night news hd 5

 

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും കൊച്ചിയിലെ മാലിന്യപ്പുകയും സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇടപെടണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തു നല്‍കിയിരുന്നു. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണു കത്തു നല്‍കിയത്.

വിഷപ്പുക അടങ്ങിയില്ല, കൊച്ചിയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഈ വര്‍ഷം നാല്‍പത്തി മൂവായീരത്തിലധികം വനിതകള്‍ പുതു സംരംഭങ്ങള്‍ ആരംഭിച്ചെന്ന അവകാശവാദവുമായി വ്യവസായ മന്ത്രി പി. രാജീവ്. വനിതാദിനമായ ബുധനാഴ്ച വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനിതാ സംരംഭകരുടെ സംഗമം നടത്തുമെന്നും മന്ത്രി അറിയിച്ചു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുക്കുന്ന സംഗമം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതല്ല, മൈക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു ക്ലാസെടുത്തതാണെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാളയില്‍ പ്രസംഗത്തിനിടെ മൈക്കിന് അരികിലേക്കു ചേര്‍ന്നു നിന്നു പ്രസംഗിക്കാന്‍ ഉപദേശിച്ച മൈക്ക് ഓപറേറ്ററോട ‘പോയേ, നല്ല മൈക്കു കൊണ്ടുവരാത്തതിനു ഞാനല്ല ഉത്തരവാദി’യെന്നു തുടങ്ങി സംസാരിച്ചത് ശകാരമല്ലെന്നാണു വിശദീകരണം.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളാക്കുന്നതിനെതിരേ തത്കാലം സമരമില്ലെന്ന് സിഐടിയു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച പ്രയോജനകരമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു. ഈ മാസം 18 ന് വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. ഈ മാസം 14, 15 തീയതികളില്‍ സിഐടിയു നേതാക്കള്‍ യോഗം ചേര്‍ന്നു നിലപാടെടുക്കും.

കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഷായത്തില്‍ വിഷം കലര്‍ത്തി തന്നെന്നു ഷാരോണ്‍ ബന്ധുവിനോടു പറഞ്ഞെന്നും ഇരുവരും തമ്മില്‍ പലവതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

വാളയാറില്‍ 130 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് പിടിയിലായത്.

തിരുവല്ലയില്‍ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയില്‍ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകള്‍ അംജിത പി. അനീഷാണ് മരിച്ചത്. കുത്തേറ്റ് അധികം വൈകാതെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സ തുടങ്ങിയപ്പോഴേക്കും അംജിത കുഴഞ്ഞു വീണിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗര്‍കോവില്‍ യാത്രക്കു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. നെയ്യാറ്റിന്‍കരയിലും പാറശാലയിലുമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണു പോലീസ് പിടികൂടിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല, മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പിണറായി വിജയനെ സ്തുതിച്ചു പാടിയാലും കേരളം വിശ്വസിക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

അബുദാബിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയില്‍നിന്ന് 1.42 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. 2,536 ഗ്രാം സ്വര്‍ണമാണു പിടിച്ചത്. ആരു കടത്താന്‍ ശ്രമിച്ചതാണെന്ന് അന്വേഷിച്ചുവരുന്നു.

മാളയിലെ ബിലീവേഴ്‌സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്ത് തീപിടിത്തം. 35 ഏക്കറോളം പാടം കത്തിനശിച്ചു

ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബിപ്ലബ് ദേബ് കുമാറിന് പകരം കഴിഞ്ഞ വര്‍ഷമാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ.

മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാര്‍ച്ച് 20 വരെ തിഹാര്‍ ജയിലില്‍. ഡയറി, ഭഗവത് ഗീത, പേന, കണ്ണട എന്നിവ ജയില്‍ സെല്ലില്‍ കൈവശംവയ്ക്കാന്‍ കോടതി അനുമതി നല്‍കി.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്‍ബൂര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഹെലികോപ്റ്ററിന്റെ ശക്തമായ കാറ്റില്‍ കടലാസുകളും പ്ലാസ്റ്റിക് കവറുകളും പൊടിപടലങ്ങളും പറന്നുയര്‍ന്ന് പൈലറ്റിനു ഒന്നും കാണാനാവാത്ത അവസ്ഥയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നിലത്തിറക്കാന്‍ കഴിഞ്ഞത്.

തെറ്റിദ്ധാരണാ ജനകമായ പരസ്യങ്ങള്‍ അവതരിപ്പിക്കരുതെന്ന് സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. പരസ്യമാണോ സ്‌പോണ്‍സേഡ് പ്രോഗ്രാമാണോ പാര്‍ടണര്‍ഷിപ്പാണോയെന്നു വ്യക്തമാക്കണം. പരസ്യദാതാവിന്റെ നിലവാരം പരസ്യത്തിലെ അവകാശവാദങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും നിര്‍ദേശം.

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ സൈബി മേഖലയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പതു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ബോംബര്‍ ബൈക്ക് പൊലീസ് ട്രക്കിലേക്ക് ഓടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്.

അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ ഇംഗ്ലണ്ട്. ചെറുബോട്ടുകളില്‍ രാജ്യത്ത് എത്തിയ ശേഷം പൗരത്വം സ്വന്തമാക്കുന്ന രീതി അവസാനിപ്പിക്കാന്‍ പുതിയ നിയമം. ചെറുബോട്ടുകളില്‍ എത്തുന്നവര്‍ക്കു നിരോധനം ഏര്‍പ്പെടുത്തും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *