കേരളത്തിന്റെ റവന്യു വരുമാനത്തില്‍ 36 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സംസ്ഥാന ശരാശരി 45 ശതമാനം കേന്ദ്ര വിഹിതമാണ്. കേന്ദ്രത്തിന്റെ ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നു ചിലര്‍ കള്ള പ്രചാരണമാണു നടത്തുന്നത്. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ആറാം വര്‍ഷത്തിലേക്കു കടന്നിട്ടും സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ക്കു പരിമിതമായ സ്വാധീനമേയുള്ളൂ. മുഖ്യമന്ത്രി പറഞ്ഞു.
പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളില്‍ ഒരുകെട്ട് കാണാനില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ ഹൈക്കോടതിയില്‍. 482 ബാലറ്റുകളായിരുന്നു കാണാതായ കെട്ടിലുണ്ടായിരുന്നത്. ടേബിള്‍ അഞ്ചില്‍ എണ്ണിയ പോസ്റ്റല്‍ ബാലറ്റിലെ ഒരു കെട്ടാണ് കാണാതായത്. ഈ പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന്റെ രേഖകളുണ്ട്. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ടിട്ടുമുണ്ട്.
തട്ടേക്കാട് പക്ഷിസങ്കേതം, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ അധ്യക്ഷത വഹിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്.
ഡല്‍ഹിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരേ അതിക്രമം. ഡല്‍ഹി എയിംസ് പരിസരത്ത് പുലര്‍ച്ചെ മൂന്നേകാലോടെ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപമാന ശ്രമം. അക്രമിയായ ഹരീഷ് ചന്ദ്രയുടെ കാറില്‍ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചു. മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു.
കേന്ദ്ര ബജറ്റിനുമുമ്പേ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച് 20,000 കോടി രൂപ സമരഹരിക്കാന്‍ വ്യോമയാന മന്ത്രാലയം. റായ്പൂര്‍, ജയ്പൂര്‍, വിജയവാഡ, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവയുള്‍പ്പെടെ 12 വിമാനത്താവളങ്ങളാണു സ്വകാര്യവല്‍കരിക്കുക. വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ ഈ വര്‍ഷം 8,000 കോടി രൂപ വരുമാനമുണ്ടാക്കാനാണ് പരിപാടി.
അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിനു മാനദണ്ഡമല്ലെന്ന് സുപ്രിം കോടതി കൊളിജീയം. നേരത്തെ ഒരാളുടെ ലൈംഗിക ആഭിമുഖ്യം ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. സ്വവര്‍ഗ്ഗാനുരാഗിയായ സൗരബ് കിര്‍പാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം മടക്കിയിരുന്നു.
ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി തോമസിനെ നിയമിച്ചത് സി പി എം – ബി ജെ പി ഇടനിലക്കാരനായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ വി തോമസിന്റെ ബംഗലുരു – ഡല്‍ഹി യാത്രകള്‍ പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം വ്യക്തമാകുമെന്നും സതീശന്‍ ആരോപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കോടികളുടെ ബാധ്യതയുണ്ടാക്കുന്ന ഈ നിയമന ധൂര്‍ത്ത് എന്തിനുവേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. എന്‍ഡിഎ മുന്നണി വിപുലപ്പെടുത്തും. ഇതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രചാരണം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. വിഷുവിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ വിരുന്നൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കു റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ടത്തിയ കണ്ണൂരിലെ ഭൂമി റെയില്‍വേ 45 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കുന്നു. റയില്‍വേ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റെയില്‍വേ ലാന്റ് ഡെവലപ്‌മെന്റ് അതോറിറ്റി പാട്ടത്തിനു നല്‍കുന്നത്.
ഗുണ്ടാബന്ധത്തിന്റെ പേരില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്‍, വിജിലന്‍സ് ഡിവൈഎസി എം. പ്രസാദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടില്‍ ഡിവൈഎസ്പിമാര്‍ ഇടനിലക്കാരായിയെന്നാണ് ആരോപണം.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. 18 വയസു കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിലും ഇടത് സര്‍ക്കാര്‍ കടംവാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നില്ല. കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം. മോദി സര്‍ക്കാര്‍ കേരളത്തിനു തന്ന സാമ്പത്തിക സഹായത്തെകുറിച്ച് ധവളപത്രമിറക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട്ടില്‍ ലഹരി മാഫിയക്കെതിരെ വിവരം നല്‍കിയതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട്ു വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം പാടില്ലെന്ന് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് പാര്‍ട്ടിയിലെ അവസാന വാക്ക്. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയിലേ പറയാവൂ. ഇപ്പോള്‍ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
മലയിന്‍കീഴ് ബിവറേജസ് മദ്യശാലയ്ക്കു മുന്നില്‍ ഫ്രൂട്ട്‌സ് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വിറ്റ യുവാവ് പിടിയില്‍. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് കാട്ടാക്കട എക്‌സൈസ് സംഘം പിടികൂടിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്‍ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.
ലഖിംപൂര്‍ ഖേരി അക്രമ കേസിലെ പ്രതികളിലൊരാളായ ആശിശ് മിശ്രയുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ആശിഷ് ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്നും ജാമ്യം നല്‍കുന്നത് സമഹൂത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും യുപി സര്‍ക്കാര്‍ വാദിച്ചു.
നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതിന് എതിരായ കേസില്‍ സിനിമാ ടെലിവിഷന്‍ താരം രാഖി സാവന്ദ് അറസ്റ്റില്‍. മുംബൈയിലെ അമ്പോലി പൊലീസാണ് നടിയെ അറസ്റ്റു ചെയ്തത്. തന്റെ മോശമായ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന നടി ഷേര്‍ലിന്‍ ചോപ്രയുടെ പരാതിയിലാണ് പൊലീസ് നടപടി.
ഡല്‍ഹിയില്‍ മതിലില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍. പശ്ചിം വിഹാര്‍ മേഖലയിലാണ് മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പൊലീസ് എത്തി ചുമരിലെ എഴുത്തുകള്‍ മായ്ച്ചു.
ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയുടെ യാത്രാവിലക്ക് എയര്‍ ഇന്ത്യ നാലു മാസത്തേക്ക് കൂടി നീട്ടി.
നല്ല അയല്‍ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അതു യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തീവ്രവാദവും ശത്രുതയും അക്രമവും ഇല്ലാതാക്കണമെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് റസ്ലിംഗ് താരങ്ങളുടെ സമരം രണ്ടാം ദിവസവും തുടര്‍ന്നു. ഡല്‍ഹി ജന്തര്‍ മന്ദിറിലെ സമരത്തിനു പിന്തുണ അറിയിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും എത്തി. സമരക്കാരുടെ കൂട്ടത്തില്‍ ഇരുന്ന ബൃന്ദ കാരാട്ടിനോട് സമരത്തിന് രാഷ്ട്രീയമില്ലെന്നു പറഞ്ഞ് സമരക്കാര്‍ മടക്കിയയച്ചു.
ഇ-കൊമേഴ്സ് ഭീമനായ ആമസോണില്‍ കൂട്ടപിരിച്ചുവിടല്‍. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് 2,300 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി.