മാസപ്പടി കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരിനും എസ്എഫ്‌ഐഒ ഡയറക്ടര്‍ക്കുമെതിരേയാണ് കേസ്. അന്വേഷണത്തിനിടെ എക്‌സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ വീണ വിജയന് നോട്ടീസ് നല്‍കാനിരിക്കേയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി.
കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉജ്വല വിജയമെന്ന് കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് സമരത്തിനെത്തിയത്. തമിഴ്‌നാട്ടില്‍നിന്നുള്ള ജനപ്രതിനിധികള്‍ പാര്‍ലമെന്റിനു സമീപം പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.
ഭാര്യയുടെ പെന്‍ഷന്‍ തുകകൊണ്ടാണ് മകള്‍ വീണ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതു തെറ്റാണെന്ന് കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ്. ഒരു ലക്ഷം രൂപയും വീണതന്നെ വായ്പയായി നല്‍കിയ 78 ലക്ഷം രൂപയുമാണ് നിക്ഷേപമെന്നു ബാലന്‍സ് ഷീറ്റില്‍ വ്യക്തമാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരേ സഭാ സമിതി നടപടിയെടുക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് അടിയന്തരമായി അനുമതി നല്‍കിയത് ഏതു സാഹചര്യത്തിലെന്ന് കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇന്നു കേസു പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട് പഞ്ചായത്ത് പാര്‍ക്കിന് അനുമതി നല്‍കിയത്. 2018 ല്‍ അടച്ചുപൂട്ടിയ പിവിആര്‍ നാച്ചുറല്‍ പാര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനം ഒഴിവാക്കിത്തരണമെന്നു ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയ ബിജു പ്രഭാകര്‍ ഈ മാസം 17 വരെ അവധിയെടുത്തു. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള വിയോജിപ്പുമൂലമാണ് അവധി. അവധിയെടുത്തു വിദേശത്തു പോയിരുന്ന ബിജു പ്രഭാകര്‍ കഴിഞ്ഞ മാസം 28 ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസില്‍ പോകാതെ മാറി നില്‍ക്കുകയാണ്.
ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ച കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുകയാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്‌കാര ചടങ്ങില്‍ മനുവിന്റെ ചങ്ങാത് ജെബിനു പങ്കെടുക്കാമെന്നും വീട്ടുകാര്‍ സമ്മതിച്ചു. മനുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജെബിന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് ആനയുടെ കൊമ്പ് ഒടിഞ്ഞുപോയി. തൃശൂര്‍ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്.
വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിക്കണമെന്നാണ് ആവശ്യം. കുറ്റവാളികളെ രക്ഷിക്കാന്‍ തുടക്കംമുതലേ പോലീസ് ശ്രമിച്ചെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും അതുകൊണ്ടാണു പ്രതിയെ വെറുതെ വിട്ടതെന്നും ഹര്‍ജിയില്‍ അമ്മ ആരോപിച്ചു.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ഹൗസിലാണ് കൂടിക്കാഴ്ച.
കേരളത്തില്‍നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ രാവിലെ കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. ആസ്താ സ്‌പെഷല്‍ ട്രെയിനുകളില്‍ 3,300 രൂപയാണു ടിക്കറ്റ് നിരക്ക്.
ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് ഏഴു വര്‍ഷം തടവും, 50,000 രൂപ പിഴയും ശിക്ഷ. ഭര്‍ത്താവിനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. തണ്ണീര്‍മുക്കം വാരണം പുത്തേഴത്ത് വെളിയില്‍ ഷാജിയുടെ ഭാര്യ ഐഷയെയാണ് കോടതി ശിക്ഷിച്ചത്. ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് ചിറ വീട്ടില്‍ കുഞ്ഞുമോന്‍ – നജ്മ ദമ്പതികളുടെ മകള്‍ തസ്‌നി (22) ആണ് ഭര്‍തൃവീട്ടില്‍ 2018 ല്‍ ആത്മഹത്യ ചെയ്തത്.
മലയാളി യുവ വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ് മരിച്ചത്. ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരുടെ മകനാണ്. ഭാര്യ പെട്രീഷ്യ ജോഷ്വയുമായി വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കേയാണ് ഹൃദ്രോഗംമൂലം മരിച്ചത്.
ചാലക്കുടിയില്‍ ഐവിഷന്‍ ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടന്ന വീട്ടില്‍ ഗൃഹനാഥനായ 53 കാരന്റൈ മൃതദേഹം. കുറ്റാലപ്പടിയില്‍ ബാബുവാണ് മരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ വിവരിച്ച് കോണ്‍ഗ്രസ് ‘ബ്ലാക്ക് പേപ്പര്‍’ പുറത്തിറക്കി. ‘ദസ് സാല്‍ അന്യായ് കാല്‍’ എന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ‘ബ്ലാക്ക് പേപ്പര്‍’ പുറത്തിറക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ധനകാര്യ മാനേജ്മന്റിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ബ്ലാക്ക് പേപ്പര്‍ ഇറക്കിയത്. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതി ഗുജറാത്തിലെ ഒബിസി വിഭാഗത്തിലെ മോദ് ഗഞ്ച് ജാതിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനു മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപെടുത്തിയത്. 1994 ല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോഴാണ് ഈ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പെടുത്തിയതെന്നും വിശദീകരണമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഡല്‍ഹിയിലേക്കു വീണ്ടും കര്‍ഷക മാര്‍ച്ച്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മാര്‍ച്ച് ഡല്‍ഹിയിലേക്കു പ്രവേശിക്കാതിരിക്കാന്‍ പോലീസ് അതിര്‍ത്തി അടച്ചു. വാഹന പരിശോധന കര്‍ശനമാക്കി. പോലീസിനു പുറമേ റാപിഡ് ആക് ഷന്‍ ഫോഴ്‌സിനേയും രംഗത്തിറക്കിയിട്ടുണ്ട്.
ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ വിദ്വേഷ പ്രചാരണം നടത്തിയെന്നു മദ്രാസ് ഹൈക്കോടതി. അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ ഹിന്ദുസംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പ്രചരിപ്പിക്കാനാണു ശ്രമിച്ചത്. കോടതി നിരീക്ഷിച്ചു