night news hd 14

 

മണിപ്പൂരില്‍ കലാപത്തിന് ഇടയാക്കിയ ഭൂരിപക്ഷ സമുദായമായ മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടി വരുമെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്.

ഏഴു വര്‍ഷമായി കേരളത്തില്‍ 80,000 കോടി രൂപയുടെ വികസനം നടത്തിയെന്നു പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എല്‍ഡിഎഫ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ആര്‍ എസ് എസ്. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാപ്പെഴുതി പുറത്തിറങ്ങിയ ആളാണ് സവര്‍ക്കര്‍. സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കുകയാണ് സംഘപരിവാര്‍. ഗാന്ധിജിയേയും നെഹ്‌റുവിനേയും അബുള്‍ കലാം ആസാദിനേയും മുഗള്‍ ഭരണത്തേയും പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കുന്നതു കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തു നടത്തുന്ന അന്വേഷണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിയമിച്ച വി.കെ. മോഹനന്‍ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടി.

ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നിയമനങ്ങളില്‍ കൂടുതല്‍ സംവരണം വേണമെന്നതടക്കമുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലെത്തിയാണ് കമ്മീഷന്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് കൈമാറിയത്. ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ സ്‌കോളര്‍ഷിപ്പില്‍ കമ്മീഷന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചില്ല.

വടക്കന്‍ കേരളത്തെ ഭീകരവാദ ശ്രംഖലകളുടെ താവളമെന്ന് അധിക്ഷേപിച്ച് ‘ദ കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. മലപ്പുറവും കോഴിക്കോടും കാസര്‍കോടും ഉള്‍പെടുന്ന വടക്കന്‍ കേരളം ഭീകരവാദ ശ്രംഖലയാണെന്നു വിശദീകരിക്കുകയും ചെയ്തു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ‘ആള്‍മാറാട്ട’ത്തില്‍ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കിയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോം അറിയിച്ചു.

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ ശ്രീനിവാസന്‍ വധക്കേസില്‍ ഒരു പ്രതിയെകൂടി എന്‍ഐഎ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്.

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ അറസ്റ്റിലായ രണ്ടു വനം വികസന കോര്‍പറേഷന്‍ ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

തിരുവല്ല ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. തുകലശ്ശേരി സ്വദേശി സിപി ജോണ്‍ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. 11 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ 35 ദിവസം പ്രായമായ മകള്‍ അന്‍സിയയാണ് മരിച്ചത്.

കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ ബംഗളൂരുവില്‍ പിടിയില്‍. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തയത്.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജാ സത്യ (65)നാണ് പരിക്കേറ്റത്

പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്.

കര്‍ണാടക മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം നിര്‍ത്തിവച്ചു. ബംഗളൂരുവിലെ സ്റ്റേഡിയത്തില്‍ വിതാനിച്ചിരുന്ന തോരണങ്ങളും പരവതാനികളും അടക്കമുള്ളവയുമായി തൊഴിലാളികള്‍ സ്ഥലംവിട്ടു.

കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജെവാല. ഇപ്പോള്‍ പ്രചരിക്കുന്ന തിയ്യതികളില്‍ അടക്കം സത്യമില്ല. എഐസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ മല്‍സരിക്കാന്‍ ശക്തിയും സ്വാധീനവുമുള്ള മേഖലകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം നല്‍കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ദേശീയകക്ഷികള്‍ എല്ലാ സീറ്റും കൈയടക്കിവച്ചാല്‍ ഐക്യം യാഥാര്‍ത്ഥ്യമാകില്ലെന്നും മമത. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുയുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജ ലണ്ടനില്‍ അന്തരിച്ചു. 87 വയസായിരുന്നു.

ഡല്‍ഹിയില്‍നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കുപോയ എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കു പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊര്‍ജ മേഖലയിലെ റിലയന്‍സിന്റെ നൂതനാശയങ്ങളെക്കുറിച്ച് അറിയാനാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ജര്‍മ്മന്‍ പാര്‍ലമെന്റ് വളപ്പില്‍ പശുക്കളുമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ലെന്ന് ആരോപിച്ചാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പശുക്കളെയും പശുക്കുട്ടികളേയും പാര്‍ലമെന്റ് ഗാര്‍ഡനിലെത്തിച്ചു മേയാന്‍ വിട്ടത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *