ഏക സിവില്‍ കോഡിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും കേസുകളുമായി വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും സംവാദ, സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ നാളെ യുഡിഎഫ് യോഗം. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായെങ്കിലും ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇടപെടണമെന്ന സമ്മര്‍ദമാണു ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരിക്കുന്നത്.
വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ ദുരിദാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
അടുത്ത വ്യാഴാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പ്. മത്സ്യബന്ധനത്തിനു പോകരുതെന്ന് നിര്‍ദേശമുണ്ട്.
ഇടുക്കി വണ്ടന്‍മേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരടക്കം അഞ്ചംഗ സംഘമാണ് കുളത്തിലിറങ്ങിയത്.
മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ എ.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 96 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാളെ വൈകുന്നേരത്തോടെ മൃതദേഹം തലശേരിയിലേക്കു കൊണ്ടുവരും.
ഏക സിവില്‍ കോഡില്‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോടു മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
കാസര്‍ഗോഡ്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്നു മുഴക്കവും ചെറിയതോതില്‍ വിറയലും അനുഭവപ്പെട്ടു.
അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തെരുവുനായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറില്‍ റീജന്‍ – സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെയാണ് തെരുവു നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് പള്ളിത്തുറയില്‍ കാറിലും വീട്ടിലുമായി 150 കിലോ കഞ്ചാവും 500 ഗ്രാം എംഡിഎംഎയുമായി നാല് പേരെ അറസ്റ്റു ചെയ്തു.
കോട്ടയം പാലായ്ക്കടുത്ത് വലവൂരില്‍ രണ്ടു ദിവസം മുമ്പു കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ഇവരുടെ സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ സ്വയം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് അതിഥിയായി വന്ന് ഡയമണ്ട് നെക്ലെസ് ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) യെയാണ് കോടനാട് പൊലീസ് അറസ്റ്റു ചെയ്തത്.
ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ക്കെതിരേ വിവാദ കമന്റുകളുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേ കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ഇന്‍ഡോര്‍ പോലീസാണു കേസെടുത്തത്.
ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ ചെന്നൈയില്‍ യുവതി ട്രെയിനില്‍നിന്നു വീണുമരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 22 കാരി ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. ഫോണ്‍ തട്ടിയെടുത്ത രണ്ടു പ്രതികളെയും പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസില്‍ വിശാഖപട്ടണത്ത് അറസ്റ്റിലായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിനിമാതാരവുമായ സ്വര്‍ണലതയെ നാവിക സേനിയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പണം തട്ടിയെ കേസിലും അറസ്റ്റു ചെയ്തു. 500 രൂപ തന്നാല്‍ രണ്ടായിരം രൂപയാക്കി മടക്കിത്തരുമെന്നു വിശ്വസിപ്പിച്ച് 12 ലക്ഷം രൂപയാണ് സിഐയും കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡും അടക്കമുള്ള നാലംഗ സംഘം തട്ടിയെടുത്തത്.
പബ്ജി കളിയിലൂടെ പരിചയപ്പെട്ട കാമുകനെ കല്യാണം കഴിക്കാന്‍ സ്വത്തെല്ലാം വിറ്റ് നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ സീമ എന്ന പാക്കിസ്ഥാന്‍കാരിയെ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനിലെ ഭര്‍ത്താവ് ഗുലാം ഹൈദര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശം പുറത്തുവിട്ടു.
ഡല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എന്ജിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരന്‍ ആയുഷ് അഷ്‌നയാണ് കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.