സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിക്കും. കഴിഞ്ഞ വര്‍ഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരുന്നതിനൊപ്പമാണു മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന. മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്.
സംസ്ഥാന റവന്യൂ വകുപ്പില്‍ കൈക്കൂലി ഇടപാടുകളുണ്ടോയെന്ന് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുഴുക്കുത്തുകളെ ജീവനക്കാര്‍ ഒറ്റപ്പെടുത്തണം. അഴിമതിക്കും കൂട്ടുനില്‍ക്കാന്‍ അനുവദിക്കില്ല. അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറുമുണ്ട്. മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പാലക്കയത്ത് വില്ലേജ് അസിസ്റ്റന്റിനെ കോഴക്കേസില്‍ അറസ്റ്റു ചെയ്തതിനു പിറകേയാണ് മന്ത്രിയുടെ ഇടപെടല്‍.
ഉപഭോക്താവില്‍നിന്ന് ഒമ്പതിനായിരം രൂപ വീതം വസൂലാക്കി സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ടെണ്ടര്‍ കെഎസ്ഇബി മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെയാണു പദ്ധതി മരവിപ്പിച്ചത്. ഉപഭോക്താക്കളില്‍നിന്ന് ഇത്രയും ഭീമമായ തുക ഈടാക്കുന്നതിനെതിരേ സിഐടിയു അടക്കം തൊഴിലാളി സംഘടനകള്‍ നിലപാടെടുത്തിരുന്നു.
ഡല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രതിനിധി പ്രഫ. കെ.വി തോമസിന് ലക്ഷം രൂപ ഓണറേറിയവും രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി.
എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സമിതിയെ നിയമിച്ചു. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുക. അടുത്ത മാസം അഞ്ചിനു മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.
മെഡിക്കല്‍ സര്‍സീസസ് കോര്‍പ്പറേഷന്റ തിരുവനന്തപുരത്തെ ഗോഡൗണില്‍ സുരക്ഷാവീഴ്ച. ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഗോഡൗണിലാണ് പരിശോധന നടത്തിയത്.
പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട ഗവി സ്വദേശി ഈശ്വരനാണ് പിടിയിലായത്. പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു.
പി പത്മരാജന്‍ പുരസ്‌കാരം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലിജോയ്ക്കു ലഭിച്ചത്. മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ബാഗില്‍ വെടിയുണ്ട മാത്രമാണെങ്കില്‍ കുറ്റകൃത്യമാവില്ലെന്ന് കേരള ഹൈക്കോടതി. തോക്കില്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് കുറ്റകൃത്യമാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരന്റെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയ കേസിലാണ് ഈ നിലപാടെടുത്തത്.
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ വന്ന് സ്വര്‍ണക്കടത്തു സംഘത്തില്‍നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിയും അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയുമായ മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. അഞ്ചു പേര്‍ വാഹനപടകടത്തില്‍ മരിക്കാന്‍ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയാണ് മജീഫ്.
കെട്ടിട നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊല്ലാകൊല നടത്തുകയാണെന്ന് കെ.മുരളീധരന്‍ എം.പി. തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണ് വര്‍ദ്ധനയെന്ന വാചകക്കസര്‍ത്ത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബസ് സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്നും ജൂണ്‍ അഞ്ചു മുതല്‍ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ബഹുഭൂരിപക്ഷം ബസുടമകളുടെ സംഘടനകളും ഏഴു മുതല്‍ ബസ് സമരം പ്രഖ്യാപിച്ചിരിക്കേയാണ് ഫെഡറേഷന്‍ ബസ് സമരത്തിനില്ലെന്ന് അറിയിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം അനുഷ്ഠിക്കുമെന്ന് തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
78 ാം പിറന്നാള്‍ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മലയാളത്തിലായിരുന്നു സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്.
കനത്ത കാറ്റിനും മഴയക്കും സാധ്യതയുള്ളതിനാല്‍ കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഞായറാഴ്ച വരെയാണ് വിലക്ക്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്.
അനധികൃത സ്വത്തു സമ്പാദിച്ചെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്കു സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ നിയമവിരുദ്ധമായി തയാറാക്കിയതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ ഹര്‍ജിയിലാണു സ്റ്റേ.
തിരുവനന്തപുരം പേയാട് പള്ളിമുക്കില്‍ ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. തിരുമല പ്ലാവിള തച്ചന്‍വിളാകത്ത് വീട്ടില്‍ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു നിന്ന് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വ്വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളിലെ അവകാശ തര്‍ക്കം തുടരുന്നതിനിടെ ഡേപ്‌സാംഗ്, ഡേംചോക്ക് മേഖലകളിലെ പട്രോളിംഗ് പുനരാരംഭിക്കുമെന്ന് കരസേന. ഡെപ്സാങ്ങിലെ പട്രോളിംഗിനുള്ള ഇന്ത്യയുടെ അവകാശങ്ങള്‍ ചൈന പുനഃസ്ഥാപിക്കണമെന്നും കരസേന ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് 20 കിലോമീറ്റര്‍ വരെ ചൈനീസ് സേന കടന്നുകയറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഇന്ത്യന്‍ കരസേന തള്ളി.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോല്‍ സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോലാണ് ലോക്‌സഭയില്‍ സ്ഥാപിക്കുക. പ്രതിപക്ഷം ബഹിഷ്‌കരണ സമരത്തിലാണ്.
വിദ്വേഷ പ്രസംഗക്കേസില്‍ അസംഖാന്‍ കുറ്റക്കാരനല്ലെന്ന് യുപിയിലെ രാംപൂര്‍ കോടതി. കേസില്‍ അസംഖാനെ വിചാരണക്കോടതി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനാല്‍ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. വിചാരണക്കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗിക്ക് എതിരായ പ്രസംഗമാണ് കേസിനാധാരം. അസംഖാനെതിരെ നിലവില്‍ 87 കേസുകളാണുള്ളത്.
രാഹുല്‍ഗാന്ധി പുതിയ സാദാ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. ലോക്‌സഭാംഗത്വം നഷ്ടമായതോടെ രാഹുല്‍ ഗാന്ധിയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദായിരുന്നു.
വിദ്യാര്‍ത്ഥി വിസയിലുള്ളവര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് യുകെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെയും യുകെയിലേക്കു കൊണ്ടുപോകാനാകൂ.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പാര്‍ക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 19 വയസുള്ള സായ് വര്‍ഷിതാണ് പിടിയിലായത്. നാസി കൊടിയുമായി എത്തിയ യുവാവിനെതിരെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഷിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആളുകള്‍ തമ്മിലുള്ള കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. സ്ത്രീകളും പുരുഷന്മാരും അടക്കം പന്ത്രണ്ടു പേരോളം കൂട്ടത്തല്ലില്‍ പങ്കെടുത്തെന്നാണു റിപ്പോര്‍ട്ട്. വിമാനമിറങ്ങിയ രണ്ടു പേര്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.