നഴ്‌സിംഗ് പഠനത്തിനു പൊതുപ്രവേശന പരീക്ഷയും നഴ്‌സുമാര്‍ക്കും പ്രസവ ശുശ്രൂഷകര്‍ക്കും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്ന ദേശീയ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കമ്മീഷന്‍ ബില്‍ ലോക്‌സഭ പാസാക്കി. സ്ഥാപിക്കുന്ന കമ്മീഷനില്‍ മന്ത്രിമാരും രംഗത്തെ വിദഗ്ധരും അടക്കം 29 പേരുണ്ടാകും. 1947 ലെ ദേശീയ നഴ്‌സിംഗ് കൗണ്‍സില്‍ ആക്ട് അസാധുവാക്കിയാണു പുതിയ നിയമം നടപ്പാക്കുക. ദേശീയ ഡെന്റല്‍ കമ്മീഷന്‍ ബില്ലും ലോക്‌സഭ പാസാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് രണ്ട് ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
‘ഇന്ത്യ’യെ പേടിച്ച് ബിജെപി എംപിമാര്‍. ഭരണഘടനയിലുള്ള ഇന്ത്യ എന്ന പേര് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ദുരുപയോഗിക്കുന്നതു തടയണമെന്ന് ബിജെപി എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡില്‍ നിന്നുള്ള എംപി നരേഷ് ബന്‍സലാണ് രാജ്യസഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്. രാജ്യസഭയിലെ ചെയറില്‍ പിടി ഉഷയായിരുന്നു. വിഷയം അവതരിപ്പിച്ചതില്‍ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു ബഹളംവച്ചു.
സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. സെലക്ഷന്‍ കമ്മിറ്റി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കി. അതിലുണ്ടായ പരാതികള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അട്ടിമറിച്ചത് വേലി തന്നെ വിളവു തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖലയെ എകെജി സെന്ററാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിനു കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കാത്ത് അതുകൊണ്ടാണെന്നും സുധാകരന്‍.
സിപിഎം നേതാവ് പി ജയരാജന്റെ ‘മോര്‍ച്ചറി’ പ്രയോഗം പ്രാസമൊപ്പിച്ചുള്ള പ്രസംഗത്തിലെ ഭാഷാ ചാതുര്യം മാത്രമായി കണ്ടാല്‍ മതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുവമോര്‍ച്ചയോടു ചേര്‍ത്ത് മോര്‍ച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നാണ് ഇ പി ജയരാജന്റെ വിശദീകരണം.
ലേബര്‍ ഓഫീസില്‍ ചര്‍ച്ചയ്ക്കിടെ നഴ്‌സുമാരെ മര്‍ദ്ദിച്ച തൃശൂരിലെ നെയ്ല്‍ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ തൃശൂരില്‍ നഴ്‌സുമാര്‍ പണിമുടക്കും. യുഎന്‍എ പിന്തുണയോടെയാണ് പണിമുടക്ക്.
ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്നു കേസെടുത്ത പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് ജീവനോടെ ഹാജരായതോടെ പുതിയ കഥകളുമായി പോലീസ്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ ദിവസം ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ മര്‍ദ്ദിച്ച് മരിച്ചെന്നു കരുതി പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഉപേക്ഷിച്ചുപോയെന്നാണു പോലീസ് തയാറാക്കുന്ന പുതിയ കേസ്. ഭാര്യയുടെ ആള്‍ക്കാരുടെ മര്‍ദനം സഹിക്കാനാകാതെ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നാണ് നൗഷാദും നല്‍കിയ മൊഴി.
കെപിസിസി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രന്റെ മരണത്തിനിടയാക്കിയ മാനസിക സമ്മര്‍ദം പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാറും സുബോധനുമായിരുന്നു അന്വേഷണ കമ്മിറ്റ് അംഗങ്ങള്‍. ചില വ്യക്തികളുടെ പ്രേരണയാലാണു മകന്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊന്നാനിയില്‍ ഭാര്യ സുലൈഖയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് യൂനുസ് കോയയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ‘ഉമ്മയെ കൊന്ന ഉപ്പയെ തൂക്കിക്കൊല്ലണ’മെന്ന് വിളിച്ചുപറഞ്ഞ് മക്കള്‍. വൈകാരിക രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. യൂനസ്‌കോയ വിദേശത്തുനിന്ന് എത്തിയതിനു തൊട്ടടുത്ത ദിവസമായിരുന്നു കൊലപാതകം.
വിയ്യൂരില്‍ കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. തൊഴിലാളി മുത്തുപാണ്ടി (49)യാണ് കൊല്ലപ്പെട്ടത്. കെഎസ്ഇബിയുടെ മറ്റൊരു കരാര്‍ തൊഴിലാളി മുത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദര്‍ശനനെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന എത്തിയായിരുന്നു പീഡനം.
ജര്‍മനിയിലും യുകെയിലും നഴ്‌സുമാരെ നിയമിക്കാന്‍ നോര്‍ക്ക മുഖേനെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷയും നോര്‍ക്കയുടെ വെബ് സൈറ്റില്‍.
ഇന്ത്യന്‍ രൂപയില്‍ വിദേശവ്യാപാരം സഗമമാക്കുന്നതിനും ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കാനുമായി 22 രാജ്യങ്ങളില്‍ നിന്നുള്ള വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്ത്യയിലെ 20 ബാങ്കുകള്‍ക്കാണ് അനുമതി. വ്യാപാര ഇടപാടുകള്‍ സുഗമമാക്കാന്‍ ഇന്ത്യയിലെ അംഗീകൃത ഡീലര്‍ ബാങ്കുകള്‍ക്ക് വിദേശത്തുള്ള കറസ്പോണ്ടന്റ് ബാങ്കിന്റെ വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കാനാകും.
തമിഴ്‌നാട്ടിലെ കടലൂരില്‍ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനെതിരായ പിഎംകെ പ്രതിഷേധ സമരം യുദ്ധക്കളമായി മാറി. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരേ പിഎംകെ അധ്യക്ഷന്‍ അമ്പുമണി രാംദോസിന്റെ നേതൃത്വത്തിലായിരുന്നു സമരം. കല്ലെറിഞ്ഞ സമരക്കാരെ നേരിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിട്ടും ഫലിക്കാതെയാണ് വെടിവച്ചത്.
പൂനയിലെ ഭീമ – കൊറോഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധം ആരേപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേര എന്നിവര്‍ക്കു സുപ്രീം കോടതി ജാമ്യം നല്‍കി. യുഎപിഎ ചുമത്തി 2018 ലാണ് ഇവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അഞ്ചു വര്‍ഷം ജയിലില്‍ കിടന്ന ഇവരെ ഇനിയും വിചാരണ നടത്താതെ ജയിലില്‍ അടയ്ക്കുന്നതു ന്യായമല്ലെന്നു കോടതി നിരീക്ഷിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായി പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തക ശകുന്തളയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. ഉഡുപ്പി കേസ് ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തെ സിദ്ധരാമയ്യയുടെ മരുമകള്‍ക്കോ ഭാര്യക്കോ ഇങ്ങനെ സംഭവിച്ചാല്‍ ഇങ്ങനെ പറയുമോ എന്നു ചോദിച്ചുള്ള പോസ്റ്റിനാണ് അറസ്റ്റ്.
ലോക വിപണിയില്‍ അരിവില കുതിച്ചുയരുന്നു. ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെയാണ് വിയറ്റ്‌നാമില്‍നിന്നും തായ്ലന്‍ഡില്‍നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്.