രണ്ടായിരം രൂപ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരത്തിന്റെ കറന്‍സികള്‍ ഉപയോഗിക്കാം. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചു. 2000 രൂപാ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടായിരത്തിന്റെ കറന്‍സികള്‍ കൈയിലുള്ളവര്‍ ബാങ്കുകളില്‍ നല്‍കി പകരം കറന്‍സികള്‍ കൈപ്പറ്റാവുന്നതാണ്. 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി പകരം പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.
എസ്എസ്എല്‍സിക്ക് ഇത്തവണ 68,604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്. കഴിഞ്ഞ തവണ 44,363 പേര്‍ക്കായിരുന്നു ഫുള്‍ എ പ്ലസ്. 24,241 പേര്‍ കൂടുതലായി ഫുള്‍ എ പ്ലസ് നേടി. പരീക്ഷ എഴുതിയ 4,19,363 വിദ്യാര്‍ത്ഥികളില്‍ 4,17,864 പേരാണു പാസായത്. 99.70 ശതമാനം വിജയം. വിജയശതമാനത്തില്‍ 0.44 ശതമാനം വര്‍ധന. എടരിക്കോട് സ്‌കൂള്‍ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കും. ജൂണ്‍ ഏഴു മുതല്‍ 14 വരെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
റോഡ് ക്യാമറാ കരാറിനെ ന്യായീകരിച്ചും കെല്‍ട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്. അഴിമതിയില്ലെന്നും കരാറുകളെല്ലാം സുതാര്യമാണെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാര്‍ നല്‍കാന്‍ കെല്‍ട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കെല്‍ട്രോണിനെ സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ആര്‍ഐടി ഉപകരാര്‍ നല്‍കിയ കമ്പനികളെ കുറിച്ച് കെല്‍ട്രോണ്‍ അറിയേണ്ട കാര്യമില്ലെന്നും ഭാവിയില്‍ ഇത്തരം പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതിയുണ്ടാകുമെന്നും വ്യവസായ മന്ത്രി പി. രാജീവ്.
എരുമേലി കണമലയില്‍ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേര്‍ക്കും സര്‍ക്കാര്‍ പത്തു ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കര്‍ഷക സംഘടനയായ ഇന്‍ഫാം. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമായ വിധത്തില്‍ കാട്ടുമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്നതു തടയാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ലെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കുറ്റപ്പെടുത്തി.
വന്യജീവി ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിഡി സതീശന്‍ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യനില പരിശോധിക്കാന്‍ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍. മെഡിക്കല്‍ ബോര്‍ഡാണ് ഈ നിര്‍ദ്ദേശം വച്ചത്. ഒരു ദിവസത്തെ പരിശോധനകൊണ്ട് പ്രതിയുടെ മാനസിക നില പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.
ബ്രഹ്‌മപുരത്തേക്കു മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇളവ് ആവശ്യപ്പെട്ട് എത്തിയ നഗരസഭ ചെയര്‍പേഴ്‌സന്റെ നിലപാടു ശരിയല്ലെന്നു മന്ത്രി പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന് 87,416 കോടി രൂപ ഡിവിഡന്‍ഡായി നല്‍കും. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ യോഗത്തിലാണ് തീരുമാനം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ. കേരളത്തില്‍നിന്ന് ക്ഷണം മൂന്ന് പേര്‍ക്കു മാത്രം. എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍, ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കാണു ക്ഷണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ രാജ എന്നിവരടക്കം 20 പേരെയാണ് ക്ഷണിച്ചത്.