ് ജാതി സെന്‍സസെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മുസാഫാര്‍നഗറില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠിയെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട്ടില്‍ ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ എഐഎഡിഎംകെ നേതൃയോഗം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയുംവരെ അധിക്ഷേപിച്ച ബിജെപി നേതാക്കളുമായി സഖ്യം വേണ്ടെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്ന് എഐഎഡിഎംകെ അറിയിച്ചു.
മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട് ഓഫ് പെര്‍സന്റൈല്‍ പൂജ്യമാക്കിയത് തുടരാന്‍ സുപ്രീം കോടതി അനുമതി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ആരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
നിരോധിച്ച രണ്ടായിരം രൂപാ നോട്ടുകള്‍ ബാങ്കില്‍ നല്‍കി മാറ്റിയെടുക്കാനുള്ള സമയം ഈയാഴ്ചയോടെ അവസാനിക്കും. മെയ് 19-നണ് 2,000 രൂപ നോട്ടുകള്‍ നിരോധിച്ചത്.