കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച രോഗിയുടെ ബന്ധുക്കളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്കിന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ അവധി എടുക്കും. അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി എന്നിവ മുടങ്ങില്ല.
തീയും പുകയും അടങ്ങാതെ ബ്രഹ്‌മപുരം. ശ്വാസംമുട്ടി കൊച്ചി നഗരം. പുകമാലിന്യം ഭീഷണിയായതോടെ കൊച്ചിയിലെ ഏഴു പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവധി. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധിയായിരിക്കും.
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് വസതി വളഞ്ഞു. അറസ്റ്റു തടയാന്‍ അണികള്‍ ചെറുജാഥകളായി വീടിനു ചുറ്റും തടിച്ചുകൂടി. ഇതോടെ പ്രദേശം സംഘര്‍ഷഭരിതമായി. ഒടുവില്‍ അറസ്റ്റു ചെയ്യാതെ പോലീസ് മടങ്ങി. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവായ ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് എത്തിയത്.
തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പു കൂസാതെ കെഎസ്ആര്‍ടിസി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് മുന്നോട്ട്. ഫെബ്രുവരിയിലെ ശമ്പളത്തിന്റെ പകുതി വിതരണം ചെയ്തു. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടി രൂപ ഉപയോഗിച്ചാണ് ശമ്പളം നല്‍കിയത്. ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെ എതിര്‍ക്കുന്ന സിഐടിയു നേതാക്കളുമായി ഗതാഗതമന്ത്രി നാളെ ചര്‍ച്ച നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പു സംബന്ധിച്ചു ലോകായുക്തയിലുള്ള കേസിന്റെ വിസ്താരം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമായിട്ടും വിധി പറയാന്‍ ലോകായുക്ത തയാറാകാത്തത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള കേസാണിത്. വിസ്താരം പൂര്‍ത്തിയായാല്‍ ആറു മാസത്തിനകം വിധി പ്രസ്താവിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരള ലോകായുക്തയ്ക്കു ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് നടക്കാവ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ആറു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്ന തൃശൂരിലെ ബിജെപി പൊതുസമ്മേളനം 12 ലേക്കു മാറ്റി. ഇന്നു നടത്താനിരുന്ന സമ്മേളനമാണു മാറ്റിവച്ചത്. തേക്കിന്‍കാട് മൈതാനിയില്‍തന്നെയാണ് സമ്മേളനം നടക്കുക.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് നാളെ ഉച്ചമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ക്ഷേത്ര പരിസരത്തോ ദേശീയപാതയിലോ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യരുതെന്നു പോലീസ്.
തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരത്തുനിന്നു പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ഗുഡ്‌സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്.
മാറു മറയ്ക്കല്‍ സമരത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷം നാളെ നാഗര്‍കോവില്‍ നാഗരാജ തിടലില്‍ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
ഹിന്ദി സംസാരിച്ചതിനു 12 പേരെ തമിഴ്‌നാട്ടില്‍ തൂക്കിക്കൊന്നെന്ന് പ്രചാരണം നടത്തിയതിന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവടക്കം നാലുപേര്‍ക്കെതിരെയും തമിഴ്‌നാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജവാര്‍ത്തയറിഞ്ഞ് ഹിന്ദിക്കാരായ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടില്‍നിന്നു പലായനം ചെയ്യുകയാണ്.
ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യവും പ്രതിസന്ധിയിലാണെന്നു പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുനരുജ്ജീവനത്തിന്റെ യാത്രയിലാണെന്ന് തുക്ടെ തുക്ടെ ഗാങ് മനസിലാക്കണെന്നും മന്ത്രി പറഞ്ഞു. ഭുവനേശ്വറില്‍ അഭിഭാഷകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ വിമര്‍ശിച്ചാല്‍ ആക്രമിക്കപ്പെടും. ബിബിസി വിഷയത്തിലും ഇന്ത്യയില്‍ ഇതാണ് സംഭവിച്ചതെന്നും രാഹുല്‍ ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ച ത്രിപുരയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ തിപ്ര മോതയുമായി സഖ്യ ചര്‍ച്ചയ്ക്കു ബിജെപി. ത്രിപുരയിലെ ഗോത്ര മേഖലകളിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു തിപ്രമോദ നേതാക്കള്‍ക്കു ക്ഷണം. അതേസമയം ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാന പദവി വേണമെന്ന് തിപ്ര മോതയുടെ നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍. എന്നാല്‍ സംസ്ഥാനം വിഭജിക്കാനാകില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ആംആദ്മി പാര്‍ട്ടി നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് കേസെടുത്തു. ആം ആദ്മി പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരേയാണ് കേസ്.
യു ട്യൂബില്‍ ലൈക് അടിച്ചു പണം സമ്പാദിക്കാവുന്ന ജോലി തരാമെന്നു വിശ്വസിപ്പിച്ച് 29 കാരിയില്‍നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത പൂനെ സ്വദേശികളായ അഞ്ചു വിരുതന്മാരെ മുംബൈയില്‍ അറസ്റ്റു ചെയ്തു. കെട് കമ്പനി ഡയറക്ടര്‍മാര്‍ എന്നു പരിചയപ്പെട്ടു തട്ടിപ്പു നടത്തിയ ബിന്ദുസര്‍ ഷെലാര്‍, മഹേഷ് റാവത്ത്, യോഗേഷ് ഖൗലെ തുടങ്ങിയവരാണു പിടിയിലായത്.