night news hd 4

 

കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കോഴിക്കോട്, കാസര്‍കോട്, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. കണ്ണൂരില്‍ സര്‍വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പിള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരത്തുനിന്നു വീടുകളൊഴിഞ്ഞു. അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മിക്ക ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലി മൂലം വന്‍നാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. അട്ടപ്പാടി ചുരത്തില്‍ വൈദ്യുതി ലൈനിലേക്കു മരം വീണ് ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. തിരുവല്ലയില്‍ പള്ളി തകര്‍ന്നുവീണു.

കണ്ണൂരിലെ നാലുവയലില്‍ വീടിനു മുന്നിലെ വെള്ളക്കെട്ടില്‍ തെന്നിവീണ് ഒരാള്‍ മരിച്ചു. താഴത്ത് ഹൗസില്‍ ബഷീര്‍ (50) ആണ് മരിച്ചത്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനു മുകളില്‍ മരം വീണു. അഗ്നിരക്ഷാസേന എത്തി മുറിച്ചുനീക്കി.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇനി പിഎച്ച്ഡി നിര്‍ബന്ധമല്ലെന്ന് യുജിസി. നെറ്റ്, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്എല്‍ഇടി) എന്നിവ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമായി നിശ്ചയിച്ചു. അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കുമെന്ന് യുജിസി അറിയിച്ചു.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വര്‍ഷം നവംബറില്‍ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടിയിരുന്നു.

ഏകീകൃത സിവില്‍ കോഡിനെതിരെ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്‍ അനവസരത്തിലായിരുന്നെന്ന് കെപിസിസി നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.

സംസ്ഥാന ബിജെപി പ്രസിഡന്റായി തന്നെ നിയമിക്കുമെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളിധരന്‍. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ചും അറിയില്ല. വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് താനിപ്പോള്‍ വഹിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് മുരളീധരന്‍ പ്രതികരിച്ചു.

കേസന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാതിരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ 2500 രൂപ പിഴ അടയ്ക്കണമെന്നും ഹൈക്കോടതി. പിഴ ഒടുക്കിയശേഷം 24 നകം റിപ്പോര്‍ട്ട് ഹാജരാക്കണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു നടപടി.

കുതിരാനു സമീപം വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞയാഴ്ച വിള്ളല്‍ കണ്ട സ്ഥലത്ത് വലിയ കുഴി. പത്തു മീറ്ററോളം നീളത്തില്‍ ഒരടിയിലേറെ റോഡ് താഴ്ന്നു. ഇനിയും കൂടുതല്‍ ഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി. അവധി കഴിഞ്ഞ് ആസാമിലേക്കു വിമാനമാര്‍ഗം പോയ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ സോനു കൃഷ്ണ (35) നെയാണ് കാണാതായത്. ജൂലൈ ഒന്നിനാണ് ആസാമിലേക്കു വിമാനമാര്‍ഗ്ഗം പോയത്. വിമാനമിറങ്ങിയ സോനു എടിഎമ്മില്‍നിന്ന് 5,000 രൂപ പിന്‍വലിച്ചിരുന്നു. രണ്ടാം തീയതി രാവിലെ ഒമ്പതോടെ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. രാത്രി എട്ടോടെ ഫോണ്‍ റിംഗ് ചെയ്തെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായെന്നാണു കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരിക്കുന്നത്.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് രാജിവച്ചു. എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് രാജി. സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

ചാലക്കുടിയില്‍ ബ്യൂട്ടീഷ്യന്‍ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ജു സുഭാഷും സെക്രട്ടറി ഷിബി സുള്‍ഫിക്കറും ആവശ്യപ്പെട്ടു.

എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാറിനെ നീക്കിയെന്നും അജിത്ത് പവാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തെന്നും എന്‍സിപി വിമതപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുത്തതെന്ന് അറിയിപ്പില്‍ പറയുന്നു. ആകെയുള്ള 53 എംഎല്‍എമാരില്‍ നാല്‍പത് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അയോഗ്യരാകാതിരിക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണു വേണ്ടത്. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും ശരത് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംഎല്‍എമാരുമാണു പങ്കെടുത്തത്. ശരത് പവാര്‍ പക്ഷവും തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കിയിട്ടുണ്ട്.

83 വയസായ ശരദ് പവാര്‍ വിരമിക്കണമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. ഇനി എന്നാണ് ഇതൊക്കെ നിര്‍ത്തുക? റിട്ടയര്‍മെന്റ് പ്രായം എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്കു മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍. സിദ്ധി ജില്ലയിലെ പ്രവേശ് ശുക്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്തത്.

സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ഈ മാസം 19 വരെ നീട്ടി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമച്ചെന്നാണ് ടീസ്തക്കെതിരായ കേസ്. ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.

രാജ്യത്തെ ഇന്ധനോപയോഗം ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയുമായാല്‍ പെട്രോള്‍ ഉപയോഗം കുറയുമെന്നും വില 15 രൂപയാകുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഢില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *