മോന്സന് മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാരകനെ പോലീസ് അറസ്റ്റു ചെയ്തു. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവനുസരിച്ച് അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കും. ഏഴര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റു ചെ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടുമെന്നു പ്രതിപക്ഷ കക്ഷികള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടികള്‍ ഒന്നിച്ചു പോരാടും. പ്രതിപക്ഷ മുന്നണിയുടെ നേതൃത്വം പാര്‍ട്ടിക്കും നല്‍കില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈയില്‍ ഷിംലയില്‍ ചേരും. പൊതു മിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങളില്‍ ഷിംല യോഗം ചര്‍ച്ച ചെയ്യുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ അറിയിച്ചു.
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ നാടിന് ആവശ്യമാണെന്ന് ഹൈക്കോടതി . പദ്ധതിയുടെ സുതാര്യതയും അഴിമതി ആരോപണങ്ങളും വേറെ വിഷയമാണ്. റോഡുകളിലെ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ തടയാന്‍ സഹായിക്കുന്ന കാമറകള്‍ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണു വേണ്ടതെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങള്‍മൂലം ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുവാറ്റുപുഴ സ്വദേശി മോഹനനനും ഭാര്യയും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്യാമറ പദ്ധതിക്കു കോടതി അനുമതിയില്ലാതെ പണം നല്‍കരുതെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനും രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
‘തൊപ്പി’ യൂട്യൂബ് വ്ളോഗറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെ അര്‍ധരാത്രി വീടിന്റെ കതകു തകര്‍ത്ത് അറസ്റ്റു ചെയ്ത വളാഞ്ചേരി പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. സമാനമായ മറ്റൊരു കേസിനായി മുഹമ്മദ് നിഹാദിനെ കണ്ണൂര്‍ കണ്ണപുരം പൊലീസിനു കൈമാറി.
വ്യാജ പ്രവൃത്തി പരിചയ രേഖയുണ്ടാക്കിയെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യയ്ക്കു ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വെള്ളവും കഴിക്കാത്തതിനാലുള്ള നിര്ജ്ജലീകരണമാണു കാരണമെന്ന് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. നാളെ വിദ്യയെ കോടതിയില്‍ ഹാജരാക്കാനുള്ളതാണ്. നാളെ വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്യു നേതാവ് അന്‍സില്‍ ജലീലിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്‍സില്‍ ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റു ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മാധ്യമങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഇഷ്ടമുള്ളതു മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. അടിയന്തരാവസ്ഥയെ അനുകരിക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു 19 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ പയ്യാവൂരിലെ കരാറുകാരനായ എ.കെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയേയും അമ്മയുടെ കാമുകനെയും കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്.
അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അധിക വായ്പയ്ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. 200 കോടി ഡോളര്‍ വായ്പ അനുവദിക്കാനാണ് അനുമതി. പതിനാറായിരം കോടിയിലധികം രൂപ വായ്പയെടുക്കാന്‍ റിലയന്‍സിനു കഴിയും.