രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആസാമിലെ ലഖിംപൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. നിയമനടപടി സ്വീകരിക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. വാഹനങ്ങള്‍ തകര്‍ത്തത് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഗുണ്ടകളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ ഡിവൈഎഫ്ഐ കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല ഒരുക്കി പ്രതിഷേധിച്ചു. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് മുതല്‍ തലസ്ഥാനത്ത് രാജ്ഭവന് വരെ ജനലക്ഷങ്ങള്‍ ചങ്ങലയില്‍ കണ്ണികളായി. കാസര്‍കോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന് അവസാന കണ്ണിയായി.
സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കണക്കു നല്‍കിയിട്ടും കേന്ദ്രം പിടിച്ചുവച്ച തുകയുടെ വിവരവും വെളിപെടുത്തണം. യുഡിഎഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും ഇന്ന് സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധി പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡല്‍ഹിയില്‍ സമരത്തിനു പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
സിഡ്കോ തട്ടിയെടുത്ത മൂന്നര കോടി രൂപ തിരിച്ചു തരണമെന്ന ആവശ്യവുമായി വിദേശ കമ്പനി ലോകായുക്തയെ സമീപിച്ചു. ഡി അമോണിയം ഫോസ്ഫേറ്റ് ഇറക്കുമതി ചെയ്യാനായി കരാര്‍ പ്രകാരം നല്കിയ ബാങ്ക് ഗ്യാരണ്ടിയാണ് ഒമ്പത് വര്‍ഷമായി തിരികെ നല്‍കാത്തത്. ഹര്‍ജിയില്‍ വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും ലോകായുക്ത നോട്ടീസ് അയച്ചു. സജി ബഷീര്‍ സിഡ്കോ എംഡിയായിരുന്നപ്പോഴാണ് തട്ടിപ്പിന്റെ തുടക്കം.
മാത്യു കുഴല്നാടന് എംഎല്‍എ പങ്കാളിയായുള്ള ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്ന് വിജിലന്‍സ്. അധിക ഭൂമി തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ മൊഴി ഇന്നു രേഖപ്പെടുത്തിയിരുന്നു. അധികഭൂമിയുണ്ടെങ്കില് തിരികെ നല്‍കുമെന്ന് കുഴല്നാടന് പ്രതികരിച്ചു.
ഹോട്ടലുകളില്‍നിന്ന് നല്കുന്ന പാഴ്സലുകളില്‍ ഭക്ഷണം തയാറാക്കിയ സമയം ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് വ്യക്തമാക്കി. ഹോട്ടലുകളില്‍ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയില്‍ പലതും ദീര്‍ഘനേരം കേടാകാത്തവയാണ്. അസോസിയേഷന് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവു സഹിതം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയാളില്‍നിന്ന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസീല്‍ദാര്‍ പിടിയില്‍. പാലക്കാട് ഭൂരേഖാ തഹസില്‍ദാര്‍ സുധാകരനെയാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്. ഒരേക്കര്‍ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഹൈക്കോടതി ഉത്തരവു സഹിതം രണ്ടു മാസംമുമ്പ് അപേക്ഷിച്ച കഞ്ചിക്കോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിനെതിരേ തെളിവില്ലെന്ന് കോടതി. മുവാറ്റുപുഴ വിജിലന്‍സ് കോടതി കേസ് അവസാനിപ്പിച്ചു.
പത്തനംതിട്ട കൂടല്‍ ബെവ്കോ മദ്യശാലയില്‍നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ എല്‍ ഡി ക്ലര്‍ക്ക് പി. അരവിന്ദ് പത്തനംതിട്ട കോടതിയില്‍ കീഴടങ്ങി. ബാങ്കില്‍ അടയ്ക്കേണ്ട തുകയാണ് പ്രതി തിരിമറി നടത്തിയത്. പണം ഉപയോഗിച്ചു റമ്മി കളിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.
പാലക്കാട് ഒരു കോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറകളില്‍ ബണ്ടിലുകളായി 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. കോയമ്പത്തൂരില്‍നിന്നുള്ള പണം മലപ്പുറത്ത് എത്തിക്കാനായിരുന്നു പരിപാടി.
എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് വഴി പ്രചരിക്കുന്നത് അശ്ലീല ദൃശ്യങ്ങളാണ്. ജില്ലാ നേതൃത്വം സൈബര്‍ സെല്ലില്‍ പരാതി നല്കി.
കായംകുളത്ത് അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജെപി നേതാവായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച തങ്ങളുടെ എല്ലാ ഓഫീസുകള്‍ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവധി പ്രഖ്യാപിച്ചു. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു കേന്ദ്രം അറിയിച്ചു.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. സുരക്ഷയ്ക്കായി ആയിരത്തിലേറെ പോലീസുകാരെ വിന്യസിപ്പിച്ചാണ് എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന.
നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആന്ധ്ര സ്വദേശിയായ ഈമാനി നവീനാണ് അറസ്റ്റിലായത്. ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കാനാണ് കുറ്റകൃത്യം ചെയ്തതെന്നു പോലീസ്. നവംബര്‍ 10 നാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
മ്യാന്മറുമായുള്ള അതിര്‍ത്തി ഇന്ത്യ അടച്ചു. വംശീയ സംഘര്‍ഷംമൂലം പഴയ ബര്‍മയില്‍നിന്ന് സൈനികര്‍പോലും ഇന്ത്യയിലേക്കു പലായനം ചെയ്തിരിക്കേയാണ് അതിര്‍ത്തി അടച്ചത്. അറുന്നൂറോളം സൈനികര്‍ ഇന്ത്യയില്‍ അഭയം തേടിയത്.