മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു സ്വത്തു കണ്ടുകെട്ടിയവര്‍ക്കു പോപ്പുലര്‍ ഫ്രുണ്ടുമായുള്ള ബന്ധവും ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരവും ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശങ്ങളും അറിയിക്കണമെന്നു ഹൈക്കോടതി. 248 പേരുടെ സ്വത്തു ജപ്തിചെയ്‌തെന്ന് സര്‍ക്കാര്‍ കോടതിയിെ അറിയിച്ചിരുന്നു. എന്നാല്‍ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടും ഹര്‍ത്താലിന് അഞ്ചു മാസംമുമ്പേ കൊല്ലപ്പെട്ട പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ജപ്തി ചെയ്തതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തിക്കിരയായ മലപ്പുറത്തെ ലീഗ് പ്രവര്‍ത്തകന്‍ യൂസഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിച്ച ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനവേദിയില്‍ ബിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്.
തിരുവനന്തപുരത്ത് കഴക്കൂട്ടം കാരോട് റോഡില്‍ മേല്‍പാലം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ കെ ആന്‍സലര്‍ എംഎല്‍എ ധര്‍മ ഉദ്ഘാടനം ചെയ്തതിനു പിറകേയാണ് സ്റ്റേജ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.
പതിനേഴു മാസത്തെ ശമ്പള കുടിശിക എട്ടര ലക്ഷ രൂപ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിച്ചാണ് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയതെന്നു വ്യക്തമാക്കുന്ന രേഖ പുറത്ത്. ശമ്പളം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിവരം. താന്‍ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം.
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചത് വിവേചനമെന്ന് യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ആര്‍.വി രാജേഷ്. തന്റെ ശമ്പളം നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥക്കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ. പത്മനാഭന്‍ നമ്പ്യര്‍ എന്ന എ.കെ.പി നമ്പ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.
കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ ജുനൈസ് വധശ്രമക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ചു ബിബിസി നിര്‍മിച്ച വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചു. സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്‌ഐ അനുമതി തേടിയത്.
പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ നിഷേധിക്കരുതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇടുക്കി പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരന്‍ അടക്കം നാലു പേര്‍ പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ബെവ്‌കോ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് പിടിയിലായത്.
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും മഴയ്ക്കു കാരണമാകും.
കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമനം.
കോഴിക്കോട് മുട്ടക്കള്ളന്മാര്‍ പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന 75,000 രൂപയുടെ 15000 കോഴി മുട്ടകള്‍ ഗുഡ്‌സ് ഓട്ടോറിക്ഷ സഹിതം മോഷ്ടിച്ചെന്ന കേസില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പീറ്റര്‍ സൈമണ്‍ എന്ന സനു (42) മങ്ങോട്ട് വയല്‍ ഇല്ലത്ത് കെ.വി. അര്‍ജ്ജുന്‍ (32) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു.
തൊടുപുഴയില്‍ പണംവച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് തൊടുപുഴയിലെ റോയല്‍ ക്ലബ്ബില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്.
കോഴിക്കോട് ഉണ്ണികുളത്ത് സ്‌ക്കൂള്‍ വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മല്‍ പ്രസാദിന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്.
ഇന്ത്യയിലുള്ളവര്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനത്തേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍. എന്നാല്‍ അനില്‍ കെ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിന്റേയോ യൂത്ത് കോണ്‍ഗ്രസിന്റേയോ നിലപാടല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.
ഗോതമ്പു വില കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗോതമ്പ് വില 37 ശതമാനം ഉയര്‍ന്നു. 2023 ല്‍ ഏഴ് ശതമാനം വില വര്‍ധിച്ചു. ഒരു ടണ്ണിന് 29,375 രൂപയാണ് വില. ഡല്‍ഹിയില്‍ വില 31,508 രൂപയാണ്. ആഭ്യന്തര വിപണിയിലെ ആവശ്യത്തിന് ഗോതമ്പു ശേഖരിക്കാന്‍ വൈകിതയാണ് കാരണം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഗോതമ്പ് ഉല്‍പ്പാദനം ഒരു വര്‍ഷം മുമ്പ് 109.59 ദശലക്ഷം ആയിരുന്നെങ്കില്‍ 2022 ല്‍ 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞു.
പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കു ശേഷമാണ് വില കുറയുമെന്ന സൂചനകള്‍.
ബിബിസി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ ഒളിക്കുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.
ഡല്‍ഹിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹിമാലയന്‍ താഴ്വരയില്‍ നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമി കുലുങ്ങി.
രാഹുല്‍ ഗാന്ധി ഗൃഹപാഠം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉണ്ടായ അഭിവൃദ്ധി മനസിലാക്കാതെയാണ് പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നു പ്രസംഗിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ആയിരകണക്കിന് കിലോമീറ്റര്‍ ഒപ്പം നടന്നിട്ടും ദിഗ്വിജയ് സിംഗ് ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കാന്‍ പഠിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
ആശുപത്രിയില്‍നിന്ന് രക്തം കയറ്റിയപ്പോള്‍ എയ്ഡ്‌സ് ബാധിതനായി മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. ഡെറാഡൂണ്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ശരിവച്ചു. സഹാറന്‍പൂര്‍ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായി മൊഹാലിയിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണു നഷ്ടപരിഹാരം നല്‍േേകണ്ടത്.
രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാത്തതുമൂലം പൈപ്പ് ലൈന്‍ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് താഴെവീണു മരിച്ചു. തിരുപ്പത്തൂര്‍ സ്വദേശി മുപ്പതുകാരനായ തെന്നരശാണ് മരിച്ചത്.
പ്രശസ്തിക്കുവേണ്ടി ബംഗളൂരുവിലെ തിരക്കുള്ള കെ ആര്‍ മാര്‍ക്കറ്റ് മേല്‍പാലത്തിനു മുകളില്‍ നിന്ന് പത്തുരൂപാ നോട്ടുകള്‍ താഴേക്കു വലിച്ചെറിഞ്ഞ് ഗതാഗതക്കുരുക്കുണ്ടാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടും സ്യൂട്ടും ധരിച്ചാണ് ഇയാള്‍ നോട്ടുകള്‍ വാരി വിതറിയത്. ഇവന്റ് മാനേജ്‌മെന്റ് – മാര്‍ക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് കമ്പനിയുടെ പ്രശസ്തിക്കായാണ് ഇതു ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു.
കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയെ എതിര്‍ക്കില്ലെന്ന് ഹൈന്ദവ സംഘടനകളായ ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തും. സിനിമയുടെ പേരില്‍ വിവാദം അരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു.
ബ്രസീലിലെ യാനോമാമി മേഖലയില്‍ പട്ടിണിയിലായിരുന്ന ആദിവാസി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്തു. 16 ആദിവാസികളെയാണ് രക്ഷിച്ചത്. മുന്‍ പ്രസിഡന്റിന്റെ തീവ്രവലതുപക്ഷ നിലപാടുകളാണ് മഴക്കാടുകളില്‍ താമസിച്ചിരുന്ന ആദിവാസികളുടെ വംശഹത്യയിലേക്ക് നയിച്ചതെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചത്.
അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ഡ് മോട്ടോര്‍ 3,200 ജീവനക്കാരെ പിരിച്ചുവിടുന്നു. ജര്‍മ്മനിയിലെ ജീവനക്കാരെയാണ് കൂടുതല്‍ ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് 3,000 പേരെ പിരിച്ചുവിട്ടിരുന്നു,