night news hd 4

 

ഇരുചക്രവാഹനങ്ങളില്‍ 12 വയസിനു താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ചുമത്തില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനത്തില്‍ കുട്ടിയായാലും മൂന്നാമതൊരാള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കിയതിനു പിറകേയാണ് വിശദീകരണം. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ എട്ടു മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

റോഡ് കാമറയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കു വിഐപി വാഹനങ്ങള്‍ക്ക് ഇളവില്ലെന്ന് മന്ത്രി ആന്റണി രാജു. താനടക്കം ആരും നിയമം ലംഘിച്ചാലും പിഴ അടയ്‌ക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തില്‍ മരിച്ച 275 പേരില്‍ ഇരുന്നൂറോളം പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

‘അഴിമതി ക്യാമറ’യുടെ മറവില്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീര്‍പ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പാക്കുന്നത്. അദ്ദേഹം പറഞ്ഞു.

പച്ച സിഗ്‌നല്‍ കണ്ട ശേഷമാണ് ട്രെയിന്‍ മുന്നോട്ടെടുത്തതെന്ന് ഒഡിഷയില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രെയിനിന്റെ വേഗത അമിതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റ് മൊഴി നല്‍കി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ടു പോയതെന്നും ലോക്കോ പൈലറ്റ് അറിയിച്ചു.

മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ അറിയിച്ചു. കൊറാമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണ് അപകടത്തില്‍ പെട്ടതെന്ന് റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ സിന്‍ഹ. ഗുഡ്‌സ് ട്രെയിനുള്ള ട്രാക്കിലേക്കു തെറ്റിക്കയറിയ കൊറാമാണ്ഡല്‍ എക്‌സ്പ്രസ് ഇരുമ്പു നിറച്ച ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചുകള്‍ അടുത്ത പാളങ്ങളിലേക്കു വീണു. അതുവഴ വന്ന ബംഗളൂരു – ഹൗറ എക്‌സ്പ്രസ് കൊറാമാണ്ഡലിന്റെ പാളം തെറ്റിയ കോച്ചുകളില്‍ ഇടിക്കുകയായിരുന്നു. അനുവദനീയമായ 128 കിലോമീറ്ററായിരുന്നു കൊറാമാണ്ഡലിന്റെ വേഗത. അവര്‍ പറഞ്ഞു.

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ അംഗീകരിച്ച മരണക്കണക്കില്‍ സംശയമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനജി. ട്രെയിനില്‍ ഉണ്ടായിരുന്ന ബംഗാളികളായ 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
62 പേരുടെ മൃതദേഹങ്ങള്‍ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ 182 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു മമത പറഞ്ഞു.

ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ ചെലവ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഗൗതം അദാനി.

പ്രധാനമന്ത്രിക്കു ചുറ്റും രക്ഷാകവചമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സുരക്ഷ നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കു യാത്രചെയ്യാനുള്ള ട്രെയിനുകളില്‍ മതിയായ കംപാര്‍ട്ടുമെന്റുകള്‍പോലും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി.

ബിഹാറില്‍ 1700 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണു. ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലമാണു ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്. ആളപായമില്ല. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്.

വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് മൃതദേഹം ബാഗിലാക്കി കടലില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. 23-കാരിയായ അഞ്ജലിയെ കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനായ മിന്റു സിങ്ങും സഹോദരനുമാണ് അറസ്റ്റിലായത്. ഭയന്ദറിലെ ഉത്താന്‍ ബീച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *