night news hd 20

 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്കുള്ളതാണ്. പാവപ്പെട്ട ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളിലുള്ളത്. ഈ പണം നഷ്ടമാകുന്നത്. സംഘങ്ങളില്‍ അവര്‍ക്കു വിശ്വാസം നഷ്ടപ്പെടുത്തും. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അക്കൗണ്ടുകള്‍ മരവിപ്പിച്ചതു ചോദ്യം ചെയ്ത് പ്രതിയായ അലി സാബ്‌റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. ആറു ഗഡു ഡിഎ അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. സെക്രട്ടേറിയറ്റിലേയും സഹകരണ വകുപ്പിലേയും ജീവനക്കാര്‍ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അയോധ്യ രാമക്ഷേത്രത്തില്‍ ഭഗവാന്‍ രാമന്‍ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് മോദി പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നല്‍കിയത്. ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിന്റെ മാത്രമല്ല വിനയത്തിന്റെ ദിനംകൂടിയാണിതെന്നും മോദി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതും ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതും ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യപങ്കാളിയായത് ശരിയായ നടപടിയല്ല. എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പാക്കാന്‍ ഭരണഘടനയനുസരിച്ചു സത്യപ്രതിജ്ഞ എടുത്തവര്‍ക്ക് ബാധ്യത ഉണ്ട്. എല്ലാ മതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയന്‍ പറഞ്ഞു.

അയോധ്യയില്‍ പ്രതിഷ്ഠിച്ചതു ബിജെപിയുടെ രാമനാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ഗാന്ധിജി വെടിയേറ്റു കൊല്ലപ്പെട്ട ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്. സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കേവലം ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നരേന്ദ്ര മോദി- മോഹന്‍ ഭഗവത്- യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണം വൈകിയതിനു രാമനോടു മാപ്പു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെ സ്ത്രീകളോടു മാപ്പു പറയുമോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് അദ്ദേഹമെന്നും ബിനോയ് വിശ്വം എക്‌സില്‍ കുറിച്ചു.

വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വായിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അനുമതി. സര്‍ക്കാറിനോട് വിശദീകരണം ചോദിക്കാതെയാണ് രാജ്ഭവന്‍ പ്രസംഗത്തിന് അംഗീകാരം നല്‍കിയത്. സാമ്പത്തികപ്രതിസന്ധിക്കു കേന്ദ്രനയമെന്ന കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ ഉണ്ടെന്നാണ് സൂചന.

ഹൗസ് ബോട്ടുകള്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിന് സമര്‍പ്പിച്ചു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭമുണ്ടായെന്നാണ് കണക്ക്. ഇതേസമയം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ലഭിച്ചതില്‍ മന്ത്രി ക്ഷുഭിതനാകുകയും ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു. വാര്‍ഷിക കണക്ക് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഗതാഗത മന്ത്രി നിര്‍ദേശിച്ചു.

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമയബന്ധിതമായി പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്‌നിപര്‍വ്വതമായ അര്‍ജന്റീന – ചിലി അതിര്‍ത്തിയിലെ ഓഗോസ് ദെല്‍ സലോദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍. 22,600 അടി ഉയരമുള്ള അഗ്‌നിപര്‍വ്വതം പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ ഷെയ്ഖ് ഹസന്‍ ഖാനാണ് കീഴടക്കിയത്. എം എ അലി അഹമ്മദ് ഖാന്റെയും ജെ ഷാഹിദയുടെയും മകനാണ് ഈ മുപ്പത്താറുകാരന്‍.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ധാരണയനുസരിച്ച് രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കോണ്‍ഗ്രസിന്റെ ടി.ഒ. മോഹനന്‍ രാജിവച്ചതിനാലാണു തെരഞ്ഞെടുപ്പു നടത്തിയത്.

ഇടുക്കി ബി എല്‍ റാമില്‍ കാട്ടാനയായ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന സൗന്ദര്‍രാജനാണ് (60) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന കൊച്ചു മകന്‍ ഓടി രക്ഷപ്പെട്ട് നാട്ടിലെത്തിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് കാസര്‍ഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയതിനെതിരേ അന്വേഷണം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ബദലായി കൊല്‍ക്കത്തയിലെ കാളീഘട്ടില്‍ മതസൗഹാര്‍ദ റാലി നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കാളീഘട്ട് ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം ആരംഭിച്ച റാലി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചാണു മുന്നേറിയത്. അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നാടകമാണെന്ന് മമത വിമര്‍ശിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *