മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സഹായിക്കുന്ന പൊതുജനങ്ങള്‍ക്കു സര്‍ക്കാര്‍ വക പാരിതോഷികം. 2,500 രൂപ വരെയോ നിയമലംഘകര്‍ക്കു ചുമത്തുന്ന പിഴയുടെ 25 ശതമാനമോ പാരിതോഷികമായി നല്കുമെന്നു വ്യക്തമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണു പാരിതോഷികം.
കേരള സര്‍ക്കാരിന് സംസ്ഥാനത്തെ സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ പ്രത്യേക വകുപ്പ് സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വ്യാജരേഖ ചമച്ചു ജോലി തരപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസ് കോളേജില്‍ പരീക്ഷ എഴുതാതെ ജയിച്ച മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ അതിവേഗ നടപടികളുമായി ക്രൈം ബ്രാഞ്ച്. ക്രൈം ബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോളേജില്‍ എത്തി പ്രിന്‍സിപ്പല്‍ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തു. കേസില്‍ അഞ്ചു പ്രതികളാണുള്ളത്.
വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസില്‍ നടപടി സ്വീകരിക്കും. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നില്‍ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും ഗോവിന്ദന്.
കേരള സര്‍വകലാശാലയിലെ 39 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാര്‍ പ്രായപരിധി കഴിഞ്ഞതായി കണ്ടെത്തി. ഇവരെ അയോഗ്യരാക്കും. കാട്ടാക്കട കോളജിലെ യുയുസി ആള്‍മാറാട്ടം വിവാദമായിരിക്കേയാണ് യുയുസിമാരുടെ പ്രായം പരിശോധിച്ചത്.
യുയുസി ആള്‍മാറാട്ടം നടന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണമെന്നു കേരള യൂണിവേഴ്സിറ്റി. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാനാണ് സിന്റിക്കേറ്റ് ആവശ്യപ്പെട്ടത്.
കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോടു കൂടിയ മഴക്കു സാധ്യത.
കോണ്‍ഗ്രസിലെ ചേരിപ്പോരു പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിങ്കളാഴ്ച കേരളത്തിലെത്തും. കെപിസിസി പ്രസിഡന്റ്, ഗ്രൂപ്പു നേതാക്കള്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ചര്‍ച്ച നടത്തും.
കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമാവുകയാണെന്ന വിവാദ പരാമര്‍ശവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്. പാര്‍ട്ടി നാമാവശേഷമാകുമ്പോള്‍ നമ്മള് കൂടി ചവിട്ടിതാഴ്ത്താന്‍ ശ്രമിക്കുകയാണ്. ചന്ദ്രശേഖരന് പറഞ്ഞു. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. അംഗന്‍വാടി ആന്‍ഡ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചന്ദ്രശേഖരന്.
കോഴിക്കോട് കൂടരഞ്ഞിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ബൈക്ക് യാത്രക്കാരായ കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യന്‍, കക്കാടംപൊയില്‍ തോട്ടപ്പള്ളി കുന്നത്ത് ജിബിന്‍ എന്നിവരാണു മരിച്ചത്.
ആലുവ യുസി കോളജിനു സമീപം ഫുട്ബോള്‍ കളിക്കുന്നതിനിടെ ആല്‍മരം ഒടിഞ്ഞ് വീണ് ഏഴു വയസുകാരന് മരിച്ചു. കരോട്ടുപറമ്പില്‍ രാജേഷിന്റെ് മകന് അഭിനവ് കൃഷ്ണയാണ് മരിച്ചത്. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്.
മഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്കെതിരേ പോലീസ് ഗൂഢാലോചന കുറ്റം ആരോപിച്ചു കേസെടുത്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തത്.
വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. രണ്ടു പേര് ഒളിവിലാണ്.
അതിരപ്പിള്ളി വെറ്റിലപ്പാറ അരൂര്‍ മുഴിയിലെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശിയായ അശോക് (35) ആണു മരിച്ചത്.
കോഴിക്കോട് കൊടിയത്തൂരില്‍ രണ്ടു കുട്ടികള്‍ക്കു നീര്‍നായയുടെ കടിയേറ്റു. കൊടിയത്തൂര്‍ കാരാട്ട് കുളിക്കടവില്‍ കുളിക്കുകയായിരുന്ന റാബിന് (13), അദ്ഹം (13) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് കടിയേറ്റത്.
കണ്ണൂര്‍ എരഞ്ഞോളി കുടക്കളത്ത് കിണറ്റില്‍ വീണ ആറു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.
കര്‍ണാടകയില്‍ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിര്‍വഹിക്കും. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാ?ഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ സര്‍ക്കാരിന്റെ ഗോശാലയില്‍ പശുക്കള്‍ ചത്തനിലയില്‍. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ നല്‍കിയിട്ടില്ലെന്നും ചികിത്സ നല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഡല്‍ഹി കലാപക്കേസ് കെട്ടിച്ചമച്ചതെന്നു കോടതി. തെളിവില്ലാത്തതിനാല്‍ പ്രതിയായ നൂര്‍ മുഹമ്മദിനെ വെറുതെവിട്ട പോലീസിനെ നിശിതമായി വിര്‍മശിക്കുകയും ചെയ്തു. കര്‍ക്കദ്ദൂമ കോടതിയാണ് വിധി പ്രസ്താവിച്ചത്.
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 15 വരെ നീട്ടി. കലാപമുണ്ടായ മെയ് മൂന്നിന് ആരംഭിച്ചതാണു നിരോധനം.
എന്‍സിപിക്കു രണ്ടു വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചു. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ, സീനിയര്‍ നേതാവ് പ്രഫുല്‍ പട്ടേല്‍ എന്നിവരെയാണു വര്‍ക്കിംഗ് പ്രസിഡന്റുമാരായി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ നിയമിച്ചത്. ഇരുവരേയും അഭിനന്ദിച്ച് അജിത് പവാര്‍ ട്വിറ്റു ചെയ്തിട്ടുണ്ട്.
മുംബൈയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിനു മുകളില്‍ കയറി ആരുമറിയാതെ നടത്തിയ ബിയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 19 കാരി ഏഴാം നിലയില്‍നിന്നു വീണു മരിച്ചു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും മറ്റൊരു സുഹൃത്തും ചേര്‍ന്നാണു ബിയര്‍ പാര്‍ട്ടി നടത്തിയത്. പോലീസ് രണ്ടു യുവാക്കളേയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നു.
ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നു ഗുസ്തി താരങ്ങള്‍. തങ്ങള്‍ നേരിടുന്ന സമ്മര്‍ദം എത്ര വലുതാണെന്ന് ചില അധികാരികള്‍ക്കു മനസിലാകുന്നില്ലെന്ന് സാക്ഷി മാലിക്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഉദര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാവരുടേയും പ്രാര്‍ത്ഥനാ സഹായം വേണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.