night news hd 30

 

സുരേഷ് ഗോപിയേയോ മെട്രോമാന്‍ ഇ. ശ്രീധരനേയോ കേന്ദ്രമന്ത്രിസഭയിലേക്ക് എടുത്തേക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകും. അടുത്ത ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്ക് അനുകൂലമായി കളമൊരുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച വൈകുന്നേരം നാലിന് നിലവിലുള്ള എല്ലാ മന്ത്രിമാരുടെയും യോഗം മോദി വിളിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ബിജെപി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

നാടകീയരംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരില്‍ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് മാര്‍ഗമുള്ള യാത്രക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതര്‍ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയെ മണിപ്പൂര്‍ പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. രാഹുലിനെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധിച്ചും എത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. ഇംഫാലിലേക്കു മടങ്ങിയ രാഹുല്‍ ഹെലികോപ്റ്ററിലാണു ചുരാചന്ദ്പൂരിലെത്തിയത്.

സിപിഎം നേതൃയോഗങ്ങള്‍ക്കു നാളെ തുടക്കം. നാളെ സെക്രട്ടേറിയറ്റും ശനിയാഴ്ചയും ഞായറാഴ്ചയുമായി സംസ്ഥാന കമ്മിറ്റിയും ചേരും. മുഖ്യമന്ത്രിയും പങ്കെടുക്കും. എസ്എഫ്‌ഐയുടെ വ്യാജ ഇടപാടുകള്‍ അടക്കം പുതിയ അഴിമതി ആരോപണങ്ങളെ ചെറുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാനുള്ള തന്ത്രങ്ങളാകും ചര്‍ച്ച.

ഇറാനില്‍ തടവിലാക്കപ്പെട്ട മല്‍സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തൊഴിലാളികളുടെ തിരുവനന്തപുരം അഞ്ചുതെങ്ങിലുള്ള കുടുംബങ്ങളെ മന്ത്രി സന്ദര്‍ശിച്ചു സംസാരിച്ചു.

സംസ്ഥാനത്തു കൂടുതല്‍ മേഖലകളില്‍ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്.

പാലക്കാട് പല്ലശ്ശനയില്‍ വിവാഹ ചടങ്ങിനിടെ വരന്റെ വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ശബരി എക്‌സ്പ്രസിലെ ശൗചാലയം പൂട്ടി അകത്തിരുന്ന സംസാരശേഷിയില്ലാത്തയാളെ കതകിന്റെ പൂട്ടുപൊളിച്ചു പുറത്തിറക്കി. ചെങ്ങന്നൂരില്‍നിന്നു ട്രെയിനില്‍ കയറിയ ആളെ ഷൊര്‍ണൂര്‍ റെയില്‍വെ പൊലീസാണു പുറത്തിറക്കിയത്.

പ്രതിപക്ഷ കക്ഷികളുടെ ഐക്യനീക്കങ്ങള്‍ക്കായുള്ള രണ്ടാമത്തെ യോഗം ബെഗളൂരുവില്‍ ചേരുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ജൂലൈ 13, 14 തീയതികളിലാണു യോഗം. ഷിംലയില്‍ പത്തിനു നടത്താനിരുന്ന യോഗമാണു ബംഗളൂരുവിലേക്കു മാറ്റുന്നത്. പാറ്റ്‌നയില്‍ ചേര്‍ന്ന ആദ്യ യോഗത്തിനുശേഷം പ്രധാനമന്ത്രി നരേനദ്രമോദി അസ്വസ്ഥനാണ്. ശരത് പവാര്‍ പറഞ്ഞു.

രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്നില്‍ രണ്ടു ഭാഗം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡല്‍ഹി സര്‍വ്വകലാശാല. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണു മോദി എത്തുന്നത്. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

മണിപ്പൂരിലെ അതിക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ചുരാന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സാന്ത്വനിപ്പിച്ച അദ്ദേഹം ഗോത്ര വര്‍ഗക്കാരായ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സമാധാനത്തിനു പ്രാധാന്യം നല്‍കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിനു പിറകേ ബജറംഗ് പുനിയക്കും വിനേഷ് ഫോഗത്തിനും വിദേശ പരിശീലനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബജറംഗ് പുനിയ കിര്‍ഗിസ്ഥാനിലും വിനേഷ് ഫോഗത്ത് ഹംഗറിയിലുമാണ് പരിശീലനം നേടുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *