തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി. നിയമം വന്ന് പത്തു വര്‍ഷമായിട്ടും നടപ്പാക്കുന്നില്ലെന്നു നിരീക്ഷിച്ച കോടതി നിയമം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ അടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നും ജെഡിഎസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ.
കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോലീസുകാര്‍ കൊണ്ടുവന്ന രോഗി അക്രമാസക്തനായപ്പോള്‍ പോലീസുകാര്‍ ഓടി രക്ഷപ്പെട്ടെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഡോ. വന്ദന ദാസിനു ശ്വാസകോശത്തില്‍ കുത്തേറ്റെന്ന കാര്യം വൈകിയാണ് അറിഞ്ഞത്. ശ്വാസകോശത്തില്‍ കുത്തേറ്റാല്‍ നല്‍കേണ്ട അടിയന്തിര ചികിത്സ നല്‍കാന്‍ വൈകി. കിംസില്‍ എത്തിയശേഷമാണു ചികില്‍സക്കു ശ്രമിച്ചത്. ഡ്രസിംഗ് റൂമില്‍നിന്ന് പ്രതി കത്രിക എടുത്ത് എക്‌സ് റെ എടുക്കാന്‍ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. പുറത്തു നടന്ന ആക്രമണങ്ങള്‍ അറിയാതെ എത്തിയെ വന്ദനയെയും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ പറഞ്ഞു.
ഹൈസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി ഒഴിവാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടേയും ആവശ്യങ്ങള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കും. ഡോ വന്ദന ദാസിന്റെ കൊലപാതകത്തിനു പിറകേ, ഹൗസ് സര്‍ജന്മാര്‍ നടത്തിവന്ന അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു. ഇന്നലെ രാത്രി മുതല്‍ ജോലിക്കു കയറി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു. രണ്ടാം ഗഡു രണ്ടു ദിവസത്തിനകം വിതരണംചെയ്യും.
ബോട്ടുകളില്‍ അമിതമായി യാത്രക്കാരെ കയറ്റാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്തതിനും പരാമര്‍ശങ്ങള്‍ക്കുമെതിരേ സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നത് ചിലര്‍ക്കുള്ള അസ്വസ്ഥത മൂലമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഇനിയുമൊരു ബോട്ട് ദുരന്തം ഉണ്ടാകരുത്. അതുകൊണ്ട് സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമാകുമോ? കോടതി ചോദിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പിണറായി വിജയന്‍ പണ്ട് അഴിമതിക്കാരനായിരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹത്തിന് ആര്‍ത്തി മൂത്തതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.
2024 ല്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ബിജെപിയെ മാറ്റി നിര്‍ത്തിയേ തീരൂവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്ക് പ്രതികളുടെ മര്‍ദ്ദനം. വാഹന മോഷണക്കേസില്‍ പിടിയിലായ നാലു പ്രതികളാണ് പൊലീസുകാരെ ആക്രമിച്ചത്. എസ് ഐ റിന്‍സ്, സിപിഒമാരായ നിസാര്‍ സുധീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂര്‍ സ്വദേശി തണ്ടില്‍, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫര്‍ അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് പ്രതികള്‍.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്നു പണവും പാസ്‌പോര്‍ട്ടുകളും തട്ടിയെടുത്ത കേസില്‍ ട്രാവല്‍സ് ഉടമ പിടിയില്‍. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ അനിതാ ട്രാവല്‍സ് ഉടമ കണ്ണമംഗലം വില്ലേജില്‍ ഉഷസ്സ് വീട്ടില്‍ കൃഷ്ണകുമാര്‍ (50) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
കര്‍ണാടകയിലെ വോട്ടെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൗത്താഫ്രിക്കയില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടിംഗ് മെഷീനുകള്‍ പരിശോധിക്കാതെയാണ് ഉപയോഗിച്ചതെന്ന പരാതിയും തള്ളി. ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.
രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു. ഏപ്രില്‍ മാസത്തില്‍ 4.7 ശതമാനമാണു പണപ്പെരുപ്പം. മാര്‍ച്ച് മാസത്തില്‍ 5.66 ശതമാനമായിരുന്നു. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്.
രാജ്യത്തെ മറ്റിടങ്ങളില്‍ കേരളസ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ പശ്ചിമബംഗാളില്‍ നിരോധനം എന്തിനെന്ന് സുപ്രീം കോടതി. നിരോധനത്തിനെതിരായ ഹര്‍ജി പരിഗണിക്കാവെയാണ് കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് പശ്ചിമബംഗാള്‍ വ്യത്യസ്തമല്ലെന്നും കോടതി പറഞ്ഞു.
അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഹര്‍ജിയില്‍ അന്വേഷണത്തിന് സമയം നീട്ടി വേണമെന്ന സെബിയുടെ ഹര്‍ജിയില്‍ തിങ്കളാഴ്ച ഉത്തരവിറക്കാമെന്ന് സുപ്രീം കോടതി. സെബിക്കും സുപ്രീം കോടതി നിയോഗിച്ച സമിതിക്കും മൂന്നു മാസം കൂടി നല്‍കാമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ആറു മാസം സമയം വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി.
നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ വ്യാജ മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്ത എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ സിബിഐ കേസെടുത്തു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്.