night news hd 10

 

കേരളത്തില്‍ ആഭ്യന്തര വകുപ്പു ഭരിക്കുന്നത് എസ്എഫ്‌ഐ ഗുണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന്റെ നിര്‍ദേശാനുസരണമാണു പോലീസ് കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തോടെ വ്യക്തമായി. ഒരു ഡസനിലേറെ കേസുകളിലെ പ്രതിക്കുവേണ്ടിയാണ് ഗോവിന്ദനും പോലീസും അധ്വാനിക്കുന്നത്. പരീക്ഷാത്തട്ടിപ്പും ആള്‍മാറാട്ടവും നിയമനത്തട്ടിപ്പുമെല്ലാമായി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തകര്‍ത്തെന്നും മുരളീധരന്‍.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും പോരു തന്നെ. പാര്‍ട്ടിയില്‍ എ, ഐ ഗ്രൂപ്പുകള്‍ പൊതുവേദിക്ക് ഒരുങ്ങുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ ഇരു ഗ്രൂപ്പിനും പൊതുസ്ഥാനാര്‍ഥിയില്ല. ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. എ ഗ്രൂപ്പില്‍ ചര്‍ച്ച തുടരുകയാണ്. കെ സി വേണുഗോപാല്‍ പക്ഷവും വി ഡി സതീശന്‍- കെ സുധാകരന്‍ പക്ഷങ്ങളും രംഗത്തുണ്ട്.

നൈജീരിയയില്‍ തടവിലായ കപ്പല്‍ ജീവനക്കാരായ മലയാളികള്‍ സുരക്ഷിതരായി നാട്ടിലെത്തി. എണ്ണ മോഷണവും സമുദ്രാതിര്‍ത്തി ലംഘനവും ആരോപിച്ച് പത്തു മാസം മുന്‍പാണ് ഇവരെ തടവിലാക്കിയത്. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് എന്നിവരടക്കമുള്ളവരാണ് തിരിച്ചെത്തിയത്.

ജോലിക്കു വ്യാജരേഖ ചമച്ചെന്ന കേസിലെ പ്രതി കെ. വിദ്യക്കും കാലടി മുന്‍ വിസി ഡോ. ധര്‍മരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം. കാലടി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ കുഞ്ഞിമുഹമ്മദ്, റൈഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.

ഫേസ് ബുക്ക് പോസ്റ്റിനു ലൈക്ക് നല്‍കിയതിന് നോര്‍ത്ത് പറവൂര്‍ എസ്എച്ച്ഒ ഷോജോ വര്‍ഗീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ പത്രങ്ങളെ സ്വാധീനിച്ച് ഇല്ലാതാക്കിയെന്ന ഫേസ്ബുക്ക് കുറിപ്പിനു ലൈക്ക് നല്‍കിയെന്നാണ് ആരോപണം.

അഞ്ചു ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേരള – കര്‍ണാടക -ലക്ഷദ്വീപ് തീരത്ത് മല്‍സ്യബന്ധനത്തിനു പോകരുതെന്നു ജാഗ്രതാ നിര്‍ദേശം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നു മുന്നറിയിപ്പുണ്ട്.

മരം മുറിക്കുന്നതിനിടെ വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് (43) മരിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. ചികില്‍സാ പിഴവെന്ന് പരാതിയുമായി ബന്ധുക്കള്‍.

തൃശൂരില്‍ ഹോസ്റ്റലില്‍ ടെക്‌സ്റ്റൈല്‍ ഷോറൂം ജീവനക്കാരി തൂങ്ങി മരിച്ചു. തളിക്കുളം സ്വദേശിനി റിന്‍സി എന്ന 24 കാരിയാണു മരിച്ചത്.

കണ്ണൂര്‍ കരുവഞ്ചാല്‍ വായാട്ടുപറമ്പില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് – പാകിസ്ഥാന്‍ തീരത്തേക്ക് നീങ്ങുന്നു. ജൂണ്‍ 14 രാവിലെ വരെ വടക്കുദിശയിയില്‍ സഞ്ചരിച്ച് സൗരാഷ്ട്ര, കച്ച് മേഖലയിലൂടെ പാകിസ്ഥാന്‍ തീരത്ത് എത്തും. ജൂണ്‍ 15 ന് ഗുജറാത്തിലെ മണ്ഡവിക്കും കറാച്ചിക്കും ഇടയില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

തമിഴ്‌നാട്ടില്‍ ബിജെപി 25 സീറ്റില്‍ മല്‍സരിക്കുമെന്നു കേന്ദ്രമന്ത്രി അമിത്ഷാ. സീറ്റു വിഭജനം തങ്ങള്‍ നടത്തുമെന്നും ബിജെപിക്ക് എത്ര സീറ്റു നല്‍കുമെന്നു തങ്ങളാണു തീരുമാനിക്കുകയെന്നും ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ.

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇതര സംസ്ഥാന സര്‍ക്കാരുകളുടേയും അധികാരം സമാന രീതിയില്‍ കവര്‍ന്നെടുക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി രാംലീല മൈതാനത്ത് ആം ആദ്മി പാര്‍ട്ടി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജനങ്ങളെ മോദി – അമിത് ഷാ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും താന്‍ മല്‍സരിക്കുമെന്ന് ബലാല്‍സംഗക്കേസിലെ പ്രതിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജി ഭൂഷണ്‍ സിംഗ് എംപി. യുപിയിലെ കൈസര്‍ഗഞ്ജ് മണ്ഡലത്തില്‍തന്നെ മല്‍സരിക്കുമെന്ന് തന്റെ ശക്തി തെളിയിക്കാന്‍ നടത്തിയ റാലിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ട്ടി പ്രഖ്യാപനമോ പാര്‍ട്ടി വിടുമെന്ന സൂചനയോ നല്‍കാതെ സച്ചിന്‍ പൈലറ്റ്. അച്ഛന്‍ രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ഞയാറാഴ്ച നയപ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കോണ്‍ഗ്രസില്‍തന്നെ സച്ചിന്‍ പൈലറ്റ് തുടരുമെന്നും അഴിമതിക്കെതിരായാണു പോരാട്ടമെന്നും സച്ചിനുമായി അടുപ്പമുള്ള നേതാക്കള്‍ പ്രതികരിച്ചു.

ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍മാരായ നവദമ്പതികള്‍ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണു മരിച്ചത്. ജൂണ്‍ ഒന്നിനാണ് ഇവര്‍ വിവാഹിതരായത്. തലകീഴായി മറിഞ്ഞ ബോട്ട് ഇരുവരേയും കടലിലേക്കു വലിച്ചുകൊണ്ട് പോകുകയായിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *