മോദി സര്‍ക്കാര്‍ കേരളത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെങ്കിലും ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്നും അമിത് ഷാ പറഞ്ഞു.
ബ്രഹ്‌മപുരത്തെ വിഷപ്പുക ഭീഷണിമൂലം കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം കൂടി അവധി. നഗരസഭകളായ തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശ്ശേരി, കൊച്ചി കോര്‍പ്പറേഷന്‍, ഗ്രാമപഞ്ചായത്തുകളായ വടവുകോട് -പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ഉള്‍പെടെയാണ് അവധി.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം സസ്‌പെന്‍ഡു ചെയ്യാന്‍ ബിജെപിയുടെ കളമൊരുക്കം. നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നു ബിജെപി നേതാക്കള്‍ സൂചന നല്‍കി. രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിയിലും ബിജെപി ആവശ്യപ്പെട്ടിരുന്നു.
വേനല്‍ മഴയ്ക്കു സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്കു കൂടുതല്‍ സാധ്യത. ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. വേനല്‍ മഴ എത്തിയാലും ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ താപനില വലിയ തോതില്‍ വര്‍ധിക്കില്ല.
നന്നായി പ്രവര്‍ത്തിച്ചാല്‍ നിലനില്‍ക്കും, ഇല്ലെങ്കില്‍ ഉപ്പുകലംപോലെയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകാന്‍ ആരേയും അനുവദിക്കില്ല. കുട്ടനാട്ടിലേയും ആലപ്പുഴയിലേയും സിപിഎം വിഭാഗീയതകള്‍ക്കെതിരേയാണ് ഗോവിന്ദന്റെ പ്രസംഗം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി. തൃശൂരില്‍നിന്നോ കണ്ണൂരില്‍നിന്നോ മല്‍സരിക്കാം. കേരളം എടുക്കുമെന്നു മോദി പറഞ്ഞാല്‍ ഏതു ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം എന്തുചെയ്‌തെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബ്രഹ്‌മപുരത്തുനിന്ന് വിഷപ്പുകയുണ്ടാക്കിയ കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയെ പിരിച്ചുവിടണമെന്നും തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രഹ്‌മപുരം മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഏഴു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും അനുബന്ധ രോഗാവസ്ഥകളും പരിശോധിച്ച് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാനാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.
ഇടുക്കി പാറത്തോട് സ്വദേശിയായ യുവാവിനെ മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. ആരോ പിന്തുടരുന്നുണ്ടെന്ന് വിളിച്ചറിയച്ചെന്നു വീട്ടുകാര്‍ പറയുന്നു.
ലോറിയുടെ ഗ്രില്ലില്‍ ഇടിച്ച് തൃശൂരിലെ കൊമ്പനാന കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്റെ കൊമ്പുകള്‍ പിളര്‍ന്നു. ചെറുതുരുത്തി കോഴിമാമ്പറമ്പ് പൂരം എഴുന്നള്ളിപ്പിനുശേഷം ആനയെ ലോറിയില്‍ കൊണ്ടുവരുമ്പോഴാണ് അപകടം. ആനയെ ഉത്സവങ്ങളില്‍നിന്ന് തത്ക്കാലം മാറ്റി നിര്‍ത്തി ചികിത്സ നല്‍കണമെന്നു വനംവകുപ്പ് നിര്‍ദ്ദേശിച്ചു.
സന്ദര്‍ശന വിസ പുതുക്കാന്‍ ബെഹറിനില്‍ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാര്‍ മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ അന്‍പതുകഴിഞ്ഞ സുഹൃത്തുക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയവരാണ് പഴയ പ്രണയം പുഷ്പിച്ചെടുത്ത് വീട്ടുകാരെ ഉപേക്ഷിച്ച് സ്ഥലംവിട്ടത്. 1987 ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടി ഒളിച്ചോടിയത്. ഇരുവരുടേയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
പണി പൂര്‍ത്തിയാക്കാത്ത ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്‌തെന്ന് ആരോപിച്ച് കര്‍ണാടകത്തിലെ രാമനഗരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം. അണ്ടര്‍പാസുകളും സര്‍വീസ് റോഡുകളും പണിതിട്ടില്ല. സ്ഥലം ഏറ്റെടുത്തതിന്റെ പണം സ്ഥലമുടമകളായ കര്‍ഷകര്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ താനാകട്ടേ, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ലോകോത്തര ഹൈവേകള്‍ നിര്‍മിക്കുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു. ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതാണു കാരണം. വയറില്‍ അള്‍സര്‍ കണ്ടെത്തിയെന്നും ചികില്‍സ തുടരുമെന്നും ആശുപത്രി അധികൃതര്‍.
ദുര്‍മന്ത്രവാദത്തിനായി സ്ത്രീയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ച സംഭവത്തില്‍ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ്. പുനെയിലാണ് സംഭവം. 28 കാരിയെ ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദത്തിനു നിര്‍ബന്ധിച്ചു. ആര്‍ത്തവരക്തം 50,000 രൂപയ്ക്കു വിറ്റെന്നാണു വിശാരന്ത് വാഡി പൊലീസ് പറയുന്നത്. ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരന്‍, മരുമകന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ കേസെടുത്തു.